തിരുവനന്തപുരം: വാണിജ്യനികുതി, ലോട്ടറി വകുപ്പുകള്‍ സഹകരിക്കാത്തതുകൊണ്ടാണ് ലോട്ടറി മാഫിയയ്‌ക്കെതിരെ പോലീസിന് നടപടിയെടുക്കാനാവാത്തതെന്ന് അഡീ. ഡി.ജി.പി സിബി മാത്യൂസ് റിപ്പോര്‍ട്ട് നല്‍കി. സാന്റിയാഗോ മാര്‍ട്ടിനെ പ്രതിയാക്കി കേസെടുക്കാനുള്ള സാധ്യത തേടാന്‍ സിബി മാത്യൂസിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശവും നല്‍കി. ഭൂട്ടാനില്‍നിന്ന് മുഖ്യമന്ത്രിക്ക് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.
പോലീസ് സഹകരിക്കാത്തതുകൊണ്ടാണ് വാണിജ്യനികുതി വകുപ്പിന് നടപടിയെടുക്കാനാവാത്തതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഉന്നതതലയോഗത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍, വാണിജ്യനികുതിവകുപ്പ് സഹകരിച്ചില്ലെന്നാണ് മുഖ്യമന്ത്രി തന്നെ രൂപവത്കരിച്ച ലോട്ടറി സെല്ലിന്റെ ചുമതലയുള്ള സിബി മാത്യൂസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
രണ്ടാഴ്ചയിലൊരിക്കല്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സിബി മാത്യൂസിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ചാണ് കഴിഞ്ഞ ദിവസം അദ്ദേഹം ചീഫ് സെക്രട്ടറിക്ക് ആദ്യ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് ഇനി സ്വീകരിക്കേണ്ട നടപടികളെപ്പറ്റി മുഖ്യമന്ത്രി സിബി മാത്യൂസിന് ഫോണില്‍ നിര്‍ദേശം നല്‍കിയത്.
സെക്യൂരിറ്റി പ്രസ്സില്‍ അച്ചടിക്കാത്ത ടിക്കറ്റുകള്‍ കൊണ്ടുവന്നതിനും തിരുത്തിയ രേഖകള്‍ ഹാജരാക്കിയതിനും മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ ജോണ്‍ കെന്നഡിക്കെതിരെ പുതിയ കേസുകള്‍ എടുക്കാനാണ് മുഖ്യമന്ത്രിയുടെ മറ്റൊരു നിര്‍ദേശം. സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവാണ് ജോണ്‍ കെന്നഡി.
നികുതി വെട്ടിച്ചതിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ടിക്കറ്റുകളാണ് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്തത്. എന്നാല്‍ നികുതി കുറച്ച് കാണിച്ചതിനേ കേസെടുത്തുള്ളൂ. ലോട്ടറി ചട്ടങ്ങള്‍ ലംഘിച്ച് സെക്യൂരിറ്റി പ്രസ്സില്‍ അച്ചടിക്കാത്ത വ്യാജടിക്കറ്റുകള്‍ കൊണ്ടുവന്നതിന് കേസെടുത്തില്ല. ഹൈക്കോടതിയാകട്ടെ, നികുതിവെട്ടിപ്പിന് പിഴയീടാക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഉത്തരവിടുകയും ചെയ്തു. കേസെടുത്തതിലെ വീഴ്ചയാണ് ഈ വിധിയിലേക്ക് നയിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ നിഗമനം.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് മജിസ്‌ട്രേറ്റില്‍ നിന്ന് വാറണ്ടുനേടി ലോട്ടറി ഗോഡൗണും മറ്റും പരിശോധിച്ച് പോലീസിന് കേസെടുക്കാം. ഇത് ചട്ടലംഘനത്തിന് നല്ല തെളിവുകളാവും. എന്നാല്‍ ലോക്കല്‍ പോലീസ് ഇതിന് തയ്യാറായില്ല. ഇതിനുശേഷം മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫീസില്‍ ദുരൂഹമായ തീപിടിത്തമുണ്ടായി രേഖകളെല്ലാം കത്തിനശിച്ചു. ഇക്കാര്യത്തില്‍ തെളിവു നശിപ്പിച്ചതിനും കള്ളടിക്കറ്റുകള്‍ കൊണ്ടുവന്നതിനും ജോണ്‍ കെന്നഡിക്കെതിരെ പുതിയ കേസെടുക്കാനുള്ള സാധ്യത അടിയന്തരമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഒക്‌ടോബര്‍ ആറിന് ജോണ്‍ കെന്നഡി പാലക്കാട് വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കിയ രേഖകളിലാണ് കൃത്രിമത്വവും തിരുത്തലും കണ്ടത്. ഭൂട്ടാന്‍ സര്‍ക്കാരും മോണിക്ക ഡിസ്ട്രിബ്യൂട്ടേഴ്‌സും തമ്മിലും മോണിക്കയും പേമാലാദന്‍ കമ്പനിയും തമ്മിലും പേമാലാദനും മേഘയും തമ്മിലും ഉള്ള കരാറുകളുടെ പകര്‍പ്പാണ് ഹാജരാക്കിയത്. ഇതിന്റെ യഥാര്‍ഥരേഖകളുടെ പകര്‍പ്പുകളാണ് മുഖ്യമന്ത്രിക്ക് ഭൂട്ടാനില്‍ നിന്ന് കിട്ടിയിരിക്കുന്നത്. ഈ പകര്‍പ്പുകള്‍ പരിശോധിച്ചാല്‍ കെന്നഡി നല്‍കിയ രേഖകള്‍ വെട്ടിത്തിരുത്തിയതാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും. കെന്നഡിക്കെതിരെ കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവാണിത്.
സാന്റിയാഗോ മാര്‍ട്ടിന്‍ ഭൂട്ടാന്‍ ലോട്ടറി ഡയറക്ടര്‍ക്ക് നല്‍കിയ കത്താണ് ചട്ടലംഘനത്തിന് മറ്റൊരു തെളിവ്. 5001 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങളെല്ലാം വിതരണ ഏജന്‍സി നല്‍കുമെന്നാണ് ഇതില്‍ പറയുന്നത്. ഇത് ലോട്ടറിച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ചട്ടലംഘനത്തിന് സാന്റിയാഗോ മാര്‍ട്ടിനെതിരായി കേസ് എടുക്കാനാവുമോ എന്ന് പരിശോധിക്കാനാണ് സിബി മാത്യൂസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലോട്ടറി കേസ് മുഖ്യമന്ത്രി തന്നെ നോക്കട്ടേയെന്ന് ധനമന്ത്രി തോമസ് ഐസക്.
ലോട്ടറി ഓര്‍ഡിനന്‍സ് കേസില്‍ വക്കീലിനെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഉള്‍പ്പെടുന്ന ഫയലിലാണ് ധനമന്ത്രി ഇങ്ങനെ കുറിച്ചത്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് നല്‍കിയ കേസില്‍ സുപ്രീം കോടതിയിലെ നിതീഷ് ഗുപ്ത എന്ന അഭിഭാഷകനെയാണ് മുഖ്യമന്ത്രി തിരഞ്ഞെടുത്തത്. എന്നാല്‍, എല്ലാം മുഖ്യമന്ത്രി തീരുമാനമെടുക്കട്ടേയെന്നാണ് ഐസക്കിന്റെ നിലപാട്. ലോട്ടറി സംബന്ധിച്ച മറ്റ് കേസുകളിലെല്ലാം അഭിഭാഷകനെ നിശ്ചയിച്ചത് ധനവകുപ്പാണ്. സുപ്രീം കോടതിയിലെ അഭിഭാഷകനായ നാഗേശ്വര റാവുവാണ് ഹാജരായിക്കൊണ്ടിരുന്നത്.
ഓര്‍ഡിനന്‍സിന് എതിരായ കേസ് പുതിയ കേസാണ്. ഇതിലേക്കാണ് മുഖ്യമന്ത്രി നിതീഷ് ഗുപ്തയെ നിശ്ചയിച്ചത്. തന്റെ വകുപ്പിന്റെ കാര്യങ്ങളില്‍ വി.എസ് ഇടപെടുന്നുവെന്ന് ഐസക് സി.പി.എം. സെക്രട്ടേറിയറ്റില്‍ പരാതിപ്പെട്ടിരുന്നു. ഈ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് എല്ലാം വി.എസ്സിന് വിട്ടുകൊടുത്തുകൊണ്ടുള്ള ഈ സമീപനം.
Discussion about this post