Tuesday, July 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗര്‍ഗ്ഗഭാഗവതസുധ – യശോദാനന്ദഗോപ പൂര്‍വ്വജന്മകഥ

by Punnyabhumi Desk
Dec 19, 2012, 04:04 pm IST
in സനാതനം

ചെങ്കല്‍ സുധാകരന്‍

9. യശോദാനന്ദഗോപ പൂര്‍വ്വജന്മകഥ
കാര്യകാരണ സംബന്ധം ലോകത്തിലെല്ലാറ്റിനുമുണ്ട്. അത് സാമാന്യവീക്ഷണത്തില്‍ കാണപ്പെടണമെന്നില്ല. അന്വേഷിച്ചാല്‍ കാണാം ഒരു വേര്‍പടലം ബന്ധിച്ചിരിക്കുന്നത്. അതിനാല്‍ ഇത്, എന്നു പറയത്തക്കവിധം! പുരാണകഥകളെല്ലാം ഇത്തരം സമൂലബന്ധംകൊണ്ട് ദൃഢീകൃതങ്ങളാണ്. സൂക്ഷ്മദൃക്കുകള്‍ കാണട്ടെ എന്നു കല്പിച്ചാകാം ആര്‍ഷകവികള്‍ അവയൊന്നും തെളിച്ചു പറഞ്ഞിട്ടില്ല. കണ്ണുള്ളവന്‍ കാണട്ടെ. എന്നു കരുതിയിട്ടുണ്ടാകുമവര്‍!

ഗര്‍ഗ്ഗാചാര്യര്‍, ഈ പൂര്‍വ്വാപരബന്ധങ്ങളെ വ്യക്തമാക്കി വിത്തും പൊരുളും ഏവയെന്നു വിശദമാക്കിയിട്ടുണ്ട്. ഇതരകൃതികള്‍ക്കില്ലാത്ത സൗഭാഗ്യമാണ് ഇതുമൂലം ഗര്‍ഗ്ഗഭാഗവതത്തിനുണ്ടായിരിക്കുന്നത്. അത്തരം കഥകളിലൊന്നാണ് യശോദനന്ദഗോപ പൂര്‍വ്വജന്മ വൃത്താന്തം.

ശ്രീനാരദ-ബഹുലാശ്വ സംവാദരൂപത്തില്‍ ഗര്‍ഗ്ഗഭാഗവതകഥ തുടരുകയാണ്. നാരദര്‍ഷി ബഹുലാശ്വരാജാവിനോട് ഒരു വിചിത്രകഥ പറഞ്ഞു. ‘ഒരിക്കല്‍ യശോദാദേവി തന്റെ ഓമനക്കുഞ്ഞിനെ തൊട്ടില്‍ നിന്നെടുത്ത് മടിയില്‍വച്ച് ലാളിക്കുകയായിരുന്നു. എത്ര ലാളിച്ചിട്ടും മതിവരാതെ ആ കുഞ്ഞിന്റെ സൗന്ദര്യാതിശയം നുകര്‍ന്ന് അമ്മ ആനന്ദഭരിതയായിരുന്നു.

‘പാദം പിബന്ധമതി ചഞ്ചലമദ്ഭുതാംഗം
വക്ത്രൈഃ വിനീലനവകോമള കേശബന്ധൈഃ
ശ്രീപത്ര കേസരി നഖ സ്ഫുരദര്‍ദ്ധചന്ദ്രം
തം ലാളയന്ത്യതാഘൃണാ മുദമാപ ഗോപീ‘.

(മനോജ്ഞമായ കാല്‍വിരല്‍ ആസ്വദിച്ചും നെറ്റിയിലേക്കും കിടക്കുന്ന നീലച്ചുരുള്‍മുടിയിളക്കിയും സിംഹനഖം കോര്‍ത്ത മാല്യമണിഞ്ഞും പുഞ്ചിരിച്ചുകിടക്കുന്ന ആ സൗന്ദര്യസാരമായ കുഞ്ഞിനെ കണ്ട് യശോദ അത്യധികം സന്തോഷിച്ചു.)

പാല്‍കുടിച്ച് തൃപ്തനായ കുട്ടി ഒരദ്ഭുതം കാട്ടിയത് യശോദാദേവിയെ അമ്പരിപ്പിച്ചു.

‘ബാലസ്യ പീതപയസോ നൃപ ജൃംഭിതഃസ്യാ
തത്ത്വാവൃതം ച വദനേ സകലം വിരാജം
മാതാ സുരാധിപ മുഖൈഃ പ്രയുതം ച സര്‍വ്വം
ദൃഷ്ട്വാപരം ഭയമവാപ നിമീലിതാക്ഷി‘.

(പാല്‍കുടിച്ചു തൃപ്തിയായപോലെ ആ കുഞ്ഞ് ഒന്നു കോട്ടുവായിട്ടു. അങ്ങോട്ടു നോക്കിയ യശോദയ്ക്ക് ആ കുഞ്ഞുവായില്‍ വിശ്വമെല്ലാം കാണുമാറായി. ബൃഹത്തായ വിരാട്‌രൂപം ആ വദനത്തില്‍ കണ്ടു. ഇന്ദ്രാദി ദേവന്മാരെല്ലാം ആ ദേവദേവനെ സ്തുതിക്കുന്നതായും. ഇവയെല്ലാം കണ്ടു പരിഭ്രമവും ഭയവും കലര്‍ന്ന ആ മാതാവ് വേഗം കണ്ണുപൂട്ടിക്കളഞ്ഞു.)

ശ്രീനാരദന്‍ തുടര്‍ന്നു; ‘രാജാവേ, പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണന്റെ മായയാണ് ഈ ലോകത്തെ ഭരിക്കുന്നതെന്ന് യശോദ അറിഞ്ഞു. എങ്കിലും, അതെല്ലാം മറന്ന്, പുത്രസ്‌നേഹം വര്‍ദ്ധിച്ച്, കുഞ്ഞിനെ ലാളിച്ച് സുഖമനുഭവിച്ചു. നന്ദപത്‌നിയായ ആ സാദ്ധ്വിയുടെ ഭാഗ്യം വര്‍ണ്ണിക്കാന്‍ ആര്‍ക്കാണു കഴിയുക?’

പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണനെ പുത്രനായി ലഭിച്ച് ലാളനസുഖമനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ച നന്ദയശോദമാരുടെ ഭാഗ്യത്തില്‍ ബഹുലാശ്വമഹാരാജാവിന് അദ്ഭുതം തോന്നി. അദ്ദേഹം നാരദമഹര്‍ഷിയോടു ചോദിച്ചു.

‘ശ്രീകൃഷ്ണനഭഗവാന്‍ പുത്രനായി ലഭിക്കത്തക്കവിധം ദിവ്യമായ ഏതുതപസ്സാണ് നന്ദ-യശോദമാര്‍ ചെയ്തത്? മുനിമാര്‍ ഏത്രകാലം തപസ്സുചെയ്താലും പ്രത്യക്ഷപ്പെടാത്ത ശ്രീകൃഷ്ണന്‍ പുത്രരൂപത്തില്‍ നന്ദഗൃഹത്തില്‍ കഴിയുന്നത് അത്ഭുതമാണല്ലോ?’ അതിനുള്ള ഹേതു ഏതെന്നറിയാന്‍ താത്പര്യമുണ്ടാവുക സ്വാഭാവികം. കൃഷ്ണകഥാ വിശാരദനായ നാരദനോട് ചോദിക്കുന്നത് മറ്റാരോട് ചോദിക്കുന്നതിനേയുംകാള്‍ നന്നാണുതാനും. ഭക്തോത്തംസവും ജിജ്ഞാസുവുമായ ബഹുലാശ്വന്റെ ചോദ്യത്തിന് നാരദന്‍ ഉചിതമായ മറുപടിപറഞ്ഞു.

‘മഹാരാജാവ് കേട്ടാലും. അഷ്ടവസുക്കളില്‍ പ്രധാനിയായിരുന്നു ദ്രോണന്‍. (ദ്രോണന് ധരന്‍ എന്നും പേരുണ്ട്. ധ്രുവന്‍, സോമന്‍, ആപന്‍, അനലന്‍, അനിലന്‍, പ്രത്യുഷന്‍, പ്രഭാസന്‍ എന്നിവരാണ് മറ്റു വസുക്കള്‍) അദ്ദേഹം ധര എന്ന പത്‌നിയോടൊപ്പം ദേവലോകത്ത് കഴിഞ്ഞിരുന്നു. അനപത്യരായ അവര്‍ വിഷ്ണുഭക്തിയോടെ കാലം കഴിച്ചുപോന്നു.

ഒരിക്കല്‍ പുത്രകാംക്ഷികളായ ആ ദമ്പതിമാര്‍, ബ്രഹ്മോപദേശമനുസരിച്ച്, മന്ദരപര്‍വ്വതത്തില്‍ചെന്ന് തപസ്സു ചെയ്തു. സത്പുത്രജനനമുണ്ടായാല്‍ സ്വസ്വജന്മങ്ങള്‍ പുണ്യം പ്രാപിക്കുമെന്നവര്‍ കരുതിയിട്ടുണ്ടാവണം. ധരാധരന്മാരുടെ തപസ്സ് ദിനംപ്രതി ശക്തിയാര്‍ജ്ജിച്ചു. നിശ്ചയദാര്‍ഢ്യത്തോടെ ഘോരതപം തുടര്‍ന്നു.

ആദ്യം ഫലമൂലാദികള്‍ ഭക്ഷിച്ചുകൊണ്ടായിരുന്നു തപസ്സ്. പിന്നീട്, ഉണങ്ങിയ ഇലകള്‍മാത്രം ഭൂജിച്ചുകൊണ്ടും. ഒടുവില്‍, ജലപാനവും ഉപേക്ഷിച്ച് വിജനത്തില്‍ തപസ്സനുഷ്ഠിച്ചു. അവര്‍ അതിഘോരമായ തപസ്സു തുടര്‍ന്നു.

വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ തപസ്വികളെ മണ്‍പുറ്റ് വന്നു മൂടി. ഒടുവില്‍, ബ്രഹ്മാവ് അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഇഷ്ടവരം ആവശ്യപ്പെടാന്‍ പറഞ്ഞു ബ്രഹ്മസാന്നിദ്ധ്യത്താല്‍ ദ്രോണനും പത്‌നിയും തപസ്സില്‍ നിന്നുണര്‍ന്നു. അവര്‍ മണ്‍പുറ്റില്‍നിന്നും പുറത്തുവന്നു. എന്നിട്ട്, ബ്രഹ്മാവിനെ പൂജിച്ച് നമസ്‌ക്കരിച്ചു. അവര്‍ സസന്തോഷം അദ്ദേഹത്തോടു പറഞ്ഞു.

പരിപൂര്‍ണ്ണതമേ കൃഷ്‌ണേ
പുത്രീഭൂതേ ജനാര്‍ദനേ
ഭക്തിഃസ്യാദാവയോര്യാം വൈ
വദന്തി പ്രേമ ലക്ഷണം
യയാംജസാ തരന്തീഹ
ദുസ്തരം ഭവസാഗരം
നാന്യംവരം വാഞ്ഛിതം സ്യാ-
ദാവയോ സ്തപതോര്‍വിധേ!‘

(സംസാരസാഗരം അതിവേഗം തരണം ചെയ്യാന്‍ പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണനിലുള്ള ഭക്തിയാണാവശ്യം. അതുകൊണ്ട് ഹേ ബ്രഹ്മദേവാ, ഞങ്ങള്‍ക്ക് ശ്രീകൃഷ്ണഭഗവാനെ പുത്രനായി ലഭിക്കാനുള്ള വരം തന്നാലും. മറ്റൊരു വരവും ആവശ്യമില്ല.)

ഭക്ത്യാദരപൂര്‍വ്വം വരം യാചിച്ചു നില്‍ക്കുന്ന ദ്രോണ-ധരമാരോട് ബ്രഹ്മാവ് പറഞ്ഞു: നിങ്ങളാവശ്യപ്പെട്ട വരം ദുര്‍ല്ലഭമാണ്. ലഭിക്കാന്‍ ദുര്‍ഘടവുമാണ്. എങ്കിലും, അപരമൊരു ജന്മത്തില്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും. ശ്രീനാഥന്‍ നിങ്ങളുടെ പുത്രനായി പിറക്കാനിടവരും’ എന്നനുഗ്രഹിച്ച് മറഞ്ഞു.

നാരദന്‍ തുടര്‍ന്നു:

‘ദ്രോണന്‍ നന്ദനായും ധര യശോദയുമായി പുനര്‍ജനിച്ചു. പിതാമഹന്റെ (ബ്രഹ്മാവിന്റെ) വാക്ക് സത്യമാക്കാന്‍, ശ്രീകൃഷ്ണഭഗവാന്‍, അവരുടെ പുത്രനായും പിറന്നു. എനിക്ക് ഈ മധുരമധുരമായ കൃഷ്ണകഥാരഹസ്യം നാരായണര്‍ഷിയില്‍ നിന്നാണ് ലഭിച്ചത്. ശ്രീനാരായണ കൃപയാല്‍, ഞാന്‍, അത്യന്തം കൃതാര്‍ത്ഥനായിരിക്കുന്നു. രാജാവേ, ഇനി, അങ്ങേക്ക് എന്താണ് കേള്‍ക്കാനാഗ്രഹമുള്ളത്?’ ഈ ദിവ്യകഥകേട്ടു സന്തുഷ്ടനായ മഹാരാജാവ് നാരദമഹര്‍ഷിയെ വണങ്ങി, കൃഷ്ണകഥാശ്രവണ കുതുകിയായിരുന്നു!

ഈശ്വരനില്‍ പരമാനുരക്തി എന്ന ഭക്തിമാഹാത്മ്യം ഭംഗ്യന്തരേണ വ്യക്തമാക്കുന്ന ഒന്നാണ് ഈ കഥ! പരമാത്മസാക്ഷാത്ക്കാരത്തിലൂടെ സായൂജ്യമടയാനുള്ള ഭക്തന്റെ കഥയാണത്. ദ്രോണരും ധരയും അഹൈതുകീ ഭക്തിയുടെ പ്രതീകങ്ങളാണ്.

ദ്രോണ-ധരമാരുടെ പുനര്‍ജന്മകഥയാണല്ലോ വിവരിക്കുന്നത്! അവര്‍ക്ക് ഈശ്വരനെ പുത്രനായി ലഭിക്കാനുള്ള ആഗ്രഹമുണ്ടായി. ഈ കഥയിലും സൂക്ഷ്മമായി എന്തെങ്കിലുമുണ്ടോ എന്നു പരിശോധിക്കാം. ആരാഞ്ഞു നോക്കിയാല്‍ കാണാതിരിക്കുമോ? അതാണല്ലോ പുരാണകഥകളുടെ സ്വഭാവം! അന്വേഷിക്കുന്തോറും പുതിയ ആശയങ്ങള്‍ പലതും വ്യക്തമായിവരും.!

‘വീതരാഗ ഭയക്രോധ’രായി ഭഗവത്പദം പ്രാപിക്കാനാഗ്രഹിക്കുന്ന ഭക്തന്മാര്‍ അതു സിദ്ധിക്കുന്നതുവരെ കൂടുതല്‍ അസ്വസ്ഥരായിരിക്കും. അഷ്ടവസുക്കളില്‍ പ്രധാനിയായിരുന്ന ദ്രോണനും ഭാര്യ ധരയ്ക്കും അതാണനുഭവപ്പെട്ടത്. ധരനും ധരയും-ഈ ദമ്പതിമാരാണ്-ഇഷ്ടദേവ പ്രാപ്തിക്കായി തപം ചെയ്തത്. ആ പേരുകള്‍തന്നെ ശ്രദ്ധിക്കണം. ധരനായാലും ധരയായാലും – ഇരുവരും – കാര്യമായവ ധരിക്കുന്നവരാണ്. ഭക്തനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായി ധരിക്കാനുള്ളത് ഈശ്വരഭാവമാണ്. ഈശ്വരനെ ഭാവിക്കല്‍, നാമരൂപങ്ങളെ മനസ്സിലുറപ്പിക്കല്‍! ഭക്തന്റെ മനസ്സില്‍നിന്ന് അത്തരം ദൃഢതയെ മാറ്റാന്‍ ഒന്നിനും സാദ്ധ്യമല്ല.

തങ്ങളുടെ മനസ്സില്‍ വളര്‍ന്നുവന്ന ഭക്തിഭാവം ധരനും ധരയ്ക്കും ഒരുതരം അസ്വസ്ഥതയുളവാക്കി. ലക്ഷ്യമേതെന്നുറച്ചാല്‍ അതുനേടുവാന്‍ മാര്‍ഗമന്വേഷിക്കുക എന്നതാണ് ജ്ഞാനികള്‍ ചെയ്യാറുള്ളത്. അസഹിഷ്ണുതയാണ് അസ്വസ്ഥതയ്ക്കു നിദാനം! അപ്പോള്‍ അവര്‍ക്കു വഴികാട്ടികളാകുന്നത് ഗുരുനാഥന്മാരാണ്. ദ്രോണധരന്മാര്‍ ബ്രഹ്മാവിനോട് ചോദിച്ചത് – ശ്രീകൃഷ്ണനെ പുത്രനായി ലഭിക്കാന്‍ മാര്‍ഗമെന്തെന്നന്വേഷിച്ചത് – ഈ ഗുരുപദേശം തേടലാണ്. പിതാമഹന് ആ ഗുരുത്വം അര്‍ഹവുമാണല്ലോ? ഭാര്യാഭര്‍ത്താക്കന്മാരുടെ സുദീര്‍ഘതപസ്സില്‍ സമ്പ്രീതനായി ബ്രഹ്മാവ് വീണ്ടും അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ദ്രോണ-ധരന്മാരുടെ അഭിലാഷം ദുര്‍ല്ലഭവും ദുര്‍ഘടവുമാണെന്ന് അവരോട് പറഞ്ഞു.

ഇവിടെ ഒന്നു തിരിഞ്ഞുനോക്കാം. തന്റെ നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിക്കുന്ന ശിഷ്യരെ പരീക്ഷിക്കുന്ന ഗുരുവിന്റെ സ്ഥാനമാണ് ബ്രഹ്മാവിന്. പ്രവൃത്തിയുടെ തുടര്‍ച്ച എത്രത്തോളമെന്ന് പരിശോധിക്കുകയും കഠിനശ്രമത്തിന് പ്രേരിപ്പിക്കുകയുമാണ് ഈ പരീക്ഷണത്തിലൂടെ.

ഭക്തന്‍ ആലോചിച്ചുറച്ചകാര്യം ലക്ഷ്യത്തിലെത്തിച്ചേ പിന്തിരിയുകയുള്ളൂ. ഗുരുദേവന്റെ അനുഗ്രഹം അവര്‍ക്കു ബലമാകും. ശ്രീകൃഷ്ണഭഗവാന്‍ പുത്രനായി വരുമെന്ന് ബ്രഹ്മാവ് അനുഗ്രഹിച്ചു. ദ്രോണ-ധരന്മാര്‍ക്ക് അത്, ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ ത്വരിതഗതിയിലുമാക്കി. ധരാധരന്മാര്‍ നന്ദ-യശോദമാരായി പുനര്‍ജ്ജനിച്ചു. അവരില്‍ പ്രീതനായ ഭഗവാന്‍ പുത്രനായി ജനിക്കുകയും ചെയ്തു. ഓരോ പരിണാമവും ഓരോ പുനര്‍ജ്ജന്മം തന്നെയല്ലേ? ഈശ്വരഭാവം നന്നായി ധരിച്ച്, അതിനു മാറ്റം വരുത്താതെ, ഏകനിഷ്ഠയോടെ കഴിയുന്ന ഭക്തന്റെ (ഭക്തരുടെ) പരിണാമമാണ് നന്ദ-യശോദമാര്‍!

ഭക്തിയുടെ നിറവില്‍ സദാ ആനന്ദമനുഭവിക്കുന്ന വ്യക്തിയാണ് നന്ദന്‍. സാദ സന്തുഷ്ടന്‍. ‘സന്തുഷ്ടഃ സതതം യോഗീ’ എന്ന രീതി! ഭക്തിയാല്‍ യശസ്സാര്‍ജ്ജിച്ച്, ഇതരര്‍ക്കും ആ യശസ്സ് പകരാന്‍ ആഗ്രഹിച്ച്, പ്രവര്‍ത്തിക്കുന്നവളാണ് യശോദ! രണ്ടുപേരും ഭക്തിയുടെ നിറകുടങ്ങള്‍!

നിരീഹഭക്തിയുടെ നിറവാണ് നന്ദ-യശോദമാര്‍! ധരന്‍-ധരമാരുടെ ഭക്യധിഷ്ഠിത പരിണാമമാണ് അവര്‍! അവര്‍ക്ക് ഭഗവാന്‍ പുത്രനാകാതിരിക്കുമോ? അച്ഛനമ്മമാര്‍ വാത്സല്യനിധിയായ പുത്രനെ/പുത്രിയെ മടിയിലിരുത്തി ലാളിക്കുന്നതുപോലെ ഭക്തിഭാവ മഗ്നരായ ഇവര്‍ ഭഗവാനെ സങ്കല്പിച്ച്, ലാളിച്ച്, ആനന്ദമനുഭവിച്ചു എന്നു സാരം! ഭക്ത്യുപാസനയുടെ ഒരു മാര്‍ഗമാണല്ലോ വാത്സല്യഭക്തി?

സ്‌നേഹപരവശരായ മാതാപിതാക്കള്‍, മക്കളെ ഒരു നിമിഷവും പിരിയാനാഗ്രഹിക്കുകയില്ല. യഥാര്‍ത്ഥഭക്തന്മാരുമങ്ങനെ! ഈശ്വരനോട് അപരിച്ഛിന്നമായ ഭക്തിയാണവര്‍ക്ക്! കേശാദിപാദം ഭാവിച്ച്, ഓരോ അംഗത്തിലും അതിശയനീയ ഭംഗികണ്ട്, ആനന്ദമടയുക ഭക്തസ്വഭാവമാണ്. ശ്രീകൃഷ്ണ ഭഗവാനെ മടിയിലിരുത്തി ലാളിച്ച യശോദ ആ നിറവാണ് അനുഭവിച്ചത്.

ഭക്തിചരിത്രം ഇത്തരം ദിവ്യകഥകള്‍ നിറഞ്ഞതാണ്. ആന്തരാന്വേഷണത്തിലാണ് അവയിലെ രഹസ്യം വെളിവാക്കുന്നത്. ഭക്തിമാഹാത്മ്യം വിശദമാക്കുന്ന നന്ദ-യശോദാകഥ കൃഷ്ണഭക്തന്മാര്‍ക്ക് രോമാഞ്ചദായകം തന്നെയാണ്. ശ്രീകൃഷ്ണനെ പുത്രനായി ലഭിച്ച് ആനന്ദമടയാന്‍ ഈ ദമ്പതിമാര്‍ക്കുണ്ടായ സൗഭാഗ്യരഹസ്യം ശ്രീഗര്‍ഗ്ഗനില്‍ നിന്നേ വായനക്കാര്‍ക്ക് അറിയാന്‍ കഴിയുന്നുള്ളൂ. ഒരേ സമയം, നന്ദ-യശോദമാരുടെ പൂര്‍വ്വപുണ്യവും ഭക്തിമാഹാത്മ്യവും വിശദമാക്കുന്ന ഈ കഥ ഭാഗവതന്മാര്‍ക്ക് ധന്യത പകരുന്ന അനുഭവമാണുണ്ടാക്കുന്നത്.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies