തിരുവനന്തപുരം: സംസ്ഥാനത്തെ മൊത്തത്തില്‍ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിലാണ് തീരുമാനം. വരള്‍ച്ച സംബന്ധിച്ച് ജില്ലാതല അവലോകനം നടത്തുന്നതിന് മന്ത്രിമാരെ ചുമതലപ്പെടുത്തും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാതല യോഗങ്ങളും ഈ മാസം 31-ന് മുന്‍പ് നടത്താനും യോഗത്തില്‍ തീരുമാനമായി.
വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ നിയോജകമണ്ഡലാടിസ്ഥാനത്തിലും ഏകോപിപ്പിക്കും. ഇതിനായി എംഎല്‍എമാരെ ചുമതലപ്പെടുത്തും.എംഎല്‍എമാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് എടുക്കുന്ന നിര്‍ദേശങ്ങള്‍ കൂടി തുടര്‍ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉടനടി പരിഹരിക്കേണ്ട കുടിവെള്ള-വൈദ്യുതി പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തില്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വരള്‍ച്ചാ നിരീക്ഷണത്തിനായി സംസ്ഥാന ദുരന്ത സാധ്യതാ അപഗ്രഥന സെല്ലിനെ (എച്ച്ആര്‍വിഎ) ചുമതലപ്പെടുത്തിയതായി യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ റവന്യു-ദുരന്തനിവാരണ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കി.
വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട്, മലബാര്‍ പ്രദേശങ്ങളില്‍ നടപ്പാക്കിയ നെല്ല്, കുരുമുളക്, കശുമാവ് വിള ഇന്‍ഷുറന്‍സ് പൈലറ്റ് പ്രോജക്റ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ ദീര്‍ഘിപ്പിക്കാനും ഇതു സംസ്ഥാനമൊട്ടാകെ നടപ്പാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.പദ്ധതിയില്‍ കൂടുതല്‍ വിളകളെ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും. കുടിവെള്ളം വിതരണം ചെയ്യുന്നതിന് സ്ഥാപിച്ചിട്ടുള്ള പമ്പുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തും. കുടിവെള്ള വിതരണം, ജലസേചനം എന്നിവയ്ക്കുള്ള തടസങ്ങള്‍ മാറ്റി സുഗമമാക്കും. പണി പൂര്‍ത്തിയാക്കിയിട്ടുള്ളവ പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടികള്‍ ഉടനടി സ്വീകരിക്കും. ജലസ്രോതസുകളില്‍ നിന്നും വെള്ളമെത്തിക്കുന്നതിന് ആവശ്യമെങ്കില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ താത്കാലിക തടയണകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
വരള്‍ച്ച സംബന്ധിച്ച് വിശദമായ മെമ്മോറാണ്ടം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാണ്. കാലാവസ്ഥാ വ്യതിയാനം കൂടി ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും പരമാവധി സാമ്പത്തിക സഹായം നേടിയെടുക്കുന്നതിനുള്ള ശ്രമം നടത്തും. കാര്‍ഷിക മേഖലയിലും കനത്ത വിള നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജില്ല തിരിച്ച് ഇതിന്റെ കണക്കുകളെടുക്കും. കുടിവെള്ള പ്രശ്നത്തിലും കേന്ദ്രത്തില്‍ നിന്നും ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാന്‍ തീരുമാനിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.പി.മോഹനന്‍, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അംഗങ്ങള്‍, ഐഎംഡി അംഗങ്ങള്‍, സിഡബ്യുആര്‍ഡിഎം അംഗങ്ങള്‍, വിവിധ വകുപ്പു സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post