ശബരിമല: ശബരിമല മാസ്റ്റര്‍ പ്ലാനോടനുബന്ധിച്ച് നിലയ്ക്കലില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കും കൂടുതല്‍ സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഗോവിന്ദന്‍ നായര്‍ പറഞ്ഞു. ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് അന്യസംസ്ഥാനതീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന സ്ഥലമാണ് നിലയ്ക്കല്‍.
ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി ഏകദേശം അഞ്ച് ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കും. പദ്ധതിയില്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള കര്‍ണാടക സംസ്ഥാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇത്തവണത്തെ മകരവിളക്കിന് മുന്‍പ് കര്‍ണാടക ഭവന്റെ ശിലാസ്ഥാപനം കര്‍ണാടക ഡപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിര്‍വഹിക്കും. അടുത്ത ശബരിമല സീസണിന് മുമ്പുതന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നത്.
Discussion about this post