തിരുവനന്തപുരം: അനന്തപുരിയില്‍ ഏപ്രില്‍ 5,6,7 തീയതികളില്‍ നടക്കുന്ന ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ സമ്മേളനം ജനുവരി 2ന് വൈകുന്നേരം 5.30ന് കോട്ടയ്ക്കകത്ത് രാജധാനി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഐക്യവേദി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിശാല ഹിന്ദു സമ്മേളനത്തിന്റെ മുപ്പതാം വര്‍ഷം പിന്നിടുന്ന അവസരത്തില്‍ നടക്കുന്ന സമ്മേളനത്തിന് വിശാല ഹിന്ദു ഐക്യ സമ്മേളനം എന്നാണ് പേരിട്ടിരിക്കുന്നത്. ”സാമൂഹ്യ നീതിക്കായി വിശാല ഹിന്ദു സമ്മേളനം” എന്നാണ് മുദ്രാവാക്യം. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഹൈന്ദവ നേതൃസമ്മേളനം, ഏഴായിരത്തില്‍പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രകടനം എന്നിവ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക-കലാ-സാഹിത്യ-പരിസ്ഥിതി കൂട്ടായ്മകള്‍, ഹിന്ദു ചരിത്ര-ശാസ്ത്ര-സാംസ്‌ക്കാരിക പ്രദര്‍ശനം എന്നിവ ഉണ്ടാകും. സമ്മേളനത്തിനു മുന്നോടിയായി ദേശീയ നിലവാരത്തിലുള്ള അഞ്ച് സെമിനാറുകള്‍ വിവിധ മേഖലളിലെ പ്രഗല്‍ഭരെ ആദരിക്കുന്ന സമാധരണ സദസ്സുകള്‍ എന്നിവയും നടക്കും. ഹൈന്ദവ കേരളത്തിന്റെ ഭാഗധേയം മാറ്റിമറിക്കുന്ന പല സുപ്രധാന നയങ്ങളുടെയും തീരുമാനങ്ങളുടെയും പ്രഖ്യാപനം സമ്മേളനത്തിലുണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു.
സ്വാഗതസംഘം രൂപീകരണ സമ്മേളനം വനിതാ കമ്മിഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ഡി. ശ്രീദേവി ഉദ്ഘാടനം ചെയ്യും. സാംസ്‌ക്കാരിക നായകന്മാര്‍, ശാസ്്ത്രജ്ഞന്മാര്‍, കലാകാരന്മാര്‍, വ്യവസായ പ്രമുഖന്മാര്‍, സാമുദായിക സംഘടനാ നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നേതൃസ്ഥാനം വഹിക്കുന്ന പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സെക്രട്ടറിമാരായ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, കിളിമാനൂര്‍ സുരേഷ് സംസ്ഥാന സമിതി അംഗം ടി. ജയചന്ദ്രന്‍ ജില്ലാ പ്രസിഡന്റ് ജ്യോതീന്ദ്രകുമാര്‍, സന്ദീപ് സമ്പാനൂര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post