കൊച്ചി: ഡല്‍ഹിയില്‍ കൂട്ട മാനഭംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പിതാവ് വെളിപ്പെടുത്തി. ബ്രിട്ടീഷ് പത്രമായ സണ്‍ഡെ പീപ്പിളിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. അഭിമുഖത്തില്‍ തന്റെ മകളുടെ പേര് ലോകമറിയണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. സമാന അതിക്രമങ്ങള്‍ക്ക് ഇരകളായിട്ടുള്ള പെണ്‍സമൂഹത്തിന്റെ അതിജീവനത്തിന് തന്റെ മകളുടെ പേര് ഊര്‍ജ്ജമാകുമെന്ന് പിതാവ് പറയുന്നു.
‘എന്റെ മകള്‍ തെറ്റ് ചെയ്തിട്ടില്ല, അക്രമം ചെറുക്കുന്നതിനിടയില്‍ അവള്‍ കൊല്ലപ്പെടുകയായിരുന്നു. എനിക്ക് അവളെപ്പറ്റി അഭിമാനമുണ്ട്.’, അദ്ദേഹം പറഞ്ഞു. പിതാവിന്റെ പേരും ചിത്രങ്ങളും അനുമതിയോടെയെന്നു വ്യക്തമാക്കി പത്രം പ്രസിദ്ധീകരിച്ചു. ഒപ്പം വെബ് സൈറ്റിലും വാര്‍ത്ത നല്‍കിയിയിട്ടുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഇതിനകം വാര്‍ത്തയും ചിത്രങ്ങളും പ്രചരിച്ചു കഴിഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചിത്രം ഉള്‍പ്പെടുത്തുന്നില്ലെന്നും പത്രം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ മാനഭംഗത്തിന് ഇരയായവരുടെ വ്യക്തിവിവരങ്ങളോ അതുമായി ബന്ധപ്പെട്ട സൂചനകളോ പ്രസിദ്ധീകരിക്കുന്നത് നിയമം മൂലം തടഞ്ഞിട്ടുണ്ട്. മാത്രമല്ല പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മിതത്വം പുലര്‍ത്താന്‍ ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളും തീരുമാനമെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി മാനഭംഗ നിരോധം നിയമ ഭേദഗതിക്ക് അവളുടെ പേര് നല്‍കണമെന്ന് ഇന്ത്യയില്‍ വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ശശി തരൂരടക്കം കേന്ദ്രമന്ത്രിസഭയില്‍ നിന്നു വരെ സമാന അഭിപ്രായം ഉയര്‍ന്നു. ഇതിനോട് പെണ്‍കുട്ടിയുടെ കുടുംബം അനുകൂലമായി മുന്‍പ് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ ഒപ്പം മാനഭംഗ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ അഭിമുഖം സീ ന്യൂസ് സംപ്രേഷണം ചെയ്തതില്‍ ചില സൂചനകള്‍ പുറത്തു വിട്ടതായി ചൂണ്ടിക്കാണിച്ച് ദില്ലി പോലീസ് സീ ന്യൂസിനെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 28നാണ് സിംഗപ്പൂര്‍ ആശുപത്രിയില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. പതിനാറിനാണ് പെണ്‍കുട്ടി ദില്ലിയില്‍ ഓടുന്ന ബസ്സില്‍ അഞ്ചു പേരാല്‍ അതി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്.
Discussion about this post