തിരുമാന്ധാംകുന്ന് ശിവകേശാദിപാദം (ഭാഗം- 12)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
ഒരു ഞൊടിയില്‍ സൃഷ്ടി സ്ഥിതിലയ മൊരുക്കുമാ
ത്തിരുമിഴികള്‍ രണ്ടും പരിചൊടു തൊഴുന്നേന്‍.
സൃഷ്ടിസ്ഥിതിലയങ്ങളുടെ അനായാസത വ്യക്തമാക്കുന്ന ഭാഗമാണ് ഈ നേത്രദ്വയവര്‍ണ്ണനം. ശിവന്റെ കണ്ണുകളുടെ ഒരു നേരിയ ചലനം മതി ഇതെല്ലാം നടക്കുവാന്‍. അതിനുവേണ്ടുന്ന കാലപരിധിയും ഭഗവാനെ സംബന്ധിച്ചിടത്തോളം തുച്ഛമാണ്. ഇവിടെ ഞൊടിയെന്ന ശബ്ദംകൊണ്ട് അര്‍ത്ഥമാക്കുന്നത് നമ്മുടെ നിമിഷമല്ല. അതിനെ അപേക്ഷിച്ചു വളരെച്ചെറിയ കാലപരിമാണമാണ് ഞൊടി. സൃഷ്ടിസ്ഥിതിലയങ്ങളെ ശിവന്റെ നേത്രോന്മീലനത്തോടും നേത്ര നിമീലനത്തോടും ബന്ധപ്പെടുത്തി പുരാണങ്ങള്‍ പലപാടു ചര്‍ച്ചചെയ്തിട്ടുണ്ട്. ശിവന്‍ കണ്ണുതുറക്കുമ്പോള്‍ സൃഷ്ടികര്‍മ്മം നടക്കുന്നു. കണ്ണടയ്ക്കുമ്പോള്‍ പ്രപഞ്ചം മുഴുവന്‍ ഉപസംഹരിക്കപ്പെടുന്നു. ഇതിനിടയ്ക്ക് അനുഭവപ്പെടുന്ന അവസ്ഥയാണു സ്ഥിതി. എട്ടുകാലി തന്റെ ഉള്ളില്‍നിന്നു വല പുറത്തെടുക്കുന്നതുപോലെ പരമാത്മാവ് തന്നില്‍നിന്ന് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു.
* യഥേര്‍ണ്ണനാഭിഃ സൃജതേ ഗൃഹ്ണതേ ച
യഥാ പൃഥിവ്യാം ഓഷധയഃ സംഭവന്തി,
യഥാ സതഃ പുരുഷാത് കേശലോമാനി
തഥാക്ഷരാത് സംഭവതീഹ വിശ്വം
– മുണ്ഡകോപനിഷത്
പ്രപഞ്ചത്തെ തന്റെ ഉള്ളിലേക്കു തിരിച്ചെടുക്കുന്നതും ശിവനാണ്. അതിനു സംഹാരമെന്നു പേര്. സൃഷ്ടിക്കും സംഹാരത്തിനുമിടയ്ക്കുള്ള അവസരമത്രയും നിശ്ചലമല്ല. അത്യന്ത സൂക്ഷ്മമായ പദാര്‍ത്ഥങ്ങള്‍ മുതല്‍ അതിസ്ഥൂലമായ പദാര്‍ത്ഥങ്ങള്‍വരെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. തന്മൂലം അനുഭവപ്പെടുന്നതാണ് കാലം. ശിവന്‍ കണ്ണൊന്നു തുറക്കുന്നതിനിടയ്ക്ക് കല്പങ്ങള്‍ അനേകം കടന്നുപോകുന്നു. ഭഗവാന്റെ ഒരു ഞൊടി സ്ഥൂരപ്രപഞ്ചത്തില്‍ അനേകം കല്പങ്ങളാണെന്നുസാരം.
മനുഷ്യരുടെ ഒരു സംവത്സരം ദേവന്മാര്‍ക്ക് ഒരു ദിവസമാണ്. അങ്ങനെയുള്ള മുന്നൂറ്ററുപതുദിവസം ഒരുദേവവര്‍ഷം. പന്തീരായിരം ദിവ്യസംവത്സരം ഒരു ചതുര്യുഗം. അതു 43,80.000 മനുഷ്യവര്‍ഷമാകുന്നു. അതില്‍ കൃതയുഗം 17,52000വര്‍ഷം ത്രേതായുഗം 13,14,000 വര്‍ഷം ദ്വാപരയുഗം 8,76,000 വര്‍ഷം കലിയുഗം 4,38,000 വര്‍വുമാകുന്നു. ദേവവര്‍ഷത്തിന്റെ കണക്കില്‍ പറഞ്ഞാല്‍ കൃതയുഗം 4800 ദേവവര്‍ഷം ത്രേതായുഗം 3600 ദേവവര്‍ഷം ദ്വാപരയുഗം 2400 ദേവവര്‍ഷം കലിയുഗം 1200 ദേവവര്‍ഷം ഇങ്ങനെയുള്ള 71 ചതുര്യുഗമാണ് ഒരു മനുഷ്യന്റെ ഭരണകാലം അഥവാ മന്വന്തരം. അങ്ങനെ 14 മന്വന്തരം ഒരു കല്പം (43,80,000 x 71 x 14 മനുഷ്യവര്‍ഷം). അതു ബ്രഹ്മാവിന് ഒരു പകലാകുന്നു. അനന്തരം അത്രയും സമയം ബ്രഹ്മാവിനു രാത്രികാലം. അതിനു പ്രലയം എന്നുപേര്. അപ്പോള്‍ ഭൂലോകം ഭൂവര്‍ലോകം സ്വര്‍ലോകം എന്നിവ മൂന്നും അവയ്ക്കു വെളിച്ചം നല്‍കുന്ന സൂര്യചന്ദ്രനക്ഷത്രാദികളും ലയിക്കുന്നു. രാത്രികഴിഞ്ഞാല്‍ വീണ്ടും ബ്രഹ്മാവ് സൃഷ്ടിതുടങ്ങുന്നു. ആ നിലയ്ക്ക് 43,80,000 x 71 x 14 x 2 മനുഷ്യവര്‍ഷമാണ് ബ്രഹ്മാവിന്റെ ഒരു ദിവസം. അങ്ങനെ നൂറുവര്‍ഷം തികയുമ്പോള്‍ ബ്രഹ്മാവിന്റെ ആയുസ്സുപൂര്‍ണ്ണമാകുന്നു.
*ഭാഗവതം
ബ്രഹ്മാവിന്റെ ആയുഷ്‌ക്കാലം (100വര്‍ഷം) ആണ് ശിവന്റെ ഒരു നിമിഷം. ശിവന്‍ ഒരു തവണ കണ്ണു തുറന്നടയ്ക്കുന്നതിനിടയ്ക്ക് പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരങ്ങളും ഇത്രയേറെ മനുഷ്യവര്‍ഷങ്ങളും കഴിഞ്ഞുപോകുന്നു. ആ തിരുമിഴികളുടെ മഹത്വം അവാച്യംതന്നെ.
ശിവന്‍ പ്രപഞ്ചസൃഷ്ടിയ്ക്കാഗ്രഹിക്കുമ്പോള്‍ തന്റെതന്നെ ശക്തിയെ അംഗീകരിക്കുന്നു. ത്രിഗുണാത്മികയായ ഈ പരമേശ്വരശക്തിയാണ് നേരത്തേ സൂചിപ്പിച്ച പ്രധാനം അഥവാ പ്രകൃതി. അതാണു ലോകമാതാവ്. പ്രകൃതിയുമായി ബന്ധപ്പെട്ട പരമാത്മാവാണ് ഈശ്വരനെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈശ്വരേച്ഛയാല്‍ പ്രകൃതിയിലെ സത്വ രജസ്തമോഗുണങ്ങളുടെ സന്തുലിതാവസ്ഥയ്ക്ക് ഇളക്കം സംഭവിക്കുന്നു. അപ്പോള്‍ പ്രകൃതിയില്‍നിന്നു മഹത്തത്വമുണ്ടാകുന്നു. എല്ലാ ജീവന്മാര്‍ക്കും ആസ്പദമായിരിക്കുന്ന ബീജങ്ങള്‍ മഹത്തത്വത്തിലന്തര്‍ഭവിച്ചിരിക്കുന്നു. മഹത്തത്ത്വത്തില്‍നിന്ന് ഭഗവദിച്ഛമൂലം അഹംതത്ത്വമുണ്ടാകുന്നു. സത്വരജസ്തമോഗുണങ്ങള്‍ അതില്‍ പ്രകടമാകുന്നു. ഇതില്‍ സാത്വികഗുണസമഷ്ടിക്ക് മായയെന്നും രാജസഗുണത്തിന്റെ സമഷ്ടിഭാവത്തിന് അവിദ്യയെന്നും താമസഗുണസമഷ്ടിക്ക് താമസിയെന്നും പേരുണ്ട്. മായതന്നെ സത്വത്തില്‍സത്വം സത്വത്തില്‍ രജസ്സ് സത്വത്തില്‍ തമസ്സ് എന്നു മൂന്നായിപിരിയുന്നു. ത്രിമൂര്‍ത്തികളുണ്ടാകുന്നത് അവയിലാണ്. സത്വത്തില്‍ സത്വമെന്ന മായയില്‍ പ്രതിബിംബിച്ച ശിവനാണു വിഷ്ണു. സത്വത്തില്‍ തമസ്സില്‍ പ്രതിഫലിച്ച ശിവന്‍ രുദ്രനുമാകുന്നു. ഇതേപോലെ അവിദ്യയും മൂന്നായിപിരിയും. രജസ്സിലെ സത്വത്തില്‍ നിന്നു തത്ത്വജ്ഞാനികളും രജസ്സിലെ രജസ്സില്‍നിന്നു കര്‍മ്മനിഷ്ഠരും രജസ്സിലെ തമസ്സില്‍നിന്നു സാധാരണജീവന്മാരുമുണ്ടാകുന്നു. ശിവന്റെ പ്രതിബിംബനത്താലാണ് ഈവിധ ജീവന്മാര്‍ ഉത്പന്നരാകുന്നത്.
താമസി എന്നു വിളിക്കുന്ന തമോഗുണസമഷ്ടി ഈശ്വരപ്രേരണയാല്‍ ആവരണം വിക്ഷേപം എന്നുരണ്ടായിപിരിയുന്നു. ഇതിലെ ആവരണാംശം ഈശ്വരന്റെയും ആത്മജ്ഞാനികളുടെയുമൊഴികെ മറ്റെല്ലാ ജീവന്മാരുടെയും ഉള്ളിലിരിക്കുന്ന ജ്ഞാനദീപത്തെ മറയ്ക്കും. അതുമൂലം പരമാത്മാവും താനും ഒന്നുതന്നെയാണെന്ന അറിവ് ജീവനു നഷ്ടപ്പെട്ടുപോകുന്നു. വിക്ഷേപശക്തിയില്‍ നിന്നാണ് ഭൂതതന്മാത്രകള്‍ ഉണ്ടാകുന്നത്. ആദ്യം ആകാശം, അതില്‍ നിന്നുവായു, വായുവില്‍ നിന്നു തേജസ്സ് അഥവാ അഗ്നി, അതില്‍നിന്ന് അപ്പ് അഥവാ ജലം, അപ്പില്‍നിന്നു പൃഥ്വി ഇതാണ് തന്മാത്രകളുടെ ഉത്പത്തിക്രമം. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയാണ് ആകാശാദിപഞ്ചതന്മാത്രകള്‍. ഈ സൂക്ഷ്മപഞ്ചഭൂതങ്ങള്‍ അഥവാ തന്മാത്രകള്‍ ത്രിഗുണാത്മികങ്ങളാണ്. അവയുടെ സാത്വികഗുണ സമഷ്ടിയില്‍ നിന്ന് അന്തഃകരണവും സാത്വിക വൃഷ്ടിയില്‍നിന്നു ജ്ഞാനേന്ദ്രിയങ്ങളും രാജസമഷ്ടിയില്‍നിന്നു പഞ്ചപ്രാണന്മാരും രാജസവ്യഷ്ടിയില്‍നിന്നു പഞ്ചകര്‍മ്മേന്ദ്രിയങ്ങളും ഉണ്ടാകുന്നു. ഇവയെല്ലാം സൂക്ഷ്മപ്രപഞ്ചഭാഗമായും ജീവികളില്‍ സൂക്ഷ്മശരീരമായും നിലനില്‍ക്കുന്നു.
താമസഗുണപ്രധാനമായ തന്മാത്രകള്‍ പഞ്ചീകരണപ്രക്രിയയ്ക്കു വിധേയമായി സ്ഥൂലപഞ്ചഭൂതങ്ങളുണ്ടാകുന്നു. അപ്പോഴാണു അവ ഇന്ദ്രിയങ്ങള്‍ക്കു വിഷയമായി ദൃശ്യമായിത്തീരുന്നത്. ഇതിനായി ആകാശാദിപഞ്ചഭൂത തന്മാത്രയെ ഓരോന്നിനെയും രണ്ടായി പകുക്കുന്നു. എല്ലാറ്റിന്റെയും ഒരു പകുതിയെ അതേ പ്രകാരം നിലനിര്‍ത്തിയിട്ട് മറ്റേ പകുതിയെ നാലായി ഭാഗിക്കുന്നു. അനന്തരം ഓരോ ഭൂത തന്മാത്രയുടെയും അര്‍ദ്ധാംശത്തോടു മറ്റു നാലുഭൂതങ്ങളുടെ എട്ടിലൊന്നുള്ള അംശങ്ങള്‍ യോജിപ്പിച്ച് തന്മാത്രയെ പൂര്‍ണ്ണമാക്കുന്നു. ഇതാണു പഞ്ചീകരണം. അതിനാല്‍ പഞ്ചീകൃതമായ ആകാശഭൂതത്തില്‍ 50% ആകാശം 12%വായു 12% തേജസ്സ് 12% അപ്പ് 12% പൃഥ്വി എന്നിവ ചേര്‍ന്നിരിക്കും. മറ്റു മഹാഭൂതങ്ങളും ഇതേ വിധമാണെന്നു മനസ്സിലാക്കിക്കൊള്ളണം. ഈ സ്ഥൂലഭൂതങ്ങളില്‍ നിന്നാണ് സ്ഥൂല ശരീരവും സ്ഥൂല ജഗത്തും ഉണ്ടായിരിക്കുന്നത്. കുടത്തിന്റെ സൃഷ്ടിയില്‍ മണ്ണും കൂലാലനും യഥാക്രമം ഉപാദാനകാരണവും നിമിത്തകാരണവുമായിരിക്കുന്നു എന്നു പ്രസിദ്ധമാണ്. എന്നാല്‍ പ്രപഞ്ചസൃഷ്ടിയില്‍ ഈ രണ്ടുവിധകാരണങ്ങളും ശിവന്‍തന്നെയാണെന്ന് ഇതില്‍ നിന്നുവ്യക്തമാക്കുന്നു.
ശിവന്‍ കണ്ണടയ്ക്കുമ്പോള്‍ പ്രപഞ്ചം ലയിക്കുമെന്നു പറഞ്ഞല്ലോ. അതിന്റെ ക്രമമാണു ഇനി വിശദീകരിക്കേണ്ടത്. പൃഥ്വി, അപ്പ്, തേജസ്സ്, വായു, ആകാശം എന്നീ സ്ഥൂലപഞ്ചഭൂതങ്ങള്‍ സൂക്ഷ്മ പഞ്ചഭൂതങ്ങളുടെ താമസാംശത്തില്‍ ലയിക്കുന്നു. അതോടെ ദൃശ്യപ്രപഞ്ചം ലയം പ്രാപിക്കും. തുടര്‍ന്നു സൂക്ഷ്മ പഞ്ചഭൂതങ്ങളുടെ വിലയം സംഭവിക്കുന്നു. പൃഥ്വി അപ്പീലും അതു തേജസ്സിലും തേജസ്സ് വായുവിലും അതു ആകാശത്തിലും ആകാശം വിക്ഷേപശക്തിയിലും വിക്ഷേപാവരണങ്ങള്‍ സ്വന്തംകാരണമായ തമോഗുണസമഷ്ടി അഥവാതാമസിയിലും ലയിക്കും. അതോടെ സൂക്ഷ്മശരീരവും സൂക്ഷ്മപ്രപഞ്ചവും ലയിച്ചടങ്ങുന്നു. അനന്തരം ഗുണങ്ങള്‍ മൂന്നും അവയ്ക്കു കാരണമായ മൂലപ്രകൃതിയില്‍ ലയിക്കും. അപ്പോഴേക്കും ജീവന്മാര്‍ ത്രിമൂര്‍ത്തികള്‍ മുതലായവരും ലയിച്ചുകഴിഞ്ഞിരിക്കും. മൂലപ്രകൃതി സച്ചിദാനന്ദമയമായ പരമാത്മാവില്‍ അഥവാ ശിവനില്‍ ലയിക്കുന്നു. അതാണു ശിവന്റെ നേതനിമീലനം.
മേല്‍പറഞ്ഞ സൂക്ഷ്മ പഞ്ചഭൂതങ്ങളെല്ലാം സ്വതന്ത്രഗതിയുള്ളവയാണ്. പക്ഷേ ആ അവസ്ഥ തുടര്‍ന്നാല്‍ സൂക്ഷ്മ പ്രപഞ്ചസൃഷ്ടിമുതല്‍ സ്ഥൂലപ്രപഞ്ച നിര്‍മ്മിതവരെയുള്ള പ്രക്രിയ സാദ്ധ്യമാവുകയില്ല. അവയുടെ സ്വതന്ത്രഗതിയെതടഞ്ഞ് സൃഷ്ടിക്ക് ഉപയുക്തമാക്കുന്നത് ഈശ്വരേച്ഛയാണ്. അതുകൊണ്ട് ഈശ്വരന് വൈകുണ്ഠനെന്നുപേരുണ്ട്. തദവസരത്തില്‍ ഓരോ തന്മാത്രയോടും വേറൊന്നിനെ കൂട്ടിയിണക്കുന്ന കര്‍മ്മമാണ് കാലം. കാലം ആരംഭിക്കുന്നത് തന്മാത്രകളെകൂട്ടിയിണക്കുമ്പോള്‍ മുതലാണ്. സൃഷ്ടിയുടെ അതിനുമുമ്പുള്ള അവസ്ഥകളിലൊന്നിലും കാലമില്ല. അത്യന്തസൂക്ഷ്മമായ ശിവന്‍ കാലാതീതനും അതിനാല്‍ കാകകാലനുമാണെന്നു പറയുന്നതിന്റെ ശാസ്ത്രം ഇതാകുന്നു. കാലം മിടിച്ചു തുടങ്ങുന്ന സൂക്ഷ്മതലങ്ങളില്‍നിന്നു സ്ഥൂലതലത്തിലേക്കുവരുന്തോറും കാലപരിമാണത്തിനു (അളവിന്) വ്യത്യാസമുണ്ട്. സ്ഥൂലീകരണത്തോടൊപ്പം വേഗത വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. സൂക്ഷ്മതലങ്ങളിലെ ഞൊടി സ്ഥൂല തലങ്ങളിലേക്കുവരുമ്പോള്‍ യുഗങ്ങളായി മാറുന്നത് അതിനാലാണ്.
അനേകം അടുക്കുകളോടുകൂടിയതാണ് സൂക്ഷ്മപ്രപഞ്ചം. അതില്‍ സൂക്ഷ്മതന്മാത്രകളുടെ ഉത്പത്തിതലംവരെ കാലമില്ല. അവയെ കൂട്ടിയിണക്കുന്ന തലം മുതല്‍ കാലപ്രവാഹം ആരംഭിക്കുന്നു എന്നു പറഞ്ഞു. അതിനാല്‍ സൂക്ഷ്മപ്രപഞ്ചത്തിലെ പ്രാണന്‍ ബുദ്ധി മനസ്സ് മുതലായവ കാലബദ്ധവും ചലനാത്മകവുമാണ്. ദേശസങ്കല്പം തന്മൂലം അവിടെ ഉണ്ടാകുന്നു. വിരാട്ടാണെങ്കില്‍ കാലദേശബദ്ധമാണെന്നു പറയാതെതന്നെ വ്യക്തമാണ്. ഈ പ്രപഞ്ചത്തിലെ പദാര്‍ത്ഥമോരോന്നും ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും ലയിക്കുന്നതും കാലത്തിന്റെ പ്രവാഹശക്തിയിലാണ്. കാലത്തിന്റെ പ്രേരണകൂടാതെ ഇവിടെ ഒരു അണുപോലും ചലിക്കുന്നില്ല. കാലത്തിന്റെ ശക്തിയെ അതിലംഘിക്കാന്‍ ആരും കരുത്തരാകുന്നുമില്ല. എല്ലാറ്റിനും ആസ്പദമായ ഈശ്വരനാണ് കാലമായിനിന്ന് പ്രപഞ്ചത്തെ ക്രമീകരിക്കുന്നത്. ഈശ്വരനെ കാലസ്വരൂപനെന്ന് വിളിക്കുന്നത് അതുകൊണ്ടാകുന്നു. ഈശ്വരന്‍പോലും ശിവനില്‍ ലയിക്കുന്നു. അതിനാല്‍ ശിവന്‍ മഹാകാളനാകുന്നു.
പ്രകൃതികൃതമായ ചലനമാണ് കാലത്തിനാസ്പദം. അതു പരമാത്മാവിലെ ശക്തിസ്പന്ദത്തില്‍നിന്നാരംഭിക്കുന്നു. എങ്കിലും അവിടെ കാലം ഉദയം കൊള്ളുന്നില്ല. അതുകൊണ്ടു ഭൂതം ഭാവി തുടങ്ങിയ വിഭജനവുമില്ല. എന്നാല്‍ ഈ ലോകത്തില്‍ നമുക്കു പരിചയമുള്ള നേരിയ സ്പന്ദനംപോലും കാലബദ്ധമാണ്. സ്പന്ദനത്തിന്റെ തുടക്കം, സ്പന്ദനം, അതിന്റെ പര്യവസാനം എന്നീ വിഭാഗങ്ങളില്ലാതെ യാതൊരു ചലനവും വിരാട് തലത്തിലോ പ്രാണാദികളുടെ തലത്തിലോ സാദ്ധ്യമല്ല. എന്നാല്‍ അണുവിലുമണുവായ അത്യന്തസൂക്ഷ്മതലത്തിലെ സ്പന്ദത്തില്‍ ഈവിധമുള്ള വിഭജനമില്ല.
*സ്പന്ദകാരിക
അതിനു തുടക്കവും മദ്ധ്യവും ഒടുക്കവുമില്ല. മനുഷ്യബുദ്ധിയുടെ നിര്‍വചനങ്ങള്‍ക്കു പിടിതരാത്ത ഒന്നാണത്. എന്തെന്നാല്‍ മനുഷ്യബുദ്ധിഉണ്ടാകുന്നതിനും മുമ്പുള്ള സൂക്ഷ്മതലമാണ് അത്. അവിടെ എത്തിപ്പറ്റാന്‍ ബുദ്ധിക്കു സാദ്ധ്യമല്ല. അതിനു വളരെ മുമ്പേ ബുദ്ധി ലയിച്ചുപോകുന്നു. സൂക്ഷ്മ പഞ്ചഭൂതനിര്‍മ്മിതമാണു ബുദ്ധി എന്നതുതന്നെ കാരണം. കാലബദ്ധമില്ലാത്ത സ്പന്ദത്തിന്റെ കരുത്ത് വലുതാണ്. കാരണശരീരത്തെയും സൂക്ഷ്മപ്രപഞ്ചത്തെയും സ്ഥൂലപ്രപഞ്ചത്തെയും സൃഷ്ടിച്ച് അനുഭവപ്പെടുത്തുന്നത് അതാകുന്നു. ഉന്മേഷ നിമിഷോത്പന്ന വിപന്ന ഭുവനാവളൈ്യ നമഃ എന്നു ലളിതാസഹസ്രനാമത്തില്‍ സ്പന്ദസ്വരൂപിണിയായ ദേവിയെ സ്തുതിക്കുന്നത് അതുകൊണ്ടാണ്. ഹിരണ്യഗര്‍ഭന്റെ തലത്തില്‍ (സൂക്ഷ്മപ്രപഞ്ചത്തെ ചൈതന്യവത്താക്കുന്ന ഈശ്വരന്‍) മേല്പറഞ്ഞ സ്പന്ദശക്തി കാലമായി വികസിക്കുന്നു. വിരാട്ടില്‍ അതു പ്രചണ്ഡ വേഗതയോടെ ആഞ്ഞടിക്കുന്നു.
സൂക്ഷ്മത്തില്‍ നിന്നു സ്ഥൂലത്തിലേക്കു നീങ്ങുന്തോറും കാലപരിമാണത്തില്‍ വ്യത്യാസം വരുന്നു. തന്മൂലം ദേശപരിമാണത്തിലും വ്യത്യാസം വരുന്നു. ബ്രഹ്മാവിന്റെ ഒരു ദിവസം ദേവന്മാര്‍ക്ക് 12000 x 71 x 14 x 2 വര്‍ഷമാകുന്നു. അതു മനുഷ്യരെ സംബന്ധിച്ചിടത്തോളം 12000 x 71 x 14 x 2 x 360 വര്‍ഷമാകുന്നു. ആ സംഖ്യയെ 365കൊണ്ടു വീണ്ടും ഗുണിച്ചാല്‍ ബ്രഹ്മാവിന്റെ ഒരു വര്‍ഷത്തിനു തുല്യമായ മനുഷ്യദിവസം കിട്ടും. തന്മൂലം പരമാത്മതലത്തിലെ ഒരു സ്പന്ദനത്തിനിടയ്ക്ക് സ്ഥൂലജഗത്തില്‍ അനേകം കല്പങ്ങള്‍ കടന്നുപോകുന്നു. പരമാത്മതലംവരെ കടന്നുചെന്ന യോഗിവര്യന്മാരാണു കാലത്തിന്റെ അനേകതലങ്ങളും കാലാതീതതലങ്ങളും അനുഭവിച്ചറിഞ്ഞ് അവയുടെ കണക്കുകള്‍ മഹാഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നത്. താണ്ഡവം ചെയ്യുന്ന ശിവന്റെ കണ്ണുകളില്‍ ദര്‍ശിച്ച് സ്വാമിജി സ്തുതിച്ചിരിക്കുന്നതും അതിനെയാകുന്നു.
ഈ പ്രപഞ്ചമുണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും സൂക്ഷ്മമായ പദാര്‍ത്ഥമാണു പരമാണു. വീണ്ടും വിഭജിക്കാനാവാത്ത അതു മറ്റൊന്നിനോടും യോജിക്കാതെ സ്വതന്ത്രമായിരിക്കുന്നതുമാകുന്നു. ഈശ്വരേച്ഛയാലുണ്ടായ ഈ പരമാണുക്കള്‍ ഈശ്വരേച്ഛയാല്‍ കൂടിച്ചേര്‍ന്നാണ് സ്ഥൂലപ്രപഞ്ചമുണ്ടാകുന്നത്. ഈ ലോകത്ത് നാം കാലത്തെ അറിയുന്നത് സൂര്യഗതിയെ അവലംബിച്ചാണ്. അതിനാല്‍ ഭാരതത്തിലെ മനീഷികള്‍ കാലപരിമാണമളക്കാനും അതിനെത്തന്നെ വിനിയോഗിക്കുന്നു. ഒരുപരമാണുവിനെ കടന്നുപോകാന്‍ സൂര്യനു വേണ്ടുന്ന സമയത്തിനും പരമാണു എന്നുപേര്. പദാര്‍ത്ഥവും കാലവും സാപേക്ഷമാണ്. ്അതിനാല്‍ പദാര്‍ത്ഥംകൊണ്ടേ കാലമാപതം സാദ്ധ്യമാകൂ. അതുകൊണ്ടു പദാര്‍ത്ഥത്തിനും കാലത്തിനും ഒരേ പേര് ആചാര്യന്മാര്‍ സ്വീകരിച്ചു. രണ്ടു പരമാണുക്കള്‍ ഒരുമിച്ചു ചേര്‍ന്നതാണ് ഒരു അണു. അതിനെ അതിക്രമിക്കാന്‍ സൂര്യനു വേണ്ടുന്ന സമയവും ഒരു അണുതന്നെ. ആ പട്ടിക താഴെകൊടുക്കുന്നു.
2 പരമാണു = 1 അണു
3 പരമാണു = 1 ത്രസരേണു
3 ത്രസരേണു = 1 ത്രുടി
100 ത്രുടി = 1 വേധം
3 വേധം = 1 ലവം
3 ലവം = 1നിമേഷം
3 നിമേഷം = 1 ക്ഷണം
5 ക്ഷണം = 1 കാഷു
15 കാഷു = 1 ലഘു
15 ലഘു = 1 നാഴിക
2 നാഴിക = 1 മുഹൂര്‍ത്തം
4 യാമം = 1 പകല്‍
8 യാമം = 1 ദിവസം
15 ദിവസം = 1 പക്ഷം
2 പക്ഷം = 1 മാസം
6 മാസം = 1 അയനം
2 അയനം = 1 വര്‍ഷം
മനുഷ്യരുടെ 1 മാസം പിതൃക്കള്‍ക്ക് 1 ദിവസമാകുന്നു.
*ഭാഗവതം
മനുഷ്യരുടെ 1 വര്‍ഷം ദേവന്മാര്‍ക്ക് 1 ദിവസവുമാകുന്നു.
മനുഷ്യവര്‍ഷം മുതല്‍ ബ്രഹ്മാവിന്റെ ലയംവരെയുള്ള കാലപ്രമാണങ്ങള്‍ നേരത്തേ വ്യക്തമാക്കി. അത്യന്തസൂക്ഷ്മംമുതല്‍ അത്യന്തം ബൃഹത്തുവരെ വ്യാപിക്കുന്ന ഈ കാലപ്രവാഹം മുഴുവന്‍ ഉയിര്‍കൊള്ളുന്നത് ശിവന്റെ നേത്രദ്വയങ്ങളിലാണെന്ന വസ്തുതയാണ് പരമപ്രധാനം.
Discussion about this post