ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചു. വിലയുടെ നാലുശതമാനത്തില്‍ നിന്ന് ആറു ശതമാനത്തിലേക്കാണു വര്‍ധന. ഇതു തങ്കം വില ഗ്രാമിന് 70 രൂപ വരെ വര്‍ധിക്കാനിടയാക്കും. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 500 രൂപ വരെ വര്‍ധിക്കാമെന്നു വ്യാപാര സംഘടനകള്‍ പറയുന്നു. സ്വര്‍ണ ഉപയോഗം കുറയ്ക്കുകയാണു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. സ്വര്‍ണം ഇറക്കുമതി രാജ്യത്തിന്റെ വ്യാപാര കമ്മിയും കറന്റ് അക്കൌണ്ട് കമ്മിയും മോശമാക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇറക്കുമതി കുറഞ്ഞാല്‍ ചുങ്കം കുറയ്ക്കാനാകുമെന്നു സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ് മായാറാം പറഞ്ഞു. സ്വര്‍ണത്തോടൊപ്പം പ്ളാറ്റിനത്തിനും ഡ്യൂട്ടി വര്‍ധിപ്പിച്ചിട്ടുണ്ട്. നാലു ശതമാനത്തില്‍ നിന്ന് ആറു ശതമാനത്തിലേക്ക്. വെള്ളിക്കു മാറ്റമില്ല.ഇറക്കുമതി കുറയ്ക്കാനുള്ള ചുങ്കം വര്‍ധനയോടൊപ്പം രാജ്യത്തു സ്വര്‍ണലഭ്യത കൂട്ടാനും ചില നടപടികള്‍ പ്രഖ്യാപിച്ചു. മ്യൂച്വല്‍ ഫണ്ടുകള്‍ ഇറക്കുന്ന സ്വര്‍ണ ഇടിഎഫുകളെ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്)ബാങ്കുകളുടെ സ്വര്‍ണനിക്ഷേപ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിലൂടെയാണിത്. സ്വര്‍ണനിക്ഷേപ പദ്ധതിയിലെ കുറഞ്ഞ പരിധി (അളവിലും കാലാവധിയിലും) കുറയ്ക്കും.
ഇതുവഴി ഇടിഎഫുകളുടെ വകയായി ബാങ്കുകളിലുള്ള സ്വര്‍ണ നിക്ഷേപത്തില്‍ നല്ല പങ്ക് കമ്പോളത്തിലിറങ്ങും. ലഭ്യത ഇങ്ങനെ വര്‍ധിക്കുമ്പോള്‍ ഇറക്കുമതിക്കുള്ള കമ്പം കുറയും. മൂന്നു വര്‍ഷ കാലാവധി വേണം നിക്ഷേപത്തിന് എന്നത് ആറുമാസമായി കുറയ്ക്കും. ഇതിനുള്ള ഉത്തരവുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറങ്ങും. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 2011-12 ല്‍ 5,650 കോടി ഡോളറി (3.1 ലക്ഷം കോടി രൂപ)നുള്ള സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. പെട്രോളിയം ഇറക്കുമതി മാത്രമേ ഇതില്‍ കൂടുതലുള്ളൂ. ഈ ധനകാര്യവര്‍ഷം ഒമ്പതുമാസം കൊണ്ട് (ഡിസംബര്‍ വരെ) സ്വര്‍ണ ഇറക്കുമതിച്ചെലവ് 3,800 കോടി ഡോളര്‍ (2.1 ലക്ഷം കോടി രൂപ) ആയി. ഇത് ഇക്കാലയളവിലെ രാജ്യത്തിന്റെ കറന്റ് അക്കൌണ്ട് കമ്മി (സിഎഡി)യോടടുത്തു വരും. കയറ്റുമതിയും വിദേശ ഇന്ത്യക്കാരും വിദേശ നിക്ഷേപകരും ടൂറിസ്റുകളും വഴി ഇന്ത്യയിലെത്തുന്ന വിദേശനാണ്യം, ഇറക്കുമതിയും വിദേശത്തെ നിക്ഷേപവും വിദേശയാത്രയും വഴിയുള്ള വിദേശ നാണ്യച്ചെലവ് ഇവ തമ്മിലുള്ള അന്തരമാണു കറന്റ് അക്കൌണ്ട് കമ്മിയില്‍ പ്രതിഫലിക്കുന്നത്. ഇത് ഏപ്രില്‍-സെപ്റ്റംബറില്‍ രാജ്യത്തെ ജിഡിപിയുടെ 5.4 ശതമാനം വന്നു. ഇത് അപായനിലയായതിനാല്‍ ഇറക്കുമതി ചുരുക്കാനുള്ള നടപടി എന്ന നിലയിലാണു സ്വര്‍ണത്തിനു ചുങ്കം കൂട്ടിയത്.
Discussion about this post