തിരുവനന്തപുരം: കേരള പോലീസിന്റെ അംഗസംഖ്യ ദേശീയാനുപാതത്തിനൊത്തുയര്‍ത്താനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വനിതാ പോലീസിന്റെ അംഗസംഖ്യയും ഉയര്‍ത്തും. സാമ്പത്തിക പരിമിതികളുണ്ടെങ്കിലും ഇക്കാര്യങ്ങള്‍ വേഗം പരിഹരിക്കപ്പെടണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ സ്പെഷ്യല്‍ ആംഡ് പോലീസ് സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അഭിമാനമുയര്‍ത്തുന്ന തരത്തില്‍ ശാന്തമായ ജനജീവിതമുറപ്പുവരുത്താന്‍ പുതുതായി പോലീസ് കുടുംബത്തിലെത്തുന്ന സേനാംഗങ്ങള്‍ക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു.
തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വന്‍ കവര്‍ച്ചകളിലെ പ്രതികളെ നീതിന്യായ കോടതികള്‍ക്കു മുന്നില്‍ കൊണ്ടുവരാന്‍ കേരളാ പോലീസിന് കഴിയും. നിയമസമാധാനലംഘനങ്ങളോട് അനുരഞ്ജനമില്ലാത്ത നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ പേശീബലം കാട്ടി ഭയപ്പെടുത്തുന്നവരാകരുത് പോലീസുകാരെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും വിശ്വാസ്യത നേടിയ പോലീസ് സേനയെന്ന നിലയില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ കേരള പോലീസ് പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട സ്പെഷ്യല്‍ ആംഡ് പോലീസ് ഗ്രൌണ്ടില്‍ നടന്ന ചടങ്ങില്‍ പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ച സേനാംഗങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു.
മികച്ച ഇന്‍ഡോര്‍ ആയി ഉല്ലാസ് വി. നായര്‍, ഔട്ട് ഡോര്‍ ആയി സി.എസ്. ശരത്ചന്ദ്, ഷൂട്ടര്‍ ആയി നസിമുദ്ദീന്‍, ആള്‍ റൌണ്ടറായി എ. ഷിബു എന്നിവരാണ് അംഗീകാരം ഏറ്റുവാങ്ങിയത്. സ്റേറ്റ് പോലീസ് ചീഫ് കെ.എസ്. ബാലസുബ്രഹ്മണ്യന്‍, എ.ഡി.ജി.പി.മാര്‍ പോലീസ് വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിനുശേഷം സ്പെഷ്യല്‍ ആംഡ് പോലീസ് ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Discussion about this post