പെരുമ്പാവൂര്‍: ഏറണാകുളം പെരുമ്പാവൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് മൂന്നു സ്ത്രീകള്‍ മരിച്ചു. മുട്ടത്തില്‍വീട്ടില്‍ കുട്ടപ്പന്റെ ഭാര്യ നാണി(65), ഇന്ദിര എന്നിവരാണ് മരിച്ച രണ്ടു സ്ത്രീകള്‍ . ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പെരുമ്പാവൂര്‍ കുറുപ്പുംപടി കൂട്ടുമഠം ക്ഷേത്രത്തിലാണ് ആനയിടഞ്ഞത്. തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവില്‍ രാമചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്.
വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം നടന്നത്.സംഭവത്തില്‍ 18 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആനയിടഞ്ഞതിനെ തുടര്‍ന്നുള്ള പരിഭ്രാന്തിയില്‍ തിക്കിലും തിരക്കിലും പെട്ടാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്. ഇടഞ്ഞ ആനയെ പിന്നീട് തളച്ചു. എഴുന്നള്ളത്ത് കഴിഞ്ഞ് ശ്രീകോവിലിന്റെ പടിപ്പുര കടക്കുന്നതിനിടെയാണ് ഏഴു ആനകളില്‍ തിടമ്പേറ്റിയ രാമചന്ദ്രന്‍ ഇടഞ്ഞത്. സംഭവത്തില്‍ ആനയുടെ ചവിട്ടേറ്റ് മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആനയുടെ പാപ്പാനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ മൂന്നു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയുടെ കുത്തേറ്റ് മരിച്ച നാണിയുടെ മകളേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചതായി അധികൃതര്‍ പറഞ്ഞു. ആനയിടയുന്ന സമയത്ത് മൂവായിരത്തോളം പേരാണ് ക്ഷേത്രത്തിനടുത്തുണ്ടായിരുന്നത്. ശ്രീകോവില്‍ കടക്കുന്നതിനിടെ പിറകില്‍ നിന്ന മറ്റൊരു ആനയുടെ കൊമ്പ് കൊണ്ടതാണ് രാമചന്ദ്രനെ പ്രകോപിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്.
Discussion about this post