ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട `ജല്‍’ ചുഴലിക്കാറ്റിന്റെ ശക്‌തി കുറയുന്നതായി കാലാവസ്‌ഥാ റിപ്പോര്‍ട്ട്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങിയിരുന്ന കാറ്റിന്റെ വേഗം 70 ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. നേരത്തെ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ കരയില്‍ വീശിയടിക്കുമെന്ന് കരുതിയിരുന്ന കാറ്റിന്റെ ശരാശരി വേഗം മാറിയ സാഹചര്യത്തില്‍ 100 കിലോമീറ്റര്‍ വരെയാവാമെന്നാണു പുതിയ നീരീക്ഷണം.
വേഗതയില്‍ കുറവു വന്നെങ്കിലും വ്യാപകമായ നാശനഷ്‌ടങ്ങള്‍ക്കിടയാക്കാവുന്ന പ്രഹര ശേഷിയോടെയാണ് ചുഴലിക്കാറ്റ് തമിഴ്‌നാട് ആന്ധ്രാ തീരങ്ങളിലേക്ക് നീങ്ങുന്നത്. അതേ സമയം തമിഴ്‌നാടിന്റെ വടക്കന്‍ജില്ലകളിലും ആന്ധ്രയുടെ തെക്കന്‍മേഖലകളിലും കനത്തമഴ തുടരുകയാണ്. ചെന്നൈയ്‌ക്ക് 650 കിലോമീറ്റര്‍ അകലെയാണ് കാറ്റ് രൂപം കൊണ്ടത്. ആന്ധ്രപ്രദേശിലെ നെല്ലൂര്‍, പ്രകാശം എന്നീ ജില്ലകളിലും തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലും ജല്‍ ചുഴലിക്കാറ്റ് നാശം വിതയ്‌ക്കുമെന്നാണ് കാലാവസ്‌ഥാ മുന്നറിയിപ്പ്. കെടുതികള്‍ നേരിടുന്നതിനായി ദുരന്തനിവാരണസേനയെ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ വിന്യസിച്ചിട്ടുണ്ട്. കര, നാവിക, വ്യോമ സേനകളുടെ സഹായവും ആന്ധ്രാ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തീരമേഖലകളില്‍ നിന്നും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ എല്ലാ തുറമുഖങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കെടുതികള്‍ നേരിടുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരും ജില്ലാ കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
Discussion about this post