തിരുവനന്തപുരം: നാളികേര, നെല്‍ക്കൃഷി മേഖലകളില്‍ കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുണ്ടാക്കാന്‍ മെഗാബയോപാര്‍ക്കുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ദേശീയകൃഷിഗ്രാമവികസന ബാങ്ക് (നബാര്‍ഡ്) തിരുവനന്തപുരത്തു സംഘടിപ്പിച്ച സെമിനാറില്‍ പ്രത്യേക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുട്ടനാടും പാലക്കാടുമാണ് നെല്‍ക്കൃഷിമേഖലകളിലെ ബയോപാര്‍ക്കുകളുണ്ടാക്കുക. നാളികേരത്തിനായി സംസ്ഥാനത്തിന്റെ മൂന്ന് മേഖലകളില്‍ ബയോപാര്‍ക്കുകള്‍ തുടങ്ങും. അടുത്ത ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഇത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളികേരത്തിന്റെ വിലയിടിവു തടയാന്‍ കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുണ്ടാവണം. നാളികേരത്തില്‍ നിന്ന് നീരയുല്പാദിപ്പിച്ച് വിപണനം ചെയ്യുന്നത് ഈ മേഖലയ്ക്കാകെ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ സമഗ്രവികസനം സാധ്യമാവണമെങ്കില്‍ കാര്‍ഷികമേഖലയില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാവണമെന്നും ഹൈടെക് കൃഷിയുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ സ്വമേധയാ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post