ഇറ്റാവ: 58-ാമത് ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ പി.യു. ചിത്രയ്ക്ക് ഇരട്ട സ്വര്‍ണവും ദേശീയ റെക്കോര്‍ഡും. ഇന്നു നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററിലാണ് പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ചിത്ര വീണ്ടും സ്വര്‍ണം നേടിയത്. 17 മിനിറ്റ് 4 സെക്കന്‍ഡിലാണ് ചിത്ര 5,000 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 1998ല്‍ മണിപ്പൂരിന്റെ രാധാമണി ദേവി സ്ഥാപിച്ച റെക്കോര്‍ഡാണ് തകര്‍ത്തത്. 15 വര്‍ഷം മുന്‍പ് രാധാമണി ദേവി 17 മിനിറ്റ് 8 സെക്കന്‍ഡ് കൊണ്ടാണ് 5,000 മീറ്റര്‍ ഓടിയെത്തിയത്.
3,000 മീറ്ററിലും ചിത്ര ഇന്നലെ സ്വര്‍ണം നേടിയിരുന്നു. മുണ്ടൂര്‍ പാലക്കീഴ് ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകളാണ് ചിത്ര. മുണ്ടൂര്‍ സ്‌കൂളിലെ എന്‍.എസ്. സിജിന്‍ ആണ് പരിശീലകന്‍. 5,000 മീറ്ററില്‍ ഇതേ സ്‌കൂളിലെ കെ.കെ. വിദ്യയ്ക്കാണ് വെങ്കലം. ഇന്നലെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പിന്നിലായിരുന്ന കേരളം 22 പോയിന്റുമായി മെഡല്‍ പട്ടികയില്‍ മുന്നിലാണ്.
Discussion about this post