പണ്ഡിതരത്നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍
ആത്മാവ് സ്വതസിദ്ധമായ നിലയില്‍ അസംഗനാണ്. ശരീരവുമായി ബന്ധമുള്ളപ്പോള്‍ മാത്രം അത് പ്രവൃത്തിയോടുകൂടിയതായി തോന്നുന്നു. ഇതാണ് ഈ ഉദാഹരണത്തിലൂടെ ശ്രീ ശങ്കരന്‍ നമ്മെ ധരിപ്പിക്കുന്നത്.
വാസ്യാദികമിവ തക്ഷ്ണഃ
(വിവേകചൂഡാമണി)
ആശാരിക്ക് ഉളി, കൊട്ടുവടി മുതലായതുപോലെ ആത്മാവ് കേവലജ്ഞാനസ്വരൂപനാണ് അത് പ്രവൃത്തികളില്‍നിന്നും, സുഖദുഃഖാദികളില്‍ നിന്നും നിത്യമായി മുക്തവുമാണ്. എന്നാല്‍ ചിലപ്പോള്‍ ആത്മാവു തന്നെ കര്‍മ്മങ്ങലിലും സുഖദുഃഖാദികളിലും മുഴുകുന്നതുപോലെ കാണുന്നുണ്ടല്ലോ. അതു ശരിയല്ല. ശരീരനിഷ്ഠമായ പ്രവൃത്തിയും സുഖദുഃഖാദികളുമെല്ലാം ആത്മാവില്‍ ആരോപിക്കുന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. വസ്തുതാപരമായി ആത്മാവിന് പ്രവൃത്തിയോ സുഖദുഃഖാദികളോ ഇല്ല. ആശാരിമാരുടെ ഉളി, കൊട്ടുവടി മുതലായവ ഉദാഹരണമായി കാണിച്ചാണ് ഈ കാര്യം ശ്രീശങ്കരന്‍ സമര്‍ത്ഥിക്കുന്നത്.
ഉളി, കൊട്ടുവടി മുതലായ പണിയായുധങ്ങള്‍ സ്വമേധയാ, മരഉരുപ്പടികള്‍ ഉണ്ടാക്കാറില്ല. അതിനുള്ള കഴിവ് ആശാരിക്കുള്ളതാണ് എന്നത് വെറും ഒരു വ്യാവഹാരികസത്യം. ആശാരിക്ക് ഉളി തുടങ്ങിയ ഉപകരണങ്ങള്‍ വേണമെന്നത് മറ്റൊരു കാര്യം. ഉളികള്‍ മരത്തടികള്‍ തുളയ്ക്കുകയും മുറിക്കുകയുമെല്ലാം ചെയ്യും. അവ സ്വമേധയാ ഇതൊന്നും ചെയ്യുന്നില്ലെന്നത് ഇവിടെ ശ്രദ്ധേയമാണ്. മേശയും കസേരയും ജനലും വാതിലുമെല്ലാം ഉണ്ടാകുന്നത് ഉളി മതുലായവകൊണ്ടാണ്. ഉളികളും മറ്റും തച്ചന്റെ പണിയായുധങ്ങളായി തീരുമ്പോള്‍ അവ പ്രവൃത്തിയോടുകൂടിയതായിതീരുന്നു. അല്ലാത്തപ്പോള്‍ ഉളി തുടങ്ങിയവ തികച്ചും നിഷ്‌ക്രീയമായി അവശേഷിക്കുന്നു. ഈ സ്ഥിതിതന്നെയാണ് ആത്മാവിന്റെ കാര്യത്തിലും ഉള്ളത്. ശരീരം ആത്മാവുമായി ബന്ധപ്പെട്ടപ്പോള്‍, ആത്മാവ് പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായും അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നതുമായും തോന്നിപ്പിക്കുന്നു. സ്വയം പ്രവര്‍ത്തിക്കാത്ത ഉളി തുടങ്ങിയവ തച്ചന്റെ കൈയില്‍ ആയപ്പോള്‍ അവ പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നതുപോലെയാണ് ഇത്. ആത്മാവിന്റെ യോഗത്തില്‍ ശരീരം ക്രിയയോടും സുഖദുഃഖാദികളോടും കൂടിയതായി കാണാം. ആത്മാവുമായി യോഗമില്ലെങ്കില്‍ ശരീരം വെട്ടിയിട്ട തടിപോലെയാണ്. അതുകൊണ്ടാണ് ശരീരം ചേഷ്ടയില്ലാതെ കിടക്കുന്നത്. ഈ സമയത്ത് ആത്മാവ് താത്ക്കാലികമായി പരമാത്മാവിലാണ് സ്ഥിതിചെയ്യുന്നത്. തിരിച്ച് ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് ഉണരുന്നത്. ഇതുപോലെ ഉളിയുടെ യോഗമുണ്ടെങ്കില്‍ ആശാരി ക്രിയയോടുകൂടിയവനായി കാണുന്നു. ഈ രീതി അനുസരിച്ച് നോക്കുമ്പോള്‍ ആത്മാവുമായി സംബന്ധമില്ലാത്ത ശരീരം ഉളിയില്ലാത്ത ആശാരിപോലെയാണ്. ഉളി കൈയ്യിലുള്ളപ്പോഴുള്ള ആശാരിയുടെ പ്രവൃത്തി ഉളിയുടേതല്ല. ‘ഉളി തുളച്ചുകയറുന്നു’എന്നു പറയാറുണ്ട്. ഇതുകേട്ടാല്‍തോന്നും ഉളിക്ക് തുളച്ചുകയറുന്ന പ്രവൃത്തി ഉണ്ടെന്ന് വാസ്തവത്തില്‍ ഇല്ല. പ്രവൃത്തി ആശാരിയുടേതാണ്. ഈ ദൃഷ്ടാന്തത്തില്‍ ശരീരം ആശാരിയുടെ പ്രതീകവും ഉളി ബ്രഹ്മാവിന്റെ പ്രതീകവും.
ഉളിയുടെ യോഗം കൊണ്ടുള്ള പ്രവൃത്തി ഉളിയുടേതല്ലാത്തതുപോലെ ആത്മയോഗം കൊണ്ടു ചെയ്തകാര്യം ആത്മാവിന്റേതല്ല. അതിനാല്‍ പ്രവൃത്തിയും സുഖദുഃഖാദികളും ആത്മാവിന്റെതല്ല.
‘അസിച്ഛിനത്തി’ (വാളുവെട്ടുന്നു) എന്ന പ്രയോഗമുണ്ടല്ലോ. അതുപോലെ ഉളി നിര്‍മ്മിക്കുന്നു – കര്‍മ്മവ്യാപൃതമാകുന്നു-എന്നുപറയാമല്ലോ. അപ്രകാരമായാല്‍ ആത്മാവിന്റെ പ്രതീകമായ ഉളിക്ക് പ്രവൃത്തിയും തന്മൂലം സുഖദുഃഖാദികളുണ്ടെന്ന് പറയാമോ? ഇതു ശരിയല്ല. വാളു വെട്ടുന്നു എന്നു പറഞ്ഞത് വാളു സ്വയം പ്രവൃത്തി ചെയ്യുന്നതുകൊണ്ടല്ല. വാളിന്റെ മൂര്‍ച്ചയും, വെട്ടിമുറിക്കുന്നതിന് അതുമൂലമുള്ള അനായാസതയും വെളിവാക്കാനുള്ള ഒരു പ്രയോഗംമാത്രമാണ്.
Discussion about this post