ഡോ.അദിതി
ബൃഹസ്പതിയും ശുക്രാചാര്യനും യഥാക്രമം ദേവന്‍മാരുടേയും അസുരന്‍മാരുടേയും ആചാര്യന്മാരായിരുന്നു. ഈ ആചാര്യന്മാരില്‍ ശുക്രാചാര്യന് സംജീവനി മന്ത്രമറിയാമായിരുന്നു. മരിച്ചവരെ വീണ്ടും ജീവിപ്പിക്കുന്നതാണ് ആ മന്ത്രം. ദേവാസുരയുദ്ധത്തില്‍ മരണപ്പെടുന്ന അസുരന്മാരെ സംജീവനി മന്ത്രംകൊണ്ട് ശുക്രാചാര്യന്‍ വീണ്ടും ജീവിപ്പിച്ചു. അതുകൊണ്ട് അസുരന്മാരെ തോല്‍പ്പിക്കുക അസാധ്യമായി പോകുകയും ദേവന്മാര്‍ തോല്‍ക്കുമെന്ന അവസ്ഥ വരികയും ചെയ്തു. ഈ സംജീവനിമന്ത്രം പഠിച്ചുകൊണ്ടുവരുവാന്‍ ബൃഹസ്പതിയുടെ പുത്രനായ കചനെ ചുമതലപ്പെടുത്തി രാക്ഷസന്‍മാരുടെ പാളയത്തിലെത്തി അവരുടെ ഗുരുവില്‍ നിന്നും ഈമന്ത്രം പഠിക്കാനുള്ള കൗശലം കചനു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കചന്‍ ശുക്രാചാര്യന്റെ ആശ്രമത്തിലെത്തി. ശുക്രാചാര്യന്റെ കീഴില്‍ ആയിരം കൊല്ലം ബ്രഹ്മചാരിയായി താമസിക്കാനുള്ള അനുമതി തേടി. ദേവയാനി ശുക്രാചാര്യന്റെ ഏകമകളായിരുന്നു. കചന്‍ ശുക്രാചാര്യനെ ശുശ്രൂഷിച്ചും, ദേവയാനിയെ പ്രീതിപ്പെടുത്തിയും കഴിഞ്ഞുവന്നു. പെട്ടെന്നു തന്നെ ശുക്രാചാര്യന്റെയും ദേവനായിയുടേയും അഭിനന്ദനവും സ്‌നേഹവും പിടിച്ചുപറ്റാന്‍ കചനു കഴിഞ്ഞു. ദേവയാനിക്ക് പൂക്കളും പഴങ്ങളും പറിച്ചുകൊടുക്കാന്‍ പര്യാപ്തമായിരുന്നു. അതുകൊണ്ടുതന്നെ സ്വാഭാവികമായും ദേവയനാനി കചനെ ആത്മാര്‍ത്ഥമായി പ്രേമിച്ചുപോയി. കചന്‍ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന കാലമാകയാല്‍ ദേവയാനി ഈ കാര്യം കചനോട് തുറന്നു പറഞ്ഞില്ല. എന്നാലും ദേവയാനിക്ക് തന്നില്‍ പ്രേമം ജനിപ്പിക്കത്തക്ക തരത്തില്‍ കചന്‍ പെരുമാറുമായിരുന്നു.
അസുരന്‍മാരാകട്ടെ, വളരെ വൈകാതെ കചന്റെ ആഗമനോദ്ദേശ്യം തിരിച്ചറിഞ്ഞു. അവര്‍ കചനെ പിടിച്ചുകൊണ്ടുപോയി വധിച്ച് ശവശരീരം നുറുക്കിചെന്നായ്ക്കള്‍ക്ക് ഇട്ടുകൊടുത്തു. വൈകിട്ടും കചനെ ആശ്രമത്തില്‍ തിരിച്ചുകാണാതായപ്പോള്‍ ദേവയാനിക്ക് ദുഃഖമുണ്ടായി. അവള്‍ നിശ്ചയിച്ചു. അസുരന്‍മാര്‍ തന്റെ കചനെ വധിച്ചുകാണും. കചനെ പുനരുജ്ജീവിപ്പിക്കാന്‍ അവള്‍ തന്റെ അച്ഛനായ ശുക്രാചാര്യനോട് അഭ്യര്‍ത്ഥിച്ചു. മകളുടെ സന്തോഷത്തിനുവേണ്ടി ശുക്രാചാര്യന്‍ സംജീവനി മന്ത്രം ജപിച്ചു മന്ത്രശക്തിയാല്‍ കചന്‍ നായ്ക്കളുടെ വായില്‍നിന്നും കഷണംകഷ്ണമായി പുറത്തുവന്ന് ഒന്നു ചേര്‍ന്ന് പഴയരൂപത്തിലായി. എന്നാല്‍ കചനെ വകവരുത്താന്‍ ദൃഢനിശ്ചയം ചെയ്തിരുന്ന ദാനവന്‍മാര്‍ അവരുടെ പദ്ധതി ഉപേക്ഷിച്ചില്ല. അവര്‍ വീണ്ടും കചനെ പിടിച്ചുകൊണ്ടുപോയി വധിച്ചശേഷം ശവശരീരത്തെ അരച്ച് കടലില്‍ കലക്കി. കചനെ കാണാത്തതില്‍ ദുഃഖം പൂണ്ട് ദേവനയാനി തന്റെ അച്ഛനിലൂടെ അയാള്‍ക്ക് പുനര്‍ജന്മം കൊടുപ്പിച്ചു. കചന്‍ ചത്തില്ലെന്നു മനസ്സിലാക്കിയ അസുരന്‍മാര്‍ അയാളെ വീണ്ടും വധിച്ചു. ശവശരീരം ചുട്ടുചാമ്പാലാക്കി. എന്നിട്ട് ആ ചാമ്പലിനെ സുരയില്‍ (കള്ളില്‍) കലക്കി ശുക്രാചാര്യനും തന്നെ കുടിക്കാന്‍ കൊടുത്തു. പതിവുപോലെ ദേവനയാനി കചനുവേണ്ടി നിലവിളിച്ചു. ഇത്തവണ കചന്റെ മരണം ഒരു സത്യമാണെന്ന് അദ്ദേഹം ദേവയാനിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ദേവയാനിയുടെ ദുഃഖം ഏതു സാന്ത്വനങ്ങള്‍ക്കും അപ്പുറത്തായിരുന്നു. കചനെ പുനര്‍ജനിപ്പിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യചെയ്യുമെന്ന് അവള്‍ ശുക്രാചാര്യരെ ബോധ്യപ്പെടുത്തി. മൂന്നാം തവണയും കചന്റെ പേരു ചൊല്ലി ശുക്രാചാര്യര്‍ സംജീവനി മന്ത്രം ചൊല്ലി. കചന്‍ ശുക്രാചാര്യരുടെ വയറു പൊട്ടിമാത്രമേ കചനു പുറത്തു വരാന്‍ പറ്റുമായിരുന്നുളളൂ. അപ്രകാരം സംഭവിച്ചാല്‍ തനിക്കു വേണ്ടി എന്തും ചെയ്യുന്ന സ്‌നേഹനിധിയായ അച്ഛന്‍ മരിക്കും. അതു സംഭവിച്ചില്ലെങ്കില്‍ പ്രേമനിധിയായ കാമുകന്‍ മരിക്കും. കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി തന്റെ മരണമോ, കചന്റെ പുനര്‍ജന്മമോ ഏതെങ്കിലുമൊന്ന് വരിച്ചുകൊള്ളുവാന്‍ ദേവയാനിയോട് ശുക്രാചാര്യര്‍ പറഞ്ഞു.
ദേവയാനിക്ക് വാത്സല്യ നിധിയേയും പ്രേമനിധിയേയും വേണം. അവള്‍ തന്റെ അച്ഛനെ അറിയിക്കുകയും ചെയ്തു. ഇപ്രകാരം നിവൃത്തിയില്ലാതെ വന്ന ഒരു സാഹചര്യത്തില്‍ ശുക്രാചാര്യന്‍ തന്റെ ഉദരത്തില്‍ കിടന്നിരുന്ന കചന് സംജീവനിമന്ത്രം ഉപദേശിച്ചുകൊടുത്തു. തുടര്‍ന്ന് ശുക്രാചാര്യന്‍ സംജീവനി മന്ത്രം ചൊല്ലിയപ്പോള്‍ അദ്ദേഹത്തിന്റെ വയറുപിളര്‍ന്ന് കചന്‍ പുറത്തുവന്നു മരിച്ചു വീണ ശുക്രാചാര്യനെ ഞൊടിയിടയില്‍ സംജീവനി മന്ത്രം ചൊല്ലി തന്നെ ജീവിപ്പിച്ചു. സംജീവനി മന്ത്രം കിട്ടിയതോടെ കചന്റെ ദൗത്യം പരിപൂര്‍ണ്ണമായി. കചന്റെ ഈ വിജയത്തിനു പിന്നില്‍ ദേവയാനിക്ക് അയാളോടുണ്ടായിരുന്ന, വാക്കുകള്‍കൊണ്ടു വര്‍ണ്ണിക്കാന്‍ പറ്റാത്ത, സ്‌നേഹമായിരുന്നു കാരണം. വൈകാതെ തന്നെ ശുക്രാചാര്യരില്‍ നിന്നും വിടവാങ്ങി കചന്‍ തിരിച്ചുപോകാന്‍ തുടങ്ങി. ഇത് ദേവയാനിക്ക് ഹൃദയഭേദകമായിരുന്നു. തന്നെസ്വീകരിക്കുവാന്‍ അവള്‍ കചനോട് താണുകേണപേക്ഷിച്ചു. എന്നാല്‍ കചനാകട്ടെ കൂസലുമില്ലാതെ ദേവയാനിയുടെ അപേക്ഷ നിരസിക്കുക തന്നെ ചെയ്തു. പ്രാമാഗ്നിയില്‍ നീറുന്ന അവളുടെ ഹൃദയത്തിന് ഈ സംഭവം താങ്ങാവുന്നതിലേറെയായിരുന്നു. ആ ആഘാതത്തില്‍ അവള്‍ കചനെ ശപിച്ചു. ‘ നീ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍, എന്നെ സ്‌നേഹിക്കുന്ന നിലയില്‍പെരുമാറി, എന്നെ കരുവാക്കി, നീ ആര്‍ജ്ജിച്ച സംജീവനി മന്ത്രം ഫലിക്കാത പോകും’. ശാപം കേട്ട് അക്ഷോഭ്യനായി നിന്ന കചന്‍ അവളെ ഒരു മറുശാപം കൊണ്ട് തിരിച്ചടിച്ചു. നിന്റെ ശാപം ധര്‍മ്മത്തില്‍ അധിഷ്ഠിതമല്ല. അതു വൈകാരിക ഭാവത്തില്‍ നിന്നും ഉടലെടുത്തതാണ്. നിനക്കെന്നോടു തോന്നിയ വികാരാവേശം ഫലവത്താകാത്തതുപോലെ നിന്റെ ശാപവും ഫലിക്കുകയില്ല.
സാധാരണയായി ശാപവും തുടര്‍ന്ന് ശാപമോക്ഷവുമാണ് ഉണ്ടാവുക. ഇവിടെ ശാപവും എതിര്‍ശാപവുമാണ് ഉണ്ടായിരിക്കുന്നത്. ഈ ശാപങ്ങളെയും ഔചിത്യത്തെയും വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ഏതെല്ലാം തരത്തില്‍ എത്രയെല്ലാം വാദമുഖമുന്നയിച്ചാലും കചനെ ജീവിതസഖാവായി കിട്ടുവാനുള്ള ദേവയാനിയുടെ ആഗ്രഹം ചോദ്യംചെയ്യാന്‍ പറ്റുന്നതല്ല. ഒന്നും രണ്ടും തവണ അല്ല മൂന്നുതവണയാണ് കൊല്ലപ്പെട്ട കചനെ പുനരുജ്ജീവിപ്പിക്കുന്നതിന് അവള്‍ കാരണമായത്. കചന്‍ ആശ്രമത്തില്‍ തിരിച്ചെത്തുന്നതിന് വൈകിപ്പോയ ഓരോ വേളയിലും ദേവയാനിക്കുണ്ടായ ഹൃദയ വൃഥ പറഞ്ഞാല്‍ തീരുകയില്ല. ഓരോ തവണയും കചനെ വീണ്ടെടുക്കുവാന്‍ വിതുമ്പുന്ന ദുഃഖഭാരത്തോടും തേങ്ങലോടും കൂടി ശുക്രാചാര്യരോട് അവള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ പ്രേമാഗ്നിയില്‍ കത്തി നില്‍ക്കുന്ന അവളുടെ നെഞ്ചകം ശുക്രാചാര്യന്‍ കണ്ടിരുന്നു. തന്റെ ഓമനപുത്രിയെ സാന്ത്വനപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഓരോ തവണയും ശുക്രാചാര്യന്‍ സംജീവനീ മന്ത്രം ഉപയോഗിക്കാന്‍ പ്രേരിതനായത്. തന്റെ സര്‍വസ്വവുമായ ഏക മകളുടെ സന്തോഷം മാത്രമായിരുന്നു മറ്റെന്തിനെക്കാളും ശുക്രാചാര്യനു വലുത്. മൂന്നാം തവണ കചനെ ജീവിപ്പിക്കുന്നതില്‍ ആഴിക്കും ഗര്‍ത്തത്തിനുമിടയില്‍ അവള്‍ പെട്ടുപോയ കാര്യം നാം കണ്ടതാണ്. സ്‌നേഹനിധിയായ അച്ഛന്‍ മരിച്ചുവേണം പ്രയതമന്‍ ജീവിയ്‌ക്കേണ്ടത്. ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്തു കൊള്ളാന്‍ പറഞ്ഞപ്പോള്‍ അവളനുഭവിച്ച ദുഃഖത്തിന്റെ തീവ്രത ഒരു നായികയും ഈ ലോകത്ത് അനുഭവിച്ചു കാണാനിടയില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു. എനിക്കെന്റെ അച്ഛനും വേണം പ്രിയതമനും വേണം. ദേവയാനിയുടെ ഈ ഭാവമായിരുന്നു കചന്‍ അയാളുടെ ദൗത്യത്തില്‍ വിജയിക്കാനുള്ള ഏക കാരണം. രണ്ടും സാധ്യമാണോ എന്നു ചിന്തിക്കേണ്ട കാരം ദുഃഖസാഗരത്തില്‍ ആണ്ടുപോയിരിക്കുന്ന അവള്‍ ചിന്തിക്കേണ്ടകാര്യമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഔചിത്യവും യുക്തിയുമൊന്നും വിലപ്പോകുകയുമില്ല. ഈ സംഭവങ്ങള്‍ കചനില്‍ ദേവയാനിയിക്കുണ്ടായിരുന്ന സ്‌നേഹം എത്രമാത്രം ആഴവും പരപ്പും ഉള്ളതായിരുന്നു എന്നു വ്യക്തമാക്കുന്നു. കചന്‍ എത്രമാത്രം ദേവയാനിയോട് കടപ്പെട്ടിരക്കുന്നു. എന്നതും വ്യക്തമാക്കുന്നു. തന്റെ സര്‍വസ്വവുമായ സ്‌നേഹനിധിയായ അച്ഛന്റെ ജീവന്‍ ഭീഷണിയിലാണെന്നറിഞ്ഞിട്ടും കചനെ ഉപേക്ഷിക്കുവാന്‍ അവള്‍ തയ്യാറായില്ല. സ്വന്തം പിതാവിനെക്കാളും അവള്‍ കചനെ സ്‌നേഹിച്ചിരുന്നോ? എന്നു വേണമെങ്കില്‍ ഒരാള്‍ക്ക് സംശയിക്കാം. എന്നാല്‍ ആ ചിന്തയ്ക്ക് ഇവിടെ സ്ഥാനമില്ല. കചന്റെ പുനര്‍ജന്മവും ശുക്രാചാര്യന്റെ ജീവിതവും രണ്ടും കൊടുക്കാനും നിലനിര്‍ത്താനും തന്റെ അച്ഛന് കഴിയുമെന്ന് അവള്‍ വിശ്വസിച്ചിരുന്നു.
സംഭവഗതികള്‍ എന്തൊക്കെയായാലും അത്യന്തം പാവന ചിത്തയായ, സ്വാതിയായ ദേവയാനിയെ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിനും അഭിനന്ദിക്കുന്നതിലും കചന്‍ അമ്പേ പരാജയപ്പെട്ടു എന്നു ധരിക്കേണ്ടിയിരിക്കുന്നു. തന്റെ പൂജ്യപിതാവിന്റെ ജീവനെ വാള്‍മുനയില്‍നിര്‍ത്തിയിട്ടുപോലും പ്രീയതമന്റെ രക്ഷക്ക് നെഞ്ചത്തടിച്ച് നിലവിളിച്ച് ആത്മഹത്യക്കുപോലും ഒരുങ്ങിയ അവളെ നിഷ്‌കരണം ഉപേക്ഷിച്ച കചന്റെ നിലപാട് അപലനീയംതന്നെ. നിന്ദനീയംതന്നെ. കചന്‍ തന്നെ ഉപേക്ഷിച്ചുപോകുന്നു എന്നു കണ്ടപ്പോള്‍ സാധാരണ ഒരു കന്യകയായിരുന്നുവെങ്കില്‍ കോപാക്രാന്തയാകുമായിരുന്നു. എന്നാല്‍, കചനിലുള്ള അവളുടെ പ്രേമത്തിന്റെ അതിസാന്ദ്രത ശപിക്കുന്നവേളയിലും ഒരു കടിഞ്ഞാണിട്ടിരിക്കുന്നു. അവളുടെ ശാപത്തില്‍ കചനെ കായികമായി ദോഷമുണ്ടാക്കുന്ന ഒന്നുമില്ലായിരുന്നു. ദേവയാനിയുടെ സ്ഥാനത്ത് ഒരു അന്യ സ്ത്രീ ആയിരുന്നെങ്കില്‍ കചനെ ശപിച്ചുകൊന്നേനെ. ഈ നിലയില്‍ ഈ സംഭവത്തെ പരിശോധിക്കുമ്പോള്‍ കചന്‍ അത്യന്തം ഗണനീയന്‍ തന്നെ എന്നു ധരിക്കേണ്ടിയിരിക്കുന്നു. ശരിക്കുപറഞ്ഞാല്‍ ഇതൊരു ശാപംപോലുമല്ല. തന്നോടു കടുംകൈ കാണിച്ച കാമുകനെ ശപിക്കാവുന്നതിലപ്പുറം ദേവയാനിയുടെ അപേക്ഷ നിരസിച്ചതിനു പിന്നില്‍ മൂന്നുകാരണങ്ങളുണ്ട്. ഒന്ന് ഇവള്‍ ആചാര്യന്റെ മകള്‍, രണ്ട് ഇവളെ സ്വീകരിക്കാന്‍ ഗുരുതന്നോടുപറഞ്ഞില്ല. മൂന്ന് അയാള്‍ ശുക്രന്റെ ഉദരത്തില്‍നിന്നുവന്നതുകൊണ്ട് ശുക്രന്റെ മകനും ദേവയാനിയുടെ സഹോദരനും എന്നതിലും എല്ലാം വെറും കാരണം കണ്ടെത്തലുകളല്ലേ? കചനു ദേവയാനിയുമായിട്ടുള്ള സമീപനത്തില്‍ ഒരു അകല്‍ച്ചയോ അപ്രീതിയോ നാം ഇതുവരെ കണ്ടില്ല. ഇവള്‍ ആചാര്യന്റെ മകള്‍ എന്നു പറഞ്ഞപ്പോള്‍ കചന്‍ അവളോട് സ്‌നേഹത്തെക്കാളേറെ ബഹുമാനമെന്നല്ലേ ധരിക്കേണ്ടത്. സംഭവത്തെ മൊത്തം അവലോകനം ചെയ്താല്‍ ആ അഭിപ്രായം നിലനില്‍ക്കുകയില്ലെന്ന് കചനുതന്നെ ബോദ്ധ്യമുണ്ട്. അതുകൊണ്ടാണ് അയാള്‍ രണ്ടാമതൊരു കാരണം പറഞ്ഞത്. ഗുരുവിന്റെ മകളെ കല്ല്യാണംകഴിക്കുക എന്നത് അന്ന് നിലവിലുള്ള ഒരു സമ്പ്രദായം തന്നെ. എന്നും കചനേയും ദേവയാനിയേയും കണ്ടുകൊണ്ടിരുന്ന ശുക്രാചാര്യന് ഇവര്‍ തമ്മില്‍ അടുപ്പത്തിലാണെന്നുധരിക്കാന്‍ പറ്റുകയില്ലേ? ഒരുപക്ഷേ, ശരിയായിരിക്കാം ഇവരുടെ ബന്ധം തന്റെകൂടിയുള്ള ശ്രമത്തില്‍ നടക്കേണ്ട എന്ന് ശുക്രാചാര്യന്‍ കരുതിയിരിക്കാം. അതിലും കൗതുകമുളവാക്കുന്നത് വേറൊരു കാര്യമാണ്. എന്തുപറഞ്ഞാലും തനിക്കു സാധിച്ചുതരുന്ന തന്റെ പൂജ്യ പിതാശ്രീയോട് ദേവയാനി ഇക്കാര്യം അഭ്യര്‍ത്ഥിച്ചിട്ടില്ല. എന്നാല്‍ ഒരു യുവാവിന്റെ ജീവനുവേണ്ടി സ്വന്തം പിതാവിന്റെ ജീവന്‍ പന്താടുകയും ആത്മഹത്യക്കു ഒരുമ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ദേവയാനി പറയാതെതന്നെ ശുക്രാചാര്യന് കാര്യം മനസ്സിലാവുകയില്ലേ?
എന്നാല്‍ ഇതിന് വേറൊരു സമാധാനമുണ്ട്. ഒരുവന്‍ ജീവിച്ചോട്ടെ എന്ന മാനുഷികകാരുണ്യമാണ് അതിന്റെ പിന്നില്‍ എന്നു ധരിക്കരുതോ? കചനോട് ദേവയാനി നേരിട്ടുപറഞ്ഞു അങ്ങ് എന്റെ പിതാവിന്റെ ഉദരിത്തിലായിപ്പോയതുകൊണ്ട് അദ്ദേഹത്തിന്റെ പുത്രനൊന്നുമല്ല. അക്കാര്യം ഒരു ഗൂഢാലോചനയുടെ ഫലംമാത്രമായുരന്നു. എന്റെ അച്ഛന്‍ പത്തുമാസം വയറ്റില്‍ പേറി പ്രസവിച്ചതുമല്ല. സംജീവനിമന്ത്രംകൊണ്ട് പുറത്തുവന്ന ആളാണ് അതുകൊണ്ട് അങ്ങ് എന്റെ അച്ഛന്റെ മകനുമല്ല.
മേല്‍പ്പറഞ്ഞ വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ ദേവയാനിയെ ഒഴിവാക്കാനുള്ള കചന്റെ വാദമുഖങ്ങള്‍ കൗസല്യപൂര്‍വ്വം മെനഞ്ഞെടുത്തതാണെന്ന് മനസ്സിലാകും. കചന്റെ ഉദ്ദേശ്യം സംജീവനീമന്ത്രം കൈക്കലാക്കുകമാത്രം. കാര്യം നടക്കാന്‍ ദേവയാനിയെ പാട്ടിലാക്കേണ്ടിയിരുന്നു. കചന്റെ ഈ പരിശ്രമത്തെ ദേവയാനി പ്രേമമായി തെറ്റിദ്ധാരണയെ അടിസ്ഥാനമാക്കിയുള്ള ഒരു ബന്ധത്തിന് അടിമപ്പെടാന്‍ കൂട്ടാക്കാത്ത കചനെ കുറ്റക്കാരനാക്കാമോ? അത്യന്തം ശ്രദ്ധേയമായ ഒരു സംഭവംകൂടി ഇവിടെ ഉണ്ടായിരിക്കുന്നു. വിടവാങ്ങാന്‍ തയ്യാറായി എന്ന കചനെ സര്‍വ്വാനുഗ്രഹങ്ങളോടുകൂടി ശുക്രന്‍ യാത്രയാക്കുകയാണുണ്ടായത്. ഇക്കാര്യം ദേവയാനിയുടെ പ്രേമത്തെ ശുക്രാചാര്യന്‍ തള്ളിക്കളഞ്ഞു എന്നതിനു തെളിവാണ്. ഇപ്രകാരം ദേവയാനി തന്റെ പ്രേമവൃത്താന്തം എന്തും സാധിച്ചുകൊടുക്കുന്ന ശുക്രാചാര്യനോടു പറഞ്ഞില്ല. കചദേവയാനി സൗഹൃദം നല്ലവണ്ണം അറിയാമായിരുന്ന ശുക്രാചാര്യന്‍ കചനോട് ദേവയാനിയെ സ്വീകരിക്കാന്‍ പറയാത്തതും ദേവയാനിയെ ഒഴിവാക്കിയ കചന്റെ നിലപാട് ഉറപ്പുള്ളതാക്കിതീര്‍ക്കുന്നു. അതുകൊണ്ട് കടുത്തശാപം അല്ലെങ്കില്‍പോലും ദേവയാനിയുടെ ശാപത്തിന് കചന്‍ ഇരയായില്ല. കചന്‍ പറഞ്ഞു. നിനക്ക്, തോന്നുന്നതുപോലെ എന്നെ ശപിച്ചോ ഒരു ബ്രഹ്മചാരിക്ക് യോജിക്കുന്ന നിലയില്‍ എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ വെളിവാക്കിയിട്ടുണ്ട്. കുറ്റം ചെയ്യാത്ത എന്നെയാണ് ശപിച്ചത്. എന്റെ ശാപം വികാരത്തിലധിഷ്ഠിതമാണ്. ധര്‍മ്മത്തിലല്ല. നിനക്ക് എന്നിലുള്ള വികാരം സഫലമാകാത്തതുപോലെ ഈ ശാപവും സഫലമാവുകയില്ല. സംജീവനിമന്ത്രം പ്രയോജനപ്പെടുകയില്ല എന്ന നിന്റെ ശാപവും ഫലവത്താകുകയില്ല. നിന്നെ ഒരു ബ്രാഹ്മണനും വിവാഹം കഴിക്കുകയുമില്ല.
ഇവിടെ കചനോ ദേവയാനിയോ മനഃപൂര്‍വ്വമായ ഒരു തെറ്റും ചെയ്തില്ല. അതുകൊണ്ട് ശാപവും അനുശാപവും ഫലിച്ചില്ല. സംജീവനി മന്ത്രം പ്രയോജനപ്പെട്ടു. നഹുഷന്റെ മകന്‍ യയാതി ദേവയാനിയെ കല്യാണം കഴിച്ചു. ഒരു ബ്രാഹ്മണന്‍ അല്ലെങ്കില്‍ രാജാവ് എന്ന നിലയില്‍ അയാള്‍ ഒരു ബ്രാഹ്മണനേക്കാള്‍ എത്രയോ വലുതായിരുന്നു.
Discussion about this post