തിരുവനന്തപുരം: നിര്‍ദ്ധനരായവര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കുന്ന പദ്ധതി ഓഗസ്റ്റില്‍ തുടങ്ങുമെന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം. ഒരു ലക്ഷം പേര്‍ക്കാണ് ഭൂമി നല്‍കുക. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന ലക്ഷം വീട് പദ്ധതി തുടരുമെന്നും 2000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വീട് നല്‍കുമെന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടരുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരും. സുരക്ഷ ഫലപ്രദമായി നടപ്പാക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കും. കുടുംബശ്രീ പദ്ധതി മുന്നോട്ടുകൊണ്ടുപോകും. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ സഹായം സംസ്ഥാനത്തിനു ലഭിച്ചു. സ്മാര്‍ട്ട്സിറ്റിയിലും കൊച്ചി മെട്രോ പദ്ധതിയിലും ഏറെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനായി. ഇതു വികസനത്തിന്റെ വേഗം കൂട്ടും. എമര്‍ജിംഗ് കേരള സംസ്ഥാനത്തെ വികസനത്തിനു മികച്ച പ്രതികരണം ഉണ്ടാക്കി. വികസന രംഗത്ത് നേട്ടമുണ്ടാക്കാന്‍ ഇതിനായി. വലിയ വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ എത്തും. ഇ ഗവേണന്‍സിനു പ്രധാന്യം നല്‍കും. വിലക്കയറ്റം ചെറുക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തു.
പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഐടി രംഗത്തെ കുതിപ്പിനായി ഇന്റഗ്രേറ്റഡ് ഹൈടെക് ഐടി കൌണ്‍സില്‍ രൂപീകരിക്കും. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു അറുതി വരുത്താനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി. കേരളത്തെ നിക്ഷേപ സൌഹൃദ സംസ്ഥാനമാക്കും. പാരമ്പര്യ വ്യവസായങ്ങള്‍ക്കു സഹായം നല്‍കും. പാലുത്പാദനം വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഗോവര്‍ദ്ധനി പദ്ധതി നടപ്പാക്കും. ക്ഷീര കര്‍ഷകര്‍ക്കു മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും പ്രസംഗത്തില്‍ പറയുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. മാലിന്യ സംസ്കരണത്തിനു പ്രത്യേക പദ്ധതി തയാറാക്കും. ഇടുക്കിയിലെ കാര്‍ഷിക മേഖലയ്ക്കായി പുതിയ പദ്ധതി ആവിഷ്കരിക്കും. ആദിവാസി മേഖലയിലെ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇവര്‍ക്കു സ്കൂളുകളിലെത്താന്‍ പ്രത്യേകം വാഹനസൌകര്യം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പിന്നാക്ക വിദ്യാര്‍ഥികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സ്കോളര്‍ഷിപ്പ് നല്‍കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
സമ്മേളനം 21 വരെ തുടരും. നാലിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് നാല്, ആറ്, ഏഴ് തീയതികളില്‍ ചര്‍ച്ച നടക്കും. പ്രധാനമായും ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ പാസാക്കുകയാണു സമ്മേളനത്തിന്റെ ലക്ഷ്യം.
Discussion about this post