തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികള്‍ക്ക്, ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ലൈസന്‍സോ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ എടുക്കുന്നതിനുള്ള കാലാവധി 6 മാസത്തേക്കുകൂടി നീട്ടണമെന്ന്, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വ്യാപാരികള്‍ക്ക് ഇനിയും ലൈസന്‍സോ രജിസ്ട്രേഷനോ ലഭിക്കാനുണ്ടെന്ന വസ്തുത കണക്കിലെടുത്താണ് ഇങ്ങനെ ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇരുപത്തി അയ്യായിരത്തോളം ലൈസന്‍സുകളും ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു. ഫീസിനത്തില്‍ ഒമ്പതുകോടി രൂപ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ജനുവരി 15 മുതല്‍ സംസ്ഥാനത്തെ 69 താലൂക്കുകളിലും ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ലൈസന്‍സിംഗ്-രജിസ്ട്രേഷന്‍ മേളകള്‍ സംഘടിപ്പിച്ചുവരികയാണ്. അന്നുമുതല്‍ക്കുതന്നെ ഇവ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. സ്വന്തം കമ്പ്യൂട്ടര്‍ മുഖേനയോ, അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ലൈസന്‍സും രജിസ്ട്രേഷനും കരസ്ഥമാക്കാനുള്ള സൌകര്യം വ്യാപാരികള്‍ക്കുണ്ട്.
ഹോട്ടലുകള്‍, റസ്റോറന്റുകള്‍, ബേക്കറികള്‍, ചെറുകിട-വന്‍കിട ഭക്ഷണ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തട്ടുകടനടത്തിപ്പുകാര്‍, വഴിവാണിഭക്കാര്‍ എന്നിവര്‍ക്കെല്ലാം ലൈസന്‍സും രജിസ്ട്രേഷനും നിയമാനുസൃതം നിര്‍ബന്ധമാണ്. 12 ലക്ഷത്തിനുമുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളാണ് ലൈസന്‍സ് എടുക്കേണ്ടത്. അതില്‍ത്താഴെ വിറ്റുവരവുള്ളവര്‍ക്കാണ് രജിസ്ട്രേഷന്‍ വേണ്ടത്. രജിസ്ട്രേഷന് 100 രൂപയും ലൈസന്‍സിന് 2000 മുതല്‍ 5000 വരെയുമാണ് ഫീസ്.
Discussion about this post