-
ശിക്ഷിക്കപ്പെട്ട പ്രതിയുടെ വാക്കുകള്‍ മുഖവിലക്കെടുക്കേണ്ടന്ന് പി.ജെ കുര്യന്‍
കൊച്ചി: സൂര്യനെല്ലിക്കേസില്‍ പി.ജെ. കുര്യന് പങ്കുണ്ടെന്ന് മൂന്നാം പ്രതി ധര്‍മരാജന്‍. തന്റെ അംബാസഡര്‍ കാറിലാണ് കുര്യനെ താന്‍ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചതെന്ന് ധര്‍മരാജന്‍ പറഞ്ഞു. കുര്യന്റെ പേരു പറയരുതെന്ന് സിബി മാത്യൂസ് തന്നോട് പറഞ്ഞുവെന്നും എന്നാല്‍ പേരു പറയണമെന്ന് മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനായ ജോഷ്വ പറഞ്ഞുവെന്നും ധര്‍മരാജന്‍ പറഞ്ഞു. സ്വാധീനം മൂലമാണ് തിരച്ചറിയല്‍ പരേഡില്‍നിന്ന് കുര്യന്‍ രക്ഷപ്പെട്ടത്.
സംഭവ ദിവസം കുര്യന്‍ പെരുന്നയിലെത്തിയെന്ന സുകുമാരന്‍ നായരുടെ മൊഴി വ്യാജമാണെന്നും ധര്‍മരാജന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന ബാജിയെന്നയാള്‍ മറ്റൊരാളാണ്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ധര്‍മരാജന്‍. ഒരു ഖദര്‍ധാരി തന്നെ പീഡിപ്പിച്ചെന്നും അത് പി.ജെ. കുര്യന്‍ ആണെന്നുമാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ വാദം.
കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ഏകപ്രതിയായ ധര്‍മരാജന്‍ ജാമ്യത്തിലിറങ്ങിയശേഷം ഒളിവിലാണ്. കോട്ടയത്തെ പ്രത്യേക കോടതി ഇയാള്‍ക്ക് ജീവപര്യന്തം കഠിനതടവാണ് ശിക്ഷ വിധിച്ചതെങ്കിലും 2005 ജനുവരി 20 ന് ഹൈക്കോടതി ധര്‍മരാജന്റെ ജീവപര്യന്തം ശിക്ഷ അഞ്ചു വര്‍ഷമാക്കി ഇളവുചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഇപ്പോള്‍ മൈസൂരിനടുത്ത് ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം.
അതേസമയം ശിക്ഷിക്കപ്പെട്ട ഒരു പ്രതിയുടെ മൊഴിക്ക് നിയമസാധുതയില്ലെന്നും അയാളുടെ വാക്കുകള്‍ മുഖവിലക്കെടുക്കേണ്ടന്നും പി.ജെ കുര്യന്‍ തിരുവല്ലയില്‍ പറഞ്ഞു. സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യനും പീഡിപ്പിച്ചുവെന്ന കേസിലെ പ്രധാനപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശിക്ഷിക്കപ്പെട്ട പ്രതിയുടെ മൊഴിക്ക് നിയമസാധുത ഇല്ലന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് പ്രതിക്കും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയാന്‍ അവസാനഘട്ടത്തില്‍ ജഡ്ജി അവസരം നല്‍കും. ആ സമയത്ത് ധര്‍മരാജന്‍ ഒന്നും പറഞ്ഞിരുന്നില്ല. എന്നിട്ട് ഇപ്പോള്‍ പറയുന്നതിന്റെ കാരണം നിങ്ങള്‍ അന്വേഷിക്കണമെന്നും പി.ജെ കുര്യന്‍ പറഞ്ഞു.
Discussion about this post