വിഴിഞ്ഞം : വിഴിഞ്ഞം തീരപ്രദേശത്ത് വ്യാഴാഴ്ച പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും വന്‍ നാശനഷ്ടം. തുറമുഖത്ത് നിന്നും മാലിയിലേക്ക് ചരക്ക് കയറ്റി പോകാനായി നങ്കൂരമിട്ടിരുന്ന കപ്പല്‍ കയര്‍പൊട്ടി കരയ്ക്കടിഞ്ഞു. ആടിയുലഞ്ഞ് ചരിഞ്ഞ കപ്പലില്‍ നിന്നും കപ്പലിന്റെ ഉടമ തമിഴ്നാട് സ്വദേശി രവിചന്ദ്രന്‍, ജീവനക്കാരായ അശോകന്‍, കലൈമാരന്‍, ചിത്രവേല്‍, കാന്തവേല്‍, പ്രവീണ്‍ എന്നിവരെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി. കപ്പലിന്റെ അടിഭാഗം തകര്‍ന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. തമിഴ്നാട്ടില്‍ നിന്നുള്ള എംവികെ പ്രവീണ്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റാണ് വിഴിഞ്ഞം മേഖലയെ ഭീതിയിലാഴ്ത്തിയത്. കാറ്റിനൊപ്പം ഉയര്‍ന്ന് പൊങ്ങിയ തിരയില്‍പ്പെട്ടുണ്ടായ കൂട്ടിയിടിയില്‍ അമ്പതോളം വള്ളങ്ങളും തകര്‍ന്നു. മത്സ്യത്തൊഴിലാളികളും പോലീസും ചേര്‍ന്ന് വള്ളങ്ങള്‍ കരയ്ക്ക് കയറ്റിയതിനാല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവായി. അതേസമയം വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് വിഴിഞ്ഞം സ്വദേശി തമീനെ കാണാതായി. ഒപ്പമുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു.
Discussion about this post