ന്യൂഡല്‍ഹി: ടു ജി അഴിമതിയെക്കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തിങ്കളാഴ്‌ച വരെ പിരിഞ്ഞു. ഇന്നലെ ആരംഭിച്ച ശീതകാല സമ്മേളനം ഇന്നും ബഹളത്തില്‍ മുങ്ങിയിരുന്നു. ടെലികോം മന്ത്രി എ രാജയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം.
പലതവണ ഇരുസഭകളും നിര്‍ത്തിവെക്കേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ് സഭ തിങ്കളാഴ്‌ച വരെ പിരിയാന്‍ തീരുമാനമായത്. ലോക്‌സഭയില്‍ ഇന്ന് രാജയ്‌ക്കെതിരേ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്‌തിരുന്നു. ബിജെപി, ശിവസേന, എഐഎഡിഎംകെ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇടത് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയില്ലെങ്കിലും ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റ് രാജയ്‌ക്കെതിരേ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിരുന്നു. സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയ ശേഷമേ രാജയ്‌ക്കെതിരേയുള്ള നടപടിയെക്കുറിച്ച് ആലോചിക്കാനാകൂ എന്ന് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.
അതിനിടെ ആര്‍എസ്‌എസ് നേതാവ് കെ.എസ് സുദര്‍ശന്റെ സോണിയ വിരുദ്ധ പരാമര്‍ശം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും പ്രതിഷേധമുയര്‍ത്തിയിരുന്നു. മഹാരാഷ്‌ട്രയിലെ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി വിവാദവും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.
Discussion about this post