കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് സുധാകരന്‍ നടത്തിയ പ്രസ്താവന ഹീനമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രസ്താവന നേതൃസ്ഥാനത്തിന് നിരക്കാത്തതും സംസ്‌കാരശൂന്യവുമാണ്. സുധാകരന് പെണ്‍കുട്ടികള്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നും വി.എസ് പറഞ്ഞു.
സംഭവത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്ന് എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. പ്രസ്താവന പിന്‍വലിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. ക്രൂരവും നിന്ദ്യവുമായ പരാമര്‍ശമാണ് സുധാകരന്‍ നടത്തിയതെന്ന് സിപിഐ(എം) നേതാവ് പി കെ ശ്രീമതി പറഞ്ഞു. രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും നിയമനടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സുധാകരനെതിരെ പുതിയ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് യുവമോര്‍ച്ചയും ആവശ്യപ്പെട്ടു.
സൂര്യനെല്ലി കേസിലെ ഇരയായ പെണ്‍കുട്ടി വേശ്യാവൃത്തി നടത്തി പണവും വാങ്ങി, പീഡിപ്പിച്ചുവെന്ന് വിളിച്ചുപറഞ്ഞ് നടക്കുന്നത് ശരിയല്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. മസ്‌ക്കറ്റില്‍ വെച്ചാണ് സുധാകരന്‍ പെണ്‍കുട്ടിക്കെതിരെ ക്രൂരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പി.ജെ. കുര്യനെതിരെയുള്ള വിഎസ്സിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്നും, ജസ്റ്റിസ് ബസന്തിന്റെ പരാമര്‍ശങ്ങള്‍ വസ്തുതാപരമാണെന്നും സുധാകരന്‍ പറഞ്ഞു.
Discussion about this post