പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍
ആത്യന്തികമോചനത്തിന് സ്വയംകൃതങ്ങളായ അനര്‍ത്ഥങ്ങള്‍ പ്രതിബന്ധങ്ങളായിത്തീരുന്നതാണ് ഈ ദൃഷ്ടാന്തത്തിലൂടെ ആചാര്യന്‍ അവതരിപ്പിക്കുന്നത്.
പുഷ്യത്യുക്ഷത്യവതി വിഷയൈ
സ്തന്തുഭിഃ കോശകൃദ്‌വത്
(വിവേകചൂഢാമണി)
പട്ടുനൂല്‍പ്പുഴു അതിന്റെ ഉമിനിര്‍കൊണ്ടുണ്ടാക്കിയ നൂല്‍കൊണ്ട് സ്വന്തം ശരീരം പൊതിയുന്നതുപോലെ മനുഷ്യന്‍ ഭൗതികവസ്തുക്കള്‍ കൊണ്ട് ശരീരം പോഷിപ്പിക്കുകയും വൃത്തിയാക്കിവയ്ക്കുകയും സംരക്ഷിക്കുയും ചെയ്യുന്നു.
നശ്വരമായ ഈ ശരീരത്തെ സംരക്ഷിക്കുന്നതിന് ഭൗതികങ്ങളായ ഉപഭോഗവസ്തുക്കളുടെ പിന്നാലെ ജനം പരക്കം പായുന്നുണ്ട്. പക്ഷേ അതുമൂലം സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് ജനം അറിയുന്നില്ല. ഭൗതിക സുഖസൗകര്യങ്ങളുടെ പിന്നാലെ എത്രമാത്രം അവന്‍ പോകുന്നുവോ അത്രയും തന്നെ അയാള്‍ രക്ഷാമാര്‍ഗ്ഗത്തില്‍ നിന്നും അകലുകയാണ്. ചെയ്യുന്നത്.
അയാളുടെ ഈ രീതിയിലുള്ള രക്ഷാമാര്‍ഗ്ഗത്തിന്റെ സജ്ജീകരണം രക്ഷപ്പെടാന്‍ പറ്റാത്തതായ ഒരു വലയില്‍ അയാളെ കുടുക്കുകതന്നെ ചെയ്യും. ഈ അവസ്ഥയാണ് പട്ടുനൂല്‍ പുഴുവിന്റെ ഉദാഹരണത്തിലൂടെ ആചാര്യന്‍ വ്യക്തമാക്കുന്നത്.
പട്ടുനൂല്‍പ്പുഴു തന്റെ ഉമിനീരുകൊണ്ടു ഉണ്ടാക്കിയ നൂലുകൊണ്ട് പുറം പൊതിയുന്നു. ഇത് തന്റെ രക്ഷാകവചമായിട്ടാണ് പട്ടുനൂല്‍പ്പുഴു കരുതുക.
കൂടുതല്‍ കൂടുതല്‍ തന്‍െ ശരീരം സംരക്ഷിക്കണം എന്ന് വിചാരിക്കുന്ന പുഴു കൂടുതല്‍ കൂടുതല്‍ നൂലുകൊണ്ട് കട്ടിയായിത്തന്നെ സ്വന്തം ശരീരം പൊതിയുന്നു. തന്റെ ശരീരം പൂര്‍ണ്ണമായി സംരക്ഷിക്കപ്പെട്ടു കഴിഞ്ഞെന്നും, ഇനി തന്നെ ഉപദ്രവിക്കാന്‍ ആര്‍ക്കും കഴിയുകയില്ലെന്നും പട്ടുനൂല്‍പുഴുവിന് വിശ്വാസം വരുന്നതുവരെ ഈ പ്രക്കിയ അത് തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍ സ്വയം കൃതമായ അനര്‍ത്ഥങ്ങള്‍ നോക്കുക. തന്റെ ശരീരത്തിനു കൊടുത്ത ശക്തമായ ആ രക്ഷാകവചം തന്നെ പില്ക്കാലത്ത് അതിന്റെ നാശത്തിനു കാരണമായിത്തീരുന്നു. പട്ടുനൂല്‍ ശേഖരിക്കാനായി നെയ്ത്തുകാര്‍ അതിനെ തിളയ്ക്കുന്ന വെള്ളത്തില്‍ കുതിര്‍ത്ത ശേഷമാണ് നൂല്‍ നിവര്‍ത്തിയെടുക്കുന്നത്. ഈ അവസരത്തില്‍ സ്വയം ഉണ്ടാക്കിയ രക്ഷാകവചത്തിനകത്തുനിന്ന് പുഴുവിന് മരിക്കേണ്ടി വരുന്നു. ഈ കവചം ഒന്നു ഭേദിക്കന്‍ സാധിച്ചെങ്കില്‍ ചാടി രക്ഷപ്പെടാമായിരുന്നെന്ന് തീര്‍ച്ചയായും പുഴു വിചാരിക്കുന്നുണ്ടാകും. രക്ഷക്കുവേണ്ടി മരണത്തോടു മല്ലടിച്ചുകൊണ്ട് അത് കിണഞ്ഞു പരിശ്രമിച്ചുകാണും. ആത്മരക്ഷയ്ക്ക് ആരുംതന്നെ ശ്രമിക്കാതില്ല. എന്നാല്‍ മുമ്പുണ്ടാക്കിയ രക്ഷാകവചം വളരെ കട്ടിയുള്ളതും ബലമുള്ളതുമാകയാല്‍ കവചം ഭേദിക്കുന്നത് അസാധ്യമായിത്തീരുന്നു. പാവം പുഴു സ്വയം നര്‍മ്മിച്ച രക്ഷാകവചത്തിനുള്ളില്‍ കിടന്ന് പിടഞ്ഞു മരിക്കുന്നു. ഇവിടെ സ്വന്തം രക്ഷയ്ക്കുവേണ്ടി ഉണ്ടാക്കിയ രക്ഷാകവചം തന്നെ അതിന്റെ മരണത്തിനു കാരണമായി കലാശിക്കുന്ന അത്യന്തം ഭയാനകമായ ഒരു അവസ്ഥയാണുള്ളത്. ഈ ദൃഷ്ടാന്തം ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീശങ്കരന്‍ ഒരു കാര്യം നമുക്ക് ഉപദശിച്ചുതരുകയാണ്. നശ്വരമായ ഈ ശരീരത്തിന്റെ പോഷണത്തിന് എത്രമാത്രം ഒരുവന്‍ ശ്രമിക്കുന്നുവോ അത്രമാത്രം സ്വയം അയാള്‍ നാശം വിതയ്ക്കുകയാണ്. അതുകൊണ്ട് നശ്വരമായ ശരീരത്തിന്റെ സംരക്ഷണത്തിനല്ല മനുഷ്യര്‍ മുതിരേണ്ടത്. അത് അവന്റെ ഉന്മൂലനാശത്തിന് വഴിവയ്ക്കുകതന്നെ ചെയ്യും. ശരീരരക്ഷയ്ക്കും പോഷണത്തിനുമുള്ള പരിശ്രമങ്ങള്‍ ആത്മരക്ഷയ്ക്കുള്ള വാതിലുകള്‍ കൊട്ടിയടച്ച് സ്വയം ഏടാകൂടത്തില്‍ പെടുന്നതായിത്തീരും. അതുകൊണ്ട് ആത്മസാക്ഷാത്കാരത്തിനുവേണ്ടി മനുഷ്യന്‍ ശ്രമിക്കേണ്ടതാണ്. നശ്വരമായ ഈ ശരീരത്തെ പോഷിപ്പിക്കരുത്. അത് സ്വന്തം കഴുത്തറക്കാനുള്ള വാളെടുക്കലാണ്. ആ വാളാല്‍ അയാള്‍ കൊലപ്പെടുകതന്നെ ചെയ്യും. പട്ടുനൂല്‍പ്പുഴു ഇവിടെ ഒരു തികഞ്ഞ ലൗകികന്റെ പ്രതീകമാണ്. ശരീരസംരക്ഷണവും പോഷണവുമല്ലാതെ മറ്റൊരു ചിന്തയും ഇല്ലാത്ത, തികഞ്ഞ സ്വാര്‍ത്ഥതമാത്രം കൈമുതലുള്ള ഭോഗവസ്തുക്കളില്‍ മാത്രം ആകൃഷ്ടനാകുന്ന ഒരുവന്റെ പ്രതിബിംബമാണ് പട്ടുനൂല്‍പ്പുഴുവിന്റെ സ്വയം ക്ഷണിച്ചുവരുത്തിയ നാശം വിഷയലമ്പടന്റെ തികച്ചും സംഭവിക്കാവുന്ന നാശത്തെ ചൂണ്ടിക്കാട്ടുന്നു.
Discussion about this post