തിരുവനന്തപുരം: കയര്‍ വ്യവസായത്തെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ.എം. മാണി. കേരളത്തിലെ വിവിധ ആത്മീയ പ്രാധാന്യമുള്ള തീര്‍ത്ഥാടന സ്ഥലങ്ങളില്‍ വിപണന കേന്ദ്രങ്ങള്‍ തുറക്കുവാനുള്ള കയര്‍ഫെഡിന്റെ സ്മൃതി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി ഭരണങ്ങാനത്ത് ആരംഭിച്ച വിപണന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ധനമന്ത്രി.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവര്‍ണ്ണനാരുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന കയറും കയര്‍ ഉത്പന്നങ്ങളും സ്വദേശ വിദേശ വിപണിയില്‍ വ്യാപിപ്പിക്കാന്‍ കയര്‍ വകുപ്പ് നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും ധനകാര്യ വകുപ്പിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കൂലി ഉറപ്പാക്കല്‍ പദ്ധതിയും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കുന്നതിന് സര്‍ക്കാര്‍ യാതൊരു മടിയും കാണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കയര്‍ മേഖലയെ അതിന്റെ പൂര്‍വകാല പ്രതാപത്തിലേക്ക് മടക്കി കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. സ്മൃതി പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 15 പ്രത്യേക വിപണന കേന്ദ്രങ്ങള്‍ തുടങ്ങാനാണ് കയര്‍ഫെഡ് ലക്ഷ്യമിടുന്നത്. അമൃതസറിലും, അജ്മീറിലും ഒരു മാസത്തിനകം ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന ക്ഷമമാകും. കേരളത്തില്‍ ഗുരുവായൂര്‍, പമ്പ, വള്ളിക്കാവ്, വൈക്കം, മലയാറ്റൂര്‍, ആറ്റുകാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യഘട്ടമായി വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് കയര്‍ഫെഡ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ചടങ്ങില്‍ കയര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആദ്യ വില്പനയുടെ ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു. അഡ്വ.ജോയ് എബ്രഹാം എം.പി, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രീസാ സെബാസ്റ്യന്‍, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് തോമസ്, തലപ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജിത്ത്, ആഷാ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post