തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്ഷലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹ പുണ്യംതേടി ലക്ഷക്കണക്കിന് സ്ത്രീകളാണ് തലസ്ഥാന നഗരിയെ യാഗഭൂമിയാക്കിയത്.
‘സ്ത്രീകളുടെ ശബരിമല’ എന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക്, കൊടുംചൂടിനെ അവഗണിച്ച് ലക്ഷക്കണക്കിന് സ്ത്രീകള്‍ എത്തിച്ചേര്‍ന്നു.
രാവിലെ ആറ്റുകാല്‍ ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍നിന്ന് ദീപം തെളിച്ച് മേല്‍ശാന്തി കെ.എ. ഹരീഷ്‌കുമാറിന് കൈമാറുകയും, സഹമേല്‍ശാന്തി പണ്ടാരയടുപ്പില്‍ തീ പകരുകയും ചെയ്തതോടെയാണ് ഭക്തിസാന്ദ്രമായ ചടങ്ങിന് സമാരംഭമായി. പണ്ടാരയടുപ്പില്‍നിന്നും കൊളുത്തിയ അഗ്നി ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് പകര്‍ന്നതോടെ അനന്തപുരി യാഗശാലയായി.
പൊങ്കാലയില്‍ തീര്‍ത്ഥം തളിച്ച് നേദിക്കാന്‍ 250 ശാന്തിക്കാരെ നിയോഗിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം 2.40ന് തീര്‍ത്ഥം തളിക്കുന്ന ചടങ്ങ് നടന്നു. വ്രതശുദ്ധിയോടെ പൊങ്കാല അടുപ്പുകളൊരുക്കി സ്ത്രീകള്‍ തിങ്കളാഴ്ചതന്നെ തലസ്ഥാന നഗരം കൈയടക്കിയിരുന്നു. ക്ഷേത്രപരിസരം ഞായറാഴ്ച തന്നെ ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. ഭക്തര്‍ക്ക് എത്താനും മടങ്ങാനുമായി കെ.എസ്.ആര്‍.ടി. സി. പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
കുത്തിയോട്ടക്കാര്‍ക്കുള്ള ചൂരല്‍കുത്ത് വൈകീട്ട് ഏഴരയ്ക്കാണ്. 966 ബാലന്‍മാരാണ് ഇത്തവണ കുത്തിയോട്ട വ്രതമെടുത്ത് ദേവിയെ സേവിക്കുന്നത്. കുത്തിയോട്ടക്കാരുടെ അകമ്പടിയോടെ രാത്രി 10.15ന് പുറത്തെഴുന്നള്ളത്ത് നടക്കും.
നെയ്യാണ്ടിമേളം, പഞ്ചവാദ്യം, തെയ്യം, കാവടി, പൂക്കാവടി, മയുരനൃത്തം തുടങ്ങിയവയൊക്കെ കുത്തിയോട്ടത്തെ അനുഗമിക്കും. ബുധനാഴ്ച രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പ്. രാത്രി 8.30ന് കാപ്പഴിച്ച് കുടിയിളക്കും. തുടര്‍ന്ന് രാത്രി 12.30നുള്ള കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.
Discussion about this post