കൊച്ചി: കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ എം മാണി എല്‍ഡിഎഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയതിനു പിന്നാലെ മാണിയുടെ ഇടത് പ്രവേശനം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. എല്‍ഡിഎഫിന്റെ നയപരിപാടി ആദ്യം മാണി അംഗീകരിക്കട്ടെയെന്ന് ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ മാണി ഇടതിലേക്ക് വരുന്നതിനെ എതിര്‍ക്കില്ല. മറ്റു കക്ഷികളെ തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് ആണെന്നും വി എസ് പറഞ്ഞു. അതേസമയം ക്ഷണത്തിന് നന്ദിയെന്നും ഇപ്പോള്‍ അങ്ങോട്ടില്ലെന്നും കെ എം മാണി മറുപടി നല്‍കി.
മുന്നണി ബന്ധങ്ങള്‍ ശാശ്വതമല്ലെന്ന മാണിയുടെ പ്രസ്താവനയെ ഇന്നലെ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള സ്വാഗതം ചെയ്തിരുന്നു. മുന്നണിയില്‍ നിന്ന് ആരും വേര്‍പിരിഞ്ഞ് പോകില്ലെന്ന യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് മുന്നണി ബന്ധങ്ങള്‍ ശാശ്വതമല്ലെന്ന് ഒരു അഭിമുഖത്തില്‍ മാണി വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള വിഎസിന്റെ പ്രസ്താവന മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കുകയാണ്.
സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായതായി വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരമൊരു ശ്രമമില്ലെന്നും സര്‍ക്കാര്‍ താനെ താഴെ വീഴുമെന്നുമാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്.
Discussion about this post