പാലക്കാട്: ചെര്‍പ്പുളശേരി പന്നിയംകുറിശിയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. ചെര്‍പ്പുളശേരി സ്വദേശികളായ താഴത്തില്‍ മുസ്തഫ, സദന്‍ എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടസമയത്ത് 40 ഓളം പേര്‍ പടക്കശാലയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് മരണം പാലക്കാട് കളക്ടര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്നാണ് സൂചന. ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. അഗ്നിശമനസേന സ്ഥലത്ത് എത്താന്‍ വൈകി. അപകട സ്ഥലത്ത് എത്താനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം. സ്ഥലത്ത് തീ നിയന്ത്രണ വിധേയമാക്കി. ചെര്‍പ്പുളശേരി സ്വദേശി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മ്മാണ ശാലയാണിത്. മാര്‍ച്ച് 31 വരെ ഇതിന് ലൈസന്‍സുണ്ടായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്ത് എത്തി. നിര്‍മ്മാണ ശാലയോട് ചേര്‍ന്ന് തന്നെയാണ് ഗോഡൌണും സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് തീ പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Discussion about this post