തിരുവനന്തപുരം: രാജ്യം പുരോഗതി കൈവരിക്കണമെങ്കില്‍ യുവജനശാക്തീകരണം നടപ്പാകണമെന്ന് ധനന്ത്രി കെ.എം.മാണി. സംസ്ഥാന യുവജന നയം 2012-ന്റെ പ്രഖ്യാപനവും 2011 -ലെ യൂത്ത് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നയമില്ലാതെ പ്രവര്‍ത്തനങ്ങളൊന്നും നടപ്പാക്കാനാകില്ല. യുവജനനയം നടപ്പാക്കുന്നതിന് പലപ്പോഴും ശ്രമം നടന്നിരുന്നു. എന്നാല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് ഇത് നടപ്പാക്കാന്‍ കഴിഞ്ഞതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍ ബജറ്റില്‍ ചരിത്രത്തില്‍ ആദ്യമായി യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യത വിപുലമാക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. പലിശരഹിതമായി 20 ലക്ഷം രൂപവരെയാണ് യുവജനസംരംഭങ്ങള്‍ക്കായി നീക്കിവച്ചിരുന്നത്. കടക്കെണിയില്‍ നിന്ന് മുക്തമാകണമെങ്കില്‍ എന്തും പലിശവിമുക്തമാക്കിയേ മതിയാകുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ 1000-ല്‍ പരം ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കി. 400-ല്‍പരം നൂതനവ്യവസായങ്ങള്‍ രൂപകല്‍പ്പന ചെയ്തു. 100-ല്‍പരം സംഘങ്ങള്‍ക്ക് വായ്പയും നല്‍കി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ യുവജനങ്ങള്‍ മുന്നോട്ടുവരുന്നില്ല എന്നതാണ് വസ്തുത. സംരംഭക സമൂഹമാണ് കേരളത്തിലുണ്ടാകേണ്ടത്. കഴിവുകള്‍ വിനിയോഗിച്ചുകൊണ്ട് സംരംഭങ്ങളിലേക്ക് കടന്നുവന്നാല്‍ യുവാക്കള്‍ക്ക് ഉയരാന്‍ കഴിയും. അതുവഴി സംസ്ഥാനത്തിന് മുന്നേറാനാകും. യുവജനനയത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. നൂതനമായ ചിന്തകള്‍ കൂടുതലായുണ്ടാകണം. ഉദ്പാദനക്ഷമതവഴി സമ്പത്തും തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയുമുള്ള യുവാക്കളെയാണ് യുവജനനയം വഴി ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്ന യുവജനകാര്യമന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു. യുവാക്കള്‍ തൊഴില്‍ ദാതാക്കളും തൊഴില്‍ സൃഷ്ടാക്കളുമായി മാറണം. ഇത് ലക്ഷ്യമാക്കിക്കൊണ്ടുള്ള നൂതന പദ്ധതികളാണ് യുവജനകാര്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ യുവാക്കളുടെ ക്ഷേമത്തിനായി സര്ക്കാര്‍ പരിശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
പി.സി.വിഷ്ണുനാഥ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്ത്, പി.സി.വിഷ്ണുനാഥ് എം.എല്‍.എ., രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ യൂത്ത് ഡവലപ്മെന്റ് ഡയറക്ടര്‍ മൈക്കിള്‍ പി. വേദശിരോമണി, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ.അമിത് മാലിക് കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍, നെഹ്റു യുവകേന്ദ്ര സോണല്‍ ഡയറക്ടര്‍ എസ്.സതീഷ്, യുവജനക്ഷേമബോര്‍ഡ് അംഗങ്ങളായ ഷോണ്‍ ജോര്‍ജ്ജ്, റിയാസ് മുക്കോളി, എ.ഷിയാലി, ഒ.ശരണ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post