കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന സാക്ഷി ടി കെ സുമേഷ് കൂറുമാറി. ടി പി കൊല്ലപ്പെടുന്നതിന് മുമ്പ് നടന്ന ഗൂഢാലോചന കണ്ടു എന്ന മൊഴിയാണ് സുമേഷ് തിരുത്തിയത്. കൊടി സുനി അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആദ്യ മൊഴി. സുമേഷ് പ്രതികളാല്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
കൊടി സുനിക്കൊപ്പം മാഹി ഇരട്ടക്കൊലക്കേസില്‍ പ്രതിയാണ് സുമേഷ്. ടി പി വധക്കേസിലെ കൊലയാളി സംഘാംഗങ്ങളായ കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി എന്നിവരുടെ സ്ഥിരം താവളമായ മാഹിയിലെ സമീറ ക്വാട്ടേഴ്‌സില്‍ സ്ഥിരമായി ഉണ്ടായിരുന്നയാളാണ് സുമേഷ്. 8ാം പ്രതി കെ സി രാമചന്ദ്രന്‍ ക്വാട്ടേഴ്‌സില്‍ വന്നിരുന്നെന്നും ഗൂഢാലോചന നേരില്‍ കണ്ടെന്നുമാണ് സുമേഷ് പോലീസിന് മൊഴി നല്‍കിയത്. മൊഴിമാറ്റത്തിനുള്ള സാധ്യത മുന്‍പില്‍ കണ്ട് മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ വെച്ചും മൊഴി രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞയാഴ്ച മാറാട് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള സമന്‍സ് കൈമാറാന്‍ ഇയാള്‍ താമസിച്ചിരുന്ന മുറി അടഞ്ഞുകിടന്നതിനാല്‍ കഴിഞ്ഞില്ല. പക്ഷേ പ്രതിഭാഗം അഭിഭാഷകര്‍ക്കൊപ്പം സുമേഷ് കോടതിയില്‍ എത്തിയതോടെയാണ് സാക്ഷിയെ പ്രതിഭാഗം സ്വാധീനിച്ചതായി കരുതുന്നെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചത്.
Discussion about this post