തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്നതിന് മലയാളഭാഷയിലുള്ള അറിവ് നിര്‍ബന്ധമാക്കും. ഇതിനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പബ്ലിക്‌സര്‍വീസ്‌കമ്മീഷന്‍ തിങ്കളാഴ്ച തീരുമാനമെടുക്കും. പത്താംക്ലാസ്സിലോ പ്ലസ്ടുവിനോ മലയാളം വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ ജോലിയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ഭാഷാപരീക്ഷ വിജയിക്കണമെന്നാണ് പുതിയ നിര്‍ദേശം.
വകുപ്പുതല പരീക്ഷ (ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ്) പോലെ ഈ മലയാളഭാഷാപരിജ്ഞാന പരീക്ഷയും പി.എസ്.സി. തന്നെ നടത്തും. സര്‍ക്കാരിന്റെ ഈ നിര്‍ദേശം പി.എസ്.സിയുടെ ഉപസമിതി പരിശോധിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ചത്തെ കമ്മീഷന്‍ യോഗം തീരുമാനം അംഗീകരിക്കുന്നത്.
എസ്.എസ്.എല്‍.സി. നിലവാരത്തിലുള്ളതാകും ഭാഷാപരിജ്ഞാനപരീക്ഷ. മലയാളം പഠിക്കാതിരുന്നവര്‍ക്ക് പി.എസ്.സി. വഴി ജോലിക്ക് അപേക്ഷിക്കുന്നതിനോ നേടുന്നതിനോ തടസ്സമില്ല. എന്നാല്‍ ജോലിയില്‍ തുടരുന്നതിനും പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനും ഭാഷാപരീക്ഷ വിജയിക്കണം. മലയാളം മിഷന്റെ ഡിപ്ലോമയുള്ളവരെ ഇതില്‍നിന്ന് ഒഴിവാക്കും.
1991 മുതല്‍ താത്കാലികാടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌വഴി ജോലിചെയ്ത വികലാംഗരെ സ്ഥിരപ്പെടുത്താനുള്ള നിര്‍ദേശവും തിങ്കളാഴ്ചത്തെ കമ്മീഷന്‍ യോഗം ചര്‍ച്ചചെയ്യും. അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ 50-ഓളം വിഷയങ്ങളാണ് കമ്മീഷന്‍ യോഗത്തിന്റെ അജണ്ടയിലുള്ളത്.
Discussion about this post