പത്തനംതിട്ട: ശബരിമല ഉത്സവത്തിന് മുന്നോടിയായി മാതാ അമൃതാനന്ദമയീമഠത്തിന്റെ സഹകരണത്തോടെ 3200 സന്നദ്ധ സേവകരെ പങ്കെടുപ്പിച്ച് മാര്‍ച്ച് 16നും 17നും ജില്ലാ ഭരണകൂടം ഊര്‍ജിത ശുചീകരണം നടത്തും. ശബരിമല സ്പെഷ്യല്‍ കമ്മീഷണറും ജില്ല ജഡ്ജിയുമായ കെ.ബാബുവിന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്റെ അധ്യക്ഷതയില്‍ പമ്പ ദേവസ്വം ഗസ്റ് ഹൌസില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സന്നിധാനത്ത് 16,17 തീയതികളിലും പമ്പയില്‍ 16നുമായിരിക്കും ശുചീകരണം. സന്നിധാനത്ത് 2200 പേരും പമ്പയില്‍ 1000 പേരും ശുചീകരണം നടത്തും. ശുചീകരണത്തിന് എത്തുന്ന സന്നദ്ധ സേവകര്‍ക്ക് ആവശ്യമായ സാധനസാമഗ്രികള്‍, ഭക്ഷണം, താമസസൌകര്യം, മറ്റ് ക്രമീകരണങ്ങള്‍ എന്നിവ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തും. സന്നിധാനത്തെ കൈലാസ്ഭവന്‍, സഹ്യാദ്രി ഭവന്‍, രണ്ട് പോലീസ് ബാരക്കുകള്‍ എന്നിവിടങ്ങളിലായിരിക്കും താമസ സൌകര്യം ഏര്‍പ്പെടുത്തുക. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ട്രാക്ടറുകള്‍ ലഭ്യമാക്കും. പമ്പയിലെയും സന്നിധാനത്തേയും മൂന്ന് ഇന്‍സിനേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കും.
ട്രെയിനില്‍ എത്തുന്ന സന്നദ്ധപ്രവര്‍ത്തകരെ പമ്പയില്‍ എത്തിക്കുന്നതിന് ദേവസ്വംബോര്‍ഡ് വാഹനസൌകര്യം ഏര്‍പ്പെടുത്തും. ശുചീകരണത്തിനാവശ്യമായ ആയിരം ഗ്ളൌസുകള്‍ ദേശീയ ഗ്രാമീണാരോഗ്യദൌത്യം നല്‍കും. ബ്ളീച്ചിംഗ് പൌഡറും ഫിനോയിലും ആരോഗ്യവകുപ്പ് ജീവനക്കാരുടെ സേവനവും ആശുപത്രി സംവിധാനം അടക്കമുള്ള ക്രമീകരണങ്ങളും ആരോഗ്യവകുപ്പ് സജ്ജമാക്കും. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ 9000 പ്ളാസ്റിക് കവറുകളും പമ്പയില്‍ ആവശ്യത്തിനുള്ള ശുചീകരണ ഉപകരണങ്ങളും അടൂര്‍ ആര്‍ഡിഒ നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതലയും അടൂര്‍ ആര്‍ഡിഒയ്ക്കാണ്.
പമ്പാനദി ശുചീകരിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഏര്‍പ്പെടുത്തും. പമ്പയിലും സന്നിധാനത്തും കുടിവെള്ളം ഉറപ്പാക്കുന്നതിന് വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി. ത്രിവേണി പാലത്തിന് താഴെ പമ്പാനദിയില്‍ വീണ് കിടക്കുന്ന മരം മുറിച്ച് മാറ്റുന്നതിന് റാന്നി ഡിഎഫ്ഒ അടിയന്തര നടപടി സ്വീകരിക്കും. പമ്പയിലും സന്നിധാനത്തും സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസുകാരെ വിന്യസിക്കും. വൈദ്യുതി മുടങ്ങാതിരിക്കാന്‍ കെഎസ്ഇബി നടപടി സ്വീകരിക്കും.
ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എന്‍.ബാലകൃഷ്ണപിള്ള, അടൂര്‍ ആര്‍ഡിഒ ഹരി എസ്.നായര്‍, ദേവസ്വംബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.എല്‍.വിനയകുമാര്‍, വടശ്ശേരിക്കര കെഎസ്ഇബി അസിസ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജു എബ്രഹാം, കേരള ജല അതോറിറ്റി റാന്നി പിഎച്ച് സബ്ഡിവിഷന്‍ അസിസ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി.ജയിംസ്, എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.എന്‍.വിദ്യാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post