സത്യാനന്ദ പ്രകാശം
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
കാളിദാസപ്രപഞ്ചം – ഇതു ആശ്രമമൃഗമാണേ, കൊല്ലരുതേ… കൊല്ലരുതേ…
കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം നാടകത്തിലെ ഒന്നാമങ്കത്തില്‍ ചക്രവര്‍ത്തി ദുഷ്യന്തനോട് കണ്ണ്വാശ്രമവാസികളായ വൈഖാനസ ഋഷിയും കൂട്ടരും പറയുന്ന ഈ വാക്യം അഹിംസയുടെ മഹാസന്ദേശമാണ്. ഹസ്തിനാപുരത്തിരുന്നു ഭാരതം വാഴുകയായിരുന്ന ദുഷ്യന്തന്‍ മൃഗയാലോലനായി ഹിമാലയസാനുക്കളിലുള്ള കാടുകളില്‍ ആയിടയ്ക്ക് എത്തിയതായിരുന്നു. കാന്താരങ്ങള്‍ തോറും സഞ്ചരിച്ച് പ്രഭാതം മുതല്‍ പ്രദോഷം വരെ ദിനവും വേട്ടയാടി വിനോദിക്കുന്നതിനിടയ്ക്ക് മലിനീനദീതിരത്തുള്ള കണ്ണ്വാശ്രമത്തിലെ ഒരു കൃഷ്ണമൃഗം ഒരു പുലരിയില്‍ അദ്ദേഹത്തിന്റെ കണ്‍മുന്നില്‍ ചെന്നുപെട്ടു. ആശ്രമപരിസരംവിട്ടു കൊടുങ്കാട്ടിനുള്ളില്‍ വിഹരിക്കുകയായിരുന്നു അവന്‍. തേരുകണ്ടു ഭയന്ന മാന്‍ ആശ്രമത്തിനെ ലക്ഷ്യംവച്ച് ഓട്ടമാരംഭിച്ചു. കുലച്ചവില്ലില്‍ അമ്പുതൊടുത്ത് മാനിനെ എയ്തുവീഴ്ത്താന്‍ രാജാവും പിന്നാലെ കൂടി. തേരില്‍ പൂട്ടിയിരുന്ന കുതിരകള്‍ മാനിന്റെ വേഗതയോടു മത്സരിക്കാനുമാരംഭിച്ചപ്പോള്‍ കാനനം ഇളകിമറിഞ്ഞു തുടങ്ങി. ജീവനുവേണ്ടി പലായനം ചെയ്യുന്ന മാനിന്റെ അമിത വേഗത കാരണം ദുഷ്യന്തനു അമ്പു എയ്തുവിടാനായില്ല. രാവിലേ തുടങ്ങിയ ഈ മത്സരം മദ്ധ്യാഹനം വരെ നീണ്ടു. മാനിനു തളര്‍ച്ച ബാധിച്ചു തുടങ്ങിയിട്ടുണ്ടാവണം. നിരപ്പുള്ള പ്രദേശമെത്തിയതിനാല്‍ തേര് വേഗത്തിലോടിക്കാമെന്നായി. കൃഷ്ണമൃഗം രാജാവിന്റെ ശരപരിധിയ്ക്കുള്ളിലായി. ഞാന്‍ ഈ മാനിനെ കൊല്ലുന്നതു കണ്ടുകൊള്ളു എന്ന് സൂതനോടു രാജാവു ആഹ്ലാദത്തോടെ പറഞ്ഞു. മണിക്കൂറുകളായി ചെയ്ത കഠിനാദ്ധ്വാനം വിജയലക്ഷ്യം കാണുന്നതിന്റെ ഉത്സവത്തിമിര്‍പ്പിനിടയ്ക്കാണ് ആ ശബ്ദം കേട്ടത്. കൊടും കാട്ടിനുള്ളില്‍നിന്ന് മനുഷ്യരുടെ ശബ്ദം. ‘രാജാവേ! ഇതു ആശ്രമ മൃഗമാണേ, കൊല്ലരുതേ, കൊല്ലരുതേ.’ കാട്ടിനുള്ളില്‍ ചമതപെറുക്കാനെത്തിയ കണ്ണ്വാശ്രമത്തിലെ വൈഖാനസ ഋഷിയും മറ്റു രണ്ടു സപസ്വികളുമായിരുന്നു ആ ശബ്ദത്തിന്റെ ഉടമകള്‍. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ അമ്പ് വില്ലില്‍ നിന്നു ചീറിപ്പാഞ്ഞ് മാനിനെ വീഴ്ത്തുമായിരുന്നു. ഭാഗ്യം! ആ അത്യാഹിതം സംഭവിച്ചില്ല. ശബ്ദം കേള്‍ക്കേണ്ട താമസം ദുഷ്യന്തന്‍ അമ്പ് ഉപസംഹരിച്ചു. സൂതന്റെ ശബ്ദവും ഉടന്‍ കേള്‍ക്കായി. ‘രാജാവേ മാനിനും തേരിനുമിടയ്ക്ക് തപസ്വികള്‍ ഓടിയെത്തുന്നു.’ ദുഷ്യന്തന്‍ ആകെ പരിഭ്രമിച്ച് തേരു നിറുത്താന്‍ ആജ്ഞാപിച്ചു. തേരു തട്ടി ഋഷിമാര്‍ക്ക് അപകടമുണ്ടാകരുതല്ലൊ.
കാലദേശഭേദമില്ലാതെ എല്ലാ ഭരണാധിപന്മാരോടും മനുഷ്യരോടും ഋഗ്വേദമന്ത്രദൃഷ്ടാക്കളായ ഋഷിമാരുടെ അഹിംസ സന്ദേശമാണ് കാളിദാസന്‍ വൈഖാനസനിലൂടെ നാടകീയമായി കേള്‍പ്പിച്ചത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലൂടെ കുറേ ഭരണാധിപന്മാര്‍ ഭൂമണ്ഡലജീവിതം നരകസമാനമായപ്പോള്‍ മഹാത്മജി ലോകമനസ്സാക്ഷിയെ ഉപദേശിച്ചതും ഇതുതന്നെയായിരുന്നു. സാര്‍വകാലികവും സാര്‍വദേശികവുമായ പ്രസക്തി നിലനിര്‍ത്തുന്ന ഈ ഉപദേശത്തിന് ഭാരതീയ സംസ്‌കൃതിയിലുള്ള സ്ഥാനം അനന്യസദൃശമാണ് ഭാരതീയസാഹിതി പാടിത്തുടങ്ങുന്നതുപോലും മാനിഷാദയിലൂടെയാണല്ലോ. സദൃശമായൊരു സംഭവം വാല്മീകി ഋഷിയുടെ മനസ്സിലുളവാക്കിയ ശോകമാണ് ശ്ലോകമായി ആദികാവ്യമായി വികസിച്ചത് എന്നു നമുക്കെല്ലാം അറിയാം. ആക്രമണം നടത്താന്‍ കൈയില്‍ പടവില്ലും ആവനാഴി നിറയെ അമ്പുകളും സഞ്ചരിക്കാന്‍ രഥവും വേഗതയേറ്റാന്‍ സമര്‍ത്ഥരായ കുതിരകളും തേരുതെളിയ്ക്കാന്‍ പരിചയസമ്പന്നനായ സാരഥിയും സഹായത്തിനും സംരക്ഷണത്തിനും വലുതായ സൈനികവ്യൂഹവുമുള്ള ദുഷ്യന്തന് നായാട്ട് ഒരു വിനോദം മാത്രമായിരുന്നു. എന്നാല്‍ ഇതൊന്നുമില്ലാത്ത സാധുവായ കൃഷ്ണമൃഗത്തിന് അതു പ്രാണസങ്കടവും. അഭിജ്ഞാനശാകുന്തളത്തിലെ ഈ രംഗം മനുഷ്യസ്വഭാവത്തിന്റെ ദൃശ്യവത്കരണമാണ്. കരുത്തുകൈവരുമ്പോള്‍ മാനവഹൃദയങ്ങളിലുണ്ടാകുന്ന അധികാരപ്രമത്തതയുടെയും പരപീഡനോത്സാഹത്തിന്റെയും നേര്‍ക്കാഴ്ചയാണത്. കൃഷ്ണമൃഗത്തിന്റെ സ്ഥാനത്ത് സാധുക്കളായ മനുഷ്യരോ ഇതര ജീവജാലങ്ങളോ ജഡപ്രകൃതിയോ എന്തു വേണമെങ്കിലുമാകാം. അമ്പുകളുടെയും വില്ലിന്റെയും സ്ഥാനത്ത് ശാരീരികബലമോ, സാമ്പത്തികശേഷിയോ, സ്വാധീനശക്തിയോ, അധികാര വൈഭവമോ, സൈനികശക്തിയോ, ആധുനിക ആയുധസന്നാഹമോ, ആറ്റംബോംബുകളോ ഏതു വേണമെങ്കിലുമാകാം. എല്ലറ്റിനെയും കാളിദാസന്‍ ഈ പ്രതീകാത്മക മുഹൂര്‍ത്തത്തില്‍ അന്തര്‍ഭവിപ്പിച്ചുവച്ചിരിക്കുന്നു. ഏതായിരുന്നാലും ഇത് ആശ്രമമൃഗമാണേ! നിരപരാധികളായ സാധുജനങ്ങളാണേ! കൊല്ലരുതേ, കൊല്ലരുതേ എന്നു മാത്രമേ ആദ്ദേഹത്തിനു അഭ്യര്‍ത്ഥിക്കാനുള്ളു.
നാടകത്തിന്റെ പ്രത്യേകതയാല്‍ ഈ സന്ദര്‍ഭത്തില്‍ കാളിദാസന്‍ നേരിട്ടു വിവക്ഷിച്ചിട്ടില്ലെങ്കിലും കുമാരസംഭവത്തിലെ ഹിമാലയവര്‍ണ്ണന പരിചയിച്ചിട്ടുള്ള സഹൃദയന് ഉടന്‍ അനുഭവപ്പെടുന്ന വേറൊരുതത്ത്വം കൂടിയുണ്ട്. എങ്ങും ഏതിലും എപ്പോഴും നിറഞ്ഞു നില്ക്കുന്നസത്യമാണല്ലൊ ഹിമാലയം. അതിന്‍പ്രകാരം കുലച്ചവില്ലുമായടുക്കുന്ന ദുഷ്യന്തനിലിരിക്കുന്ന തത്ത്വവും പ്രാണനുവേണ്ടി പലായനം ചെയ്യുന്ന മാനിലിരിക്കുന്ന തത്ത്വവും ഒന്നുതന്നെയാകുന്നു, ഹിമാലയം. ദുഷ്യന്തന്‍ മാനിനുനേരേ തൊടുത്തിരിക്കുന്ന അമ്പ് ദുഷ്യന്തനുനേരേ തൊടുത്ത അമ്പുതന്നെയാമെന്നാണ് അതിന്റെ സാരം. തത്ത്വമസി എന്നാണല്ലൊ ഛാന്ദോഗ്യോപനിഷത്തും ലോകത്തെ പഠിപ്പിച്ചിരിക്കുന്നത്. തത് = അത്, ത്വം = നീ, അസി = ആകുന്നു. അതു നീയാകുന്നു. ആ ബ്രഹ്മം നീയാകുന്നു. ഈ മഹാസന്ദേശം ഈ നാടകീയമുഹൂര്‍ത്തത്തില്‍ ചേര്‍ത്തുവായിക്കുക. അല്ലയോ ദുഷ്യന്ത അത് – ബ്രഹ്മസ്വരൂപമായിരിക്കുന്ന ആ മാന്‍ – നീതന്നെയാകുന്നു. നീ നിന്റെ നേരേയാണു അമ്പുതൊടുത്തിരിക്കുന്നത്. അല്ലയോ രാജാവേ നീ നിന്നെത്തന്നെ കൊല്ലരുതേ കൊല്ലരുതേ. നാളിതുവരെ നടന്നിട്ടുള്ള ഓരോ യുദ്ധത്തിലും അതിക്രമങ്ങളിലും മനുഷ്യന്‍ ആയുധം പ്രയോഗിച്ചത് അവനവനു നേരേതന്നെയാകുന്നു. അതിനാല്‍ ഇനിയും ഈ മണ്ടത്തരം അരുതേ എന്നതാണ് കാളിദാസസന്ദേശം.
Discussion about this post