കോഴിക്കോട്: വാര്‍ത്താചാനലുകളുടെ എണ്ണം പെരുകിയപ്പോള്‍ രാഷ്ട്രീയനേതാക്കള്‍ പലപ്പോഴും അവയുടെ ഇരകളാവുകയാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ചാനലുകള്‍ കണ്ടു കൂടുതല്‍ പ്രതികരിക്കുന്നതാണു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. വിവാദങ്ങള്‍ സൃഷ്ടിക്കുകയല്ല മറിച്ചു ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കുകയാണു പൊതുപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ മേഴ്സി രവി ശ്രമിക് അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിനു വേണ്ടി സര്‍ക്കാരുകള്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ ജനങ്ങളിലേക്കു വേണ്ട രീതിയില്‍ എത്താത്തതിനു കാരണം വിവാദങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണകാര്യങ്ങളില്‍ സുതാര്യത ഉണ്ടായാല്‍ മാത്രമേ അഴിമതി ഇല്ലാതാക്കാന്‍ കഴിയൂ. വരുമാനത്തിന്റെ വിതരണം തുല്യമായി എല്ലാവര്‍ക്കും ലഭിച്ചാല്‍ മാത്രമേ ഇതിനു പരിഹാരമുണ്ടാവുകയുള്ളൂ. മേഴ്സി രവി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിത്വമായി ഇന്നും പ്രവര്‍ത്തകരുടെ മനസില്‍ നിലനില്‍ക്കുകയാണെന്നു രമേശ് അനുസ്മരിച്ചു.
മേഴ്സി രവി ശ്രമിക് അവാര്‍ഡ് മുതിര്‍ന്ന തൊഴിലാളി നേതാവ് കെ. സാദിരിക്കോയയ്ക്കുവേണ്ടി മകന്‍ അഡ്വ.പി.എം. നിയാസ് ഏറ്റുവാങ്ങി. ദേശീയ കെട്ടിടനിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് (എന്‍കെഎന്‍ടിസി) സംസ്ഥാന പ്രസിഡന്റ് അജയ് തറയില്‍ അധ്യക്ഷത വഹിച്ചു.
Discussion about this post