തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പ്രശ്‌നത്തില്‍ മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമായില്ല. ഇക്കാര്യം ഇടതുമുന്നണിയുടെ പരിഗണനയ്ക്ക് വിടുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടീകോം പിടിവാശി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനമായി. അതിന്റെ നടത്തിപ്പിന് ഘട്ടംഘട്ടമായി 2,500 കോടി രൂപ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് സമാഹരിക്കും. ഈ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന് ധനസഹായം സ്വീകരിക്കാം.
പദ്ധതിപ്രദേശം പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന് അകത്തുനിന്ന് സ്വരൂപിക്കാനാവുന്ന തുക കഴിഞ്ഞ് ശേഷിക്കുന്നത് ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയ ഏജന്‍സികളില്‍നിന്ന് ലഭ്യമാക്കാനാണ് ആലോചന.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2009 ജൂലായ് മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ഏപ്രില്‍ മുതല്‍ പരിഷ്‌കരിച്ച ശമ്പളം നല്കാനുള്ള തീരുമാനവും മന്ത്രിസഭ അംഗീകരിച്ചു. ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ഡിസംബര്‍ ആദ്യവാരത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ധനമന്ത്രാലയത്തിന്റെയും അക്കൗണ്ടന്‍റ് ജനറലിന്റെയും പരിശോധനയ്ക്കുശേഷം ഫിബ്രവരി മൂന്നാം വാരത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിക്കും. 65 ശതമാനം ഡി.എ. അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിക്കും.
കൂടാതെ ദേശീയപാത പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
Discussion about this post