തിരുവനന്തപുരം: ഹൈന്ദവജനതയുടെ ഐക്യം കേരളത്തില്‍ അകലെയല്ലെന്ന് ചിന്മയാമിഷന്‍ സംസ്ഥാന ആചാര്യന്‍ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ 10-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ഒളിമ്പ്യന്‍ഹാളില്‍ നടന്ന ഹിന്ദുനേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവസമൂഹത്തിലെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി എന്നത് ശുഭസൂചകവും മുന്നറിയിപ്പുമാണ്. ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മഹാപ്രവാഹമാണ് ഹിന്ദുത്വം. കടന്നുവന്ന വൈദേശിക മതചിന്തകളുടെ നല്ലതിനെ ഹിന്ദുക്കള്‍ ഉള്‍ക്കൊണ്ട് ഗുണം വര്‍ദ്ധിപ്പിച്ചപ്പോള്‍ എണ്ണം വര്‍ധിപ്പിക്കുന്നതിനാണ് വൈദേശിക മതങ്ങള്‍ ശ്രദ്ധിച്ചത്.
സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ന്യൂനപക്ഷ പ്രീണനം നടത്തുന്നത് അധികാരം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള വോട്ടുബാങ്കായതുകൊണ്ടാണ്. ഹിന്ദുവിന് വേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഭയമാണ്. ഹിന്ദുവിന്റെ പേരുപറയുന്നവരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുന്നു എന്നതാണ് കാരണം. സംഘടിക്കുന്ന സമൂഹത്തെയും രാഷ്ട്രത്തെയും മാത്രമേ ലോകം അംഗീകരിക്കൂ. ജനസംഖ്യ ഇന്നത്തെ തോതില്‍ വര്‍ധിച്ചാല്‍ താമസം വിനാ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും.
ഹിന്ദുക്കളുടേത് സംഘടിത മതമല്ല. ഋഷിശ്രേഷ്ഠന്മാരുടെ തപസിന്റെ ഫലമായി അനുഭവിച്ചറിയാന്‍ കഴിഞ്ഞ പ്രാപഞ്ചിക സത്യമാണ് ഹിന്ദുദര്‍ശനം. ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ചുഭരിച്ചതുപോലെ ഹിന്ദുക്കളെയും ഭിന്നിപ്പിച്ച് രാഷ്ട്രീയക്കാര്‍ മുതലെടുക്കുകയാണ്. ഇച്ഛാശക്തി വീണ്ടെടുത്ത് പുതിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഹിന്ദുസമൂഹം തയ്യാറാകണം. വിവേകാനന്ദസ്വാമികള്‍ ആഹ്വാനം ചെയ്തതുപോലെ ഹിന്ദുക്കള്‍ ഉണര്‍ന്നെഴുന്നേല്‍ക്കണം. അതാണ് ഇന്നിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഹരിജന്‍സമാജം ദേശീയ പ്രസിഡന്റ് എം.കെ.കുഞ്ഞോല്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംഘടനാ സെക്രട്ടറി എം.രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തി. ഐക്യവേദി നേതാക്കളായ കെ.പി.ശശികലടീച്ചര്‍, കുമ്മനം രാജശേഖരന്‍, പള്ളിയറ രാമന്‍, കെപിഎംഎസ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി തുറവൂര്‍ സുരേഷ്, ഡോ.ബിജു രമേശ് എന്നിവര്‍ സംസാരിച്ചു. ഹൈന്ദവ കേരളത്തിന്റെ നായകന്മാര്‍-പുസ്തകം -1 ന്റെ പ്രകാശനം പള്ളിയറ രാമന്‍ ഡോ.പി.പി.വാവയ്ക്ക് നല്‍കി നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഹിന്ദുസംഘടനാ നേതാക്കളെ പൊന്നാടചാര്‍ത്തി ആദരിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു സ്വാഗതം പറഞ്ഞു.
Discussion about this post