പത്തനംതിട്ട: സംസ്ഥാനത്ത് വരള്‍ച്ച നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ പണവും ചട്ടങ്ങളും തടസമാകരുതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. സംസ്ഥാനത്തെ വരള്‍ച്ച നേരിടുന്നതിന് സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി, മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി. ജെ. ജോസഫ്, കെ. പി. മോഹനന്‍ എന്നിവര്‍ ജില്ലകള്‍ സന്ദര്‍ശിച്ചു വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന്റെ തുടക്കംകുറിച്ചാണ് ഇന്നലെ പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നത്.
വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുടക്കത്തില്‍ തിരുവനന്തപുരം, കൊല്ലം, വയനാട്, ഇടുക്കി ജില്ലകളും പിന്നീട് മറ്റു ജില്ലകളും വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
അസാധാരണമായ ഈ സാഹചര്യം നേരിടാന്‍ പണത്തിന്റെ കുറവ് തടസമാകില്ല. 20 ലക്ഷം രൂപവരെയുള്ള ഏതു ജോലികള്‍ക്കും ജില്ലാകളക്ടര്‍ തലത്തില്‍ അടിയന്തരമായി ഭരണാനുമതിയും സാങ്കേതികാനുമതിയും നല്കും. ഈ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി നെഗോഷ്യേറ്റഡ് ടെന്‍ഡര്‍ പ്രകാരം തീരുമാനമെടുക്കുന്നതിനും കളക്ടര്‍മാര്‍ക്ക് ഇനി അധികാരമുണ്ടാകും. നടപടിക്രമങ്ങള്‍ മൂന്നു ദിവസംകൊണ്ടു പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളിലും 23ന് മുമ്പ് അവലോകനയോഗം ചേരും. ജലവിതരണത്തിനു തനതു ഫണ്ട് വിനിയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്കിയിരുന്ന അനുമതിയുടെ കാലാവധി മേയ് 15 വരെ നീട്ടിക്കൊണ്ട് നാളെ ഉത്തരവിറങ്ങും.
ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രതിദിനം 5,000 രൂപ വരെ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കാം. പഞ്ചായത്തുകള്‍ക്കു പരമാവധി സഹായം സര്‍ക്കാര്‍ നല്കും. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരള്‍ച്ച നേരിടാനുള്ള സഹായം കേന്ദ്രത്തില്‍നിന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വരള്‍ച്ച നേരിടുന്നതിനുള്ള അടിയന്തര നടപടികള്‍ക്കൊപ്പം നദികളില്‍ തടയണ നിര്‍മാണം, ജലസ്രോതസുകളുടെ സംരക്ഷണം, മഴവെള്ള സംഭരണികള്‍ വ്യാപകമാക്കല്‍ തുടങ്ങിയവയും ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ കളക്ടര്‍ക്കു നിര്‍ദേശം നല്‍കണം. ഉദ്യോഗസ്ഥ യോഗം ചേര്‍ന്ന് വിശദമായ പദ്ധതി തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കണം.
Discussion about this post