കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അധികൃതരുടെ നിലപാടുകള്‍ ഗസ്റ്റ് അധ്യാപകരെ വലയ്‌ക്കുന്നു. യുജിസിയുടെ പുതിയ നിര്‍ദേശങ്ങള്‍ സര്‍വകലാശാല പാലിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ഗസ്‌റ്റ് അധ്യാപകരെ നിയമിക്കുമ്പോള്‍ 25,000 രൂപ വേതനം നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍ സംസ്‌കൃത സര്‍വകലാശാല 7000 രൂപ മുതല്‍ 10000 രൂപ വരെ മാത്രമാണ് നല്‍കുന്നതെന്ന് അധ്യാപകര്‍ പറയുന്നു. അതേ സമയം കണ്ണൂര്‍, കാലിക്കട്ട്, കൊച്ചിന്‍, രാഷ്ട്രീയസംസ്‌കൃത സംസ്ഥാന്‍ സര്‍വകലാശാലകള്‍ 15000 രൂപ മുതല്‍ 21000 രൂപ വരെ നല്‍കുന്നുമുണ്‌ട്.
റഗുലര്‍ അധ്യാപകര്‍ ജോലി ചെയ്യുന്നതിലും കൂടുതല്‍ ഗസ്റ്റ് അധ്യാപകര്‍ പഠിപ്പിക്കുന്നുണ്‌ട്. ഇതിനു പുറമെ തുടര്‍മൂല്യ നിര്‍ണയം, പരീക്ഷാ ജോലികള്‍, എന്‍എസ്‌എസ്, പിടിഎ എന്നിവയുടെ പ്രവര്‍ത്തനത്തിലും ഇവര്‍ക്കു സജീവ പങ്കാളിത്തം വഹിക്കേണ്‌ടതുണ്‌ട്. പഠന മേഖലയെ മെച്ചപെടുത്താന്‍ അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കണമെന്ന് യുജിസി പഠനത്തില്‍ കണെ്‌ടത്തിയതിനെ തുടര്‍ന്നാണ് ശമ്പള പരിഷ്‌കാരം നടപ്പാക്കിയത്. ഇത് അധികൃതര്‍ അട്ടിമറിച്ചുവെന്നു ഗസ്റ്റ് അധ്യാപകര്‍ ചൂണ്‌ടിക്കാട്ടുന്നു.
മറ്റ് സര്‍വകലാശാലകള്‍ മൂന്നു വര്‍ഷത്തേക്ക് അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുമ്പോള്‍ സംസ്‌കൃത സര്‍വകലാശാല ഓരോ സെമസ്‌റ്ററിലും അധ്യാപകരെ പിരിച്ചുവിട്ട് അടുത്ത സെമസ്റ്ററില്‍ വീണ്‌ടും നിയമിക്കുകയാണ്. ഇത്തരം തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ വിദ്യാഭ്യാസ മേഖലയ്‌ക്ക് ഗുണകരമാകില്ലെന്നും അധ്യാപകര്‍ പറയുന്നു.
Discussion about this post