തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 21)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
ഭുവനതല ജാലങ്ങളഖിലദിഗ് രാശിയും
ഗളിത ശത ഗുണഗഹന തിരുനാഭിതൊഴുന്നേന്‍.
ഉപരിലോകങ്ങളേഴും അതല വിതലാദികളും ദിക്കുകളും ഉദ്ഭവിക്കുന്നത് ഭഗവാന്റെ തിരുനാഭിയില്‍നിന്നാണ്. സമസ്തവിഭൂതികളും അവിടെ നിന്നുണ്ടാകുന്നു. അതാണു ശത ഗുണഗഹനമെന്നു തിരുനാഭിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പ്രപഞ്ചമാകമാനവും ഭഗവാനില്‍ ഉദ്ഭവിക്കുന്നത് എവിടെനിന്നാണോ അതാണു നാഭി. അപ്പോള്‍ ശിവനു പദ്മനാഭനെന്നു പേരു ലഭിക്കുന്നു. ശിവന്‍ തന്നെയാണു വിഷ്ണു. നാരായണന്റെ നാഭിയില്‍ നിന്നു പദ്മമുണ്ടായെന്നും അതില്‍ സമുദ്ഭൂതനായ ബ്രഹ്മാവ് പതിനാലു ലോകവും സൃഷ്ടിച്ചു എന്നും പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. വേദാന്തശാസ്ത്രപ്രകാരം നാഭിക്ക് ബിന്ദുഎന്നുപേര്. അതുവിവിധാകാരം കൈക്കൊണ്ടു വികസിക്കുന്നു. പ്രസ്തുത ആകാരമാണു കല.
കാരണഗുണം കാര്യത്തിലുണ്ടാകുമെന്നതു ന്യായശാസ്ത്രപ്രസിദ്ധമായ നിയമമാണ്. അതിനാല്‍ ഭഗവാന്റെ മഹത്വം ഈ ലോകത്തുള്ള സമസ്തവസ്തുക്കളിലും കാണാനാകും. പക്ഷേ അതു ദര്‍ശിക്കണമെങ്കില്‍ ഹൃദയം പാകപ്പെടണമെന്നുമാത്രം. ചില പദാര്‍ത്ഥങ്ങളില്‍ ഭഗവത്‌ചൈതന്യം മന്ത്രമായേ പ്രകടമാകൂ. എന്നാല്‍ മറ്റുചിലതില്‍ അതു നന്നേ പ്രകടമാകും. ഭഗവത്‌ചൈതന്യ പ്രകാശത്തിനു ഏറ്റക്കുറച്ചിലുണ്ടാകുന്നത് അതതിലിരിക്കുന്ന സാത്വികഗുണത്തിന്റെ വികാസഹ്രാസാദികളാലാകുന്നു. അതാകട്ടെ ഓരോ വ്യക്തിയുടെയും ആദ്ധ്യാത്മിക നിഷ്ഠയുമായി ഈശ്വരചൈതന്യം കൂടുതല്‍ പ്രകടമാകുന്നത് അതിനു വിഭൂതിയെന്നു പറയുന്നു. ഭഗവദ്ഗീതയില്‍ അന്തമില്ലാത്ത ഭഗവദ് വിഭൂതികളെക്കുറിച്ച് വാസുദേവകൃഷ്ണന്‍ ഇങ്ങനെ വിശദീകരിക്കുന്നു. ‘ആദിത്യന്മാരുടെ കൂട്ടത്തില്‍ ഞാന്‍ വിഷ്ണുവാകുന്നു. ജ്യോതിസ്സുകളുടെ കൂട്ടത്തില്‍ സൂര്യനും ഞാന്‍തന്നെ. മരുത്തുക്കളുടെ കൂട്ടത്തില്‍ മരീചിയും നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ ചന്ദ്രനും വേദങ്ങളുടെ കൂട്ടത്തില്‍ സാമവേദവും ദേവന്മാരുടെ കൂട്ടത്തില്‍ ഇന്ദ്രനും ഇന്ദ്രിയസമൂഹത്തില്‍ മനസ്സും ഭൂതങ്ങളില്‍ ചേതനയും രുദ്രന്മാരില്‍ ശങ്കരനും യക്ഷരാക്ഷസന്മാരുടെ കൂട്ടത്തില്‍ കുബേരനും വസുക്കളുടെ സമൂഹത്തില്‍ പാവകനും പര്‍വതസമൂഹത്തില്‍ മഹാമേരുവും സേനാനികളില്‍ സ്‌കന്ദനും മഹര്‍ഷിമാരില്‍ ഭൃഗുവും പര്‍വതങ്ങളില്‍ ഹിമവാനും വൃക്ഷങ്ങളില്‍ അരയാലും ദേവര്‍ഷികളില്‍ നാരദനും സിദ്ധന്മാരില്‍ കപിലമുനിയും ഗന്ധര്‍വന്മാരില്‍ ചിത്രരഥനും കുതിരകളില്‍ ഉഗ്രശ്രവസ്സും ആനകളില്‍ ഐരാവതവും ആയുധങ്ങളില്‍ വജ്രവും പശുക്കളില്‍ കാമധേനുവും സര്‍പ്പങ്ങളില്‍ വാസുകിയും നാഗങ്ങളില്‍ അനന്തനും ദൈത്യന്മാരില്‍ പ്രഹ്ലാദനും മൃഗങ്ങളില്‍ സിംഹവും പക്ഷികളില്‍ ഗരുഡനും ആയുധമേന്തിയവരില്‍ രാമനും നദികളില്‍ ഗംഗയും ജലജന്തുക്കളില്‍ തിമിംഗലവും അക്ഷരങ്ങളില്‍ അകാരവും വൃഷ്ണികളില്‍ വാസുദേവനും പാണ്ഡവന്മാരില്‍ ധനഞ്ജയനും മുനികളില്‍ വ്യാസനും കവികളില്‍ ഉശനസ്സുമാണു ഞാന്‍. ഇതെല്ലാം മേല്‍വിവരിച്ച നാഭിയില്‍ നിന്നുദിച്ച ഈശ്വരവിഭൂതികളാകുന്നു.
Discussion about this post