കൊച്ചി: പറവൂര്‍ പീഡനക്കേസിലെ നൂറ്റിമൂന്നാം പ്രതി വാണിയക്കോട് സ്വദേശി രാജശേഖരന്‍ നായര്‍ ജീവനൊടുക്കി. ഇയാളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ചേര്‍ന്ന് പലര്‍ക്കും കാഴ്ചവയ്ക്കുകയും പിന്നീട് വില്‍ക്കുകയും ചെയ്ത കേസിലാണ് രാജന്‍ശേഖരന്‍ നായരെ പ്രതിചേര്‍ത്തിട്ടുള്ളത്. ഇയാള്‍ കേസിലെ നാലാം കുറ്റപത്രത്തിലെ മൂന്നാം പ്രതിയാണ്. ഈ കേസില്‍ തിങ്കളാഴ്ച കൊച്ചിയിലെ പ്രത്യേക കോടതി വിധി പറയാനിരിക്കുകയായിരുന്നു. 2009 ജൂണ്‍ മുതല്‍ 2010 ഏപ്രില്‍ വരെയാണ് കേസിനെ ആസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയും റിട്ടയേര്‍ഡ് നേവി ഉദ്യോഗസ്ഥനുമാണ് 70 കാരനായ രാജശേഖരന്‍ നായര്‍. തന്റെ അച്ഛന്‍ തന്നെ പലര്‍ക്കും കാഴ്ച വയ്ക്കുന്നുവെന്നും ഇക്കാര്യം പോലീസില്‍ അറിയിക്കണമെന്നും പെണ്‍കുട്ടി ഇയാളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ പല തവണ മാനഭംഗത്തിനിരയാക്കുകയാണ് ചെയ്തത്. കേസില്‍ കുറ്റപത്രം വ്യാഴാഴ്ച കോടതി പരിഗണിച്ചെങ്കിലും രാജശേഖരന്‍ നായര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വിധി പറയല്‍ മാറ്റിവയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീര്‍, അമ്മ സുബൈദ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
Discussion about this post