കൊച്ചി: മുംബൈ ഭീകരാക്രമണ വാര്‍ഷികവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ സുരക്ഷ ശക്തമാക്കി. തീരദേശത്ത് പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് നഗരത്തിലേക്ക് വാഹനങ്ങള്‍ കയറ്റി വിടുന്നത്. ഇതിന് പുറമേ നഗരത്തിനുള്ളിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും വാഹന പരിശോധനകള്‍ക്കായി പ്രത്യേകം സ്ക്വാഡുകളെ നിയമിച്ചിട്ടുണ്ട്.
മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായ ടാജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ രണ്ട് നക്ഷത്ര ഹോട്ടലുകളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇവിടെ കൂടുതല്‍ പോലീസുകാരെ ഇതിനായി നിയമിച്ചിട്ടുണ്ട്. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ഹോട്ടലിലേക്ക് വാഹനങ്ങള്‍ കയറ്റി വിടുന്നത്.
കൊച്ചി നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളായ ബ്രോഡ്‌വേയിലും മറൈന്‍ ഡ്രൈവിലും വിവിധ ഷോപ്പിങ് മാളുകളിലും നീരിക്ഷണത്തിനായി മഫ്‌തിയില്‍ കൂടുതല്‍ പോലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
കൊച്ചിയുടെ തീരപ്രദേശത്തും പോലീസ് പ്രത്യേക പട്രോളിങ് നടത്തുന്നുണ്ട്. വേമ്പനാട്ട് കായലിലും തുറമുഖത്തിന്റെ ഭാഗത്തുമാണ് പോലീസ് ബോട്ടുകള്‍ പരിശോധന നടത്തുന്നത്. ആഴക്കടലില്‍ നേവിയും കോസ്റ്റ് ഗാര്‍ഡു സംയുക്തമായി നിരീക്ഷണം നടത്തുന്നുണ്ട്.
Discussion about this post