തിരുവനന്തപുരം: അരുവിക്കരയില്‍ നിന്നു നഗരത്തിലേക്കുള്ള പ്രധാനപൈപ്പുകളിലൊന്നു പൊട്ടിയതിനെ തുടര്‍ന്നു കുടിവെള്ള വിതരണം തടസ്സപ്പെട്ടു. വഴയില പാലത്തിനു സമീപം വലിയ കോണ്‍ക്രീറ്റ് പൈപ്പാണു പൊട്ടിയത്. പേരൂര്‍ക്കട ഡിവിഷനു കീഴിലുള്ള മേഖലയില്‍ ഇന്നു പൂര്‍ണമായും കുടിവെള്ളം മുടങ്ങും. ശക്തമായ ജലമൊഴുക്കില്‍ സമീപത്തെ പെട്രോള്‍ പമ്പിന്റെ തറ തകര്‍ന്നു. രാവിലെ എട്ടുമണിയോടെയാണ് പൈപ്പ് പൊട്ടിയത്. രണ്ടു മണിക്കൂറോളം റോഡ് മുഴുവന്‍ വെളളത്തിലായിരുന്നു. അതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പൈപ്പ് പൂര്‍ണമായും മാറ്റിവയ്‌ക്കേണ്ടതുണ്ടെന്നും അതിനു സമയമെടുക്കുമെന്നും ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാവിലെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെങ്കിലും ഇടയ്ക്കിടെ പെയ്ത മഴ അറ്റകുറ്റപ്പണികള്‍ക്കു തടസ്സമായി. രാത്രിയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ജലഅതോറിറ്റി അറിയിച്ചു. എന്നാല്‍ മഴ ശക്തമായാല്‍ അതിനു വീണ്ടും തടസ്സമുണ്ടായേക്കും.
Discussion about this post