തിരുവനന്തപുരം: എല്ലാ വാഹന ഉടമകളും തങ്ങളുടെ വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനിലേയും വിന്‍ഡോകളിലേയും സേഫ്റ്റി ഗ്ലാസ്സുകളില്‍ ഒട്ടിച്ചിട്ടുള്ള കറുത്ത ഫിലിമോ അത്തരം പദാര്‍ത്ഥങ്ങളോ 2013 ജൂണ്‍ 17 ന് മുമ്പ് നീക്കം ചെയ്യേണ്ടതാണെന്നും ഈ സമയപരിധിയ്ക്കുള്ളില്‍ കറുത്ത ഫിലിം/അത്തരം പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, മോട്ടോര്‍വാഹന നിയമത്തിലെ സെക്ഷന്‍ പ്രകാരം സസ്‌പെന്‍ഡ് ചെയ്യുന്നതും, നിയമലംഘനം തുടരുന്ന പക്ഷം രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുമാണെന്നും വ്യക്തമാക്കി ഗതാഗതവകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി രാജ്യത്ത് ഉടനീളം കര്‍ശനമായി നടപ്പില്‍ വരുത്തുവാനായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേയ്‌സ് മന്ത്രാലയം ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഗതാഗത വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. 2012 ഏപ്രില്‍ 27 ലെ സുപ്രീംകോടതി രാജ്യത്തെ നിരത്തിലോടുന്ന എല്ലാ വാഹനങ്ങളുടെയും (ഇരുചക്ര വാഹനങ്ങളൊഴികെ) വിന്‍ഡ് സ്‌ക്രീനിലും (മുന്‍ വശത്തും പിന്‍ വശത്തും) വിന്‍ഡോകളിലും ഉപയോഗിക്കുന്ന സേഫ്റ്റി ഗ്ലാസ്സുകളില്‍ വിഷ്വല്‍ ലൈറ്റ് ട്രാന്‍സ്മിഷന്‍ എത്ര ശതമാനമുള്ളവയായിരുന്നാലും കാഴ്ച മറയ്ക്കുന്ന യാതൊരു തരത്തിലുള്ള കറുത്ത ഫിലിമുകളോ മറ്റ് പദാര്‍ത്ഥങ്ങളോ ഒട്ടിക്കുന്നത് 2012 മെയ് നാലു മുതല്‍ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവായിരുന്നു. സുപ്രീംകോടതി വിധി സംസ്ഥാനത്തുടനീളം നടപ്പില്‍ വരുത്തുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത കമ്മീഷണര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി വിധി നിലവില്‍ വന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും, സംസ്ഥാനത്ത് ഓടുന്ന പല വാഹനങ്ങളുടെയും വിന്‍ഡ് സ്‌ക്രീനിലേയും വിന്‍ഡോകളിലേയും സേഫ്റ്റി ഗ്ലാസ്സുകളില്‍ കറുത്ത ഫിലിം ഒട്ടിച്ചിട്ടുള്ളതായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
Discussion about this post