
തിരുവനന്തപുരം: ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ജൈവ കീടനാശിനിയിലൂടെ വാഴകളില്‍ നടത്തിയ തടപ്പുഴു നിയന്ത്രണ പരീക്ഷണത്തിന്റെ വിജയാഘോഷത്തിന്റേയും വിളവെടുപ്പ് മഹോത്സവത്തിന്റേയും ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ നിര്‍വഹിച്ചു. ജൈവകൃഷി സമ്പ്രദായവും ജൈവകീടനാശിനി പ്രയോഗവും വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കിഴങ്ങ്‌വര്‍ഗ്ഗ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ജൈവ കീടനാശിനിയായ ‘മേന്മ & നന്മ’ ഇക്കാര്യത്തില്‍ ശ്രദ്ധേയമായ കാല്‍വെയ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വിപണനസാദ്ധ്യതകള്‍ ആരായുന്നതിനും കര്‍ഷകരിലെത്തിക്കുന്നതിനും വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പളളിച്ചല്‍ സംഘമൈത്രി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. ജൈവകീടനാശിനികളുടെ അവലോകനം സി.റ്റി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.എ. ജയപ്രകാശും പളളിച്ചല്‍ ആര്‍.കെ.വി.വൈ. പ്രോജക്ടിന്റെ മൂല്യനിര്‍ണ്ണയം ഡോ. സി.കെ. പീതാംബരനും നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍ കര്‍ഷകര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. സി.റ്റി.സി.ആറിനുളള ഉപഹാരം ഡയറക്ടര്‍ എസ്.കെ. ചക്രവര്‍ത്തിയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സമ്മാനിച്ചു. വിളവെടുപ്പ് മഹോത്സവത്തോടനുബന്ധിച്ച് കര്‍ഷക പ്രതിനിധികള്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് വാഴക്കുല സ്‌നേഹോപഹാരമായി നല്‍കി. കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍. അജിത് കുമാര്‍, ദൂരദര്‍ശന്‍ ന്യൂസ് ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന്‍ ഡോ. സ്വരൂപ് ജോണ്‍, പി.വി. ബാലചന്ദ്രന്‍, ഡോ. കെ. പ്രതാപന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പള്ളിച്ചല്‍ സതീഷ്, മല്ലികാദാസ്, കര്‍ഷകസംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ), സംഘമൈത്രി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Discussion about this post