ആലുവ: അമ്പാട്ടുകാവ് തുരങ്കപ്പാതയുടെ നിര്‍മാണത്തിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതുജീവന്‍. തുരങ്കപ്പാതയ്ക്ക് പറ്റിയ സ്ഥലം കണ്ടെത്തുന്നതിനായി കെ.എം.ആര്‍.എല്‍, ഡി.എം.ആര്‍.സി. അധികൃതരുടെ സംയുക്ത പരിശോധന അമ്പാട്ടുകാവില്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷേയ്ക്ക് പരീത് അറിയിച്ചു. 26ന് മുന്‍പ് സ്ഥലത്ത് പരിശോധന നടത്തും.മെട്രോ വില്ലേജിനുകൂടി കണ്ടെത്തിയ സ്ഥലമായതിനാലാണ് തുരങ്കപ്പാത നിര്‍മിക്കുന്ന കാര്യം പരിഗണിക്കുന്നത്. തീവണ്ടിപ്പാളം നെടുകെ വന്നതു മൂലം ഒറ്റപ്പെട്ടുപോയ നിരവധി കുടുംബങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു അടിപ്പാത. റെയില്‍വെ പാതയ്ക്ക് ഇരു ഭാഗത്തും കൊടും വളവുകളുള്ള ഭാഗമാണ് അമ്പാട്ടുകാവ് പ്രദേശം. ട്രാക്കില്‍ കയറിനിന്നാല്‍ പോലും ട്രെയിന്‍ അടുത്തെത്തിയാലേ കാണാന്‍ കഴിയൂ. അതിനാല്‍ നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ അടിപ്പാത നിര്‍മിക്കാനുള്ള അനുമതിക്കായി ശ്രമം ആരംഭിച്ചത്.
1.26 കോടി രൂപയുടെ എസ്റ്റിമേറ്റിന് റെയില്‍വെ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി 78 ലക്ഷം രൂപയോളം റെയില്‍വെയില്‍ അടച്ചിരുന്നു. എസ്റ്റിമേറ്റിലെ ബാക്കി തുക എം.പി, എം.എല്‍.എ. എന്നിവരുടെ ഫണ്ടില്‍ നിന്ന് ലഭ്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മെട്രോ റെയിലിന്റെ വരവ്. തുരങ്കപ്പാത നിര്‍മാണം ഇതോടെ ആശങ്കയിലാകുകയായിരുന്നു. തുരങ്കപ്പാത കര്‍മ സമിതി ചെയര്‍മാന്‍ മുഹമ്മദ് ഷിയാസ്, കണ്‍വീനര്‍ കെ. അലിയാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post