കൊച്ചി: അഞ്ചുദിവസമായി തിമിര്‍ത്തുപെയ്യുന്ന തോരാമഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. മൂവാറ്റുപുഴ കാളിയാര്‍ പുഴയില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ആയവന കടുമ്പിടിപാറപ്പുഴയില്‍ വേലായുധന്റെ ഭാര്യ കാര്‍ത്യായനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭൂതത്താന്‍കെട്ട് ഡാം തുറന്നുവിട്ടതോടെ പെരിയാറിലെ ജലനിരപ്പും ഉയര്‍ന്നു. പെരിയാറിനു കുറുകെ ഏലൂര്‍ പാതാളത്ത് സ്ഥാപിച്ച താല്‍ക്കാലിക ബണ്ട് തകര്‍ന്നു. ആലുവ ശിവരാത്രി മണപ്പുറത്തും ശിവക്ഷേത്രത്തിലും വെള്ളംകയറി. ഭൂതത്താന്‍കെട്ട് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തിങ്കളാഴ്ച 15 ഷട്ടറുകളില്‍ ഒമ്പതെണ്ണം ഉയര്‍ത്തിയിരുന്നു. തകരാറിലായ ബാക്കിയുള്ളവ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പെരുമ്പാവൂര്‍ എഎം റോഡില്‍ കുറുപ്പംപടി മുടിക്കരായിയില്‍ വെള്ളക്കെട്ടായി. സെന്റ് റീത്താസ് എല്‍പി സ്കൂളിനു മുന്നിലാണിത്. മഴവെള്ളം ഒഴുകിയിരുന്ന തോട് അടച്ച് സ്വകാര്യവ്യക്തി മതില്‍ കെട്ടിയതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. കനത്ത മഴയില്‍ തൃപ്പൂണിത്തുറ പാമ്പാടിത്താഴം കോളനിയിലെ 18 വീടുകളില്‍ വെള്ളം കയറി. തൃപ്പൂണിത്തുറ നഗരസഭ എട്ടാം വാര്‍ഡ് പുലിയന്നൂരിലെ കോളനിയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിശാലമായ പാടശേഖരങ്ങളും ചെറിയ തോടുകളും കുളങ്ങളും വ്യാപകമായി നികത്തിയതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. വര്‍ഷങ്ങളായി നെല്‍ക്കൃഷി ചെയ്തിരുന്ന പാടശേഖരങ്ങള്‍ സ്വകാര്യവ്യക്തികള്‍ പലയിടങ്ങളിലും കരക്കൃഷിക്കും വ്യവസായങ്ങള്‍ക്കുമായി നികത്തിയതും മഴക്കാലത്ത് തിരിച്ചടിയായി. കോതമംഗലം താലൂക്കിലെ വിവിധ ഇടങ്ങളില്‍ വെള്ളം കയറി ഗതാഗതം നിലച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ മുണ്ടുപാലം, കോതമംഗലം തങ്കളം ബൈപ്പാസ്, പൂയംകുട്ടി മണികണ്ഠന്‍ ചപ്പാത്ത് എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലായി. മലയാറ്റൂര്‍ കൊറ്റമം വറുതാപ്പിള്ളി പാടത്തെ 25 വീടുകളില്‍ വെള്ളം കയറി. പറവൂര്‍ താലൂക്കില്‍ പുനരധിവാസ ക്യാമ്പ് തുറന്നു. വെളിയത്തുനാട് എംഐവിപി സ്കൂളില്‍ ആദ്യക്യാമ്പ് തുറന്നു. കരുമാലൂര്‍ വെളിയത്തുനാട് പരുവക്കാട് പ്രദേശത്തെ 21 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഉദയംപേരൂര്‍ പഞ്ചായത്തിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധിപ്പേരുടെ കാര്‍ഷികവിളകള്‍ നശിച്ചു.

Discussion about this post