അധ്യായം – 1
ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)

“കര്‍ണധാരം ഗുരും പ്രാപ്യ” എന്നുള്ള ആപ്‌തവാക്യം ഗുരുവിന്റെ ചുമതലയേയും ഉത്തരവാദിത്തത്തേയും വ്യക്തമാക്കുന്നു. “ഗുരൂണാം ച ഹിതേ യുക്തഃ തത്ര സംവത്സരം വസേത്” – ഗുരുവിന്റെ സംരക്ഷണത്തില്‍ ഗുരുസേവ ചെയ്‌തുകൊണ്ട് ഗുരുസാന്നിദ്ധ്യത്തിനും സാമീപ്യത്തിനുമുള്ള പ്രാധാന്യത്തെ എടുത്തുകാണിക്കുന്ന ആപ്‌തവചനങ്ങള്‍ ധാരാളമുണ്ട്.
“ഗുരുര്‍ ബ്രഹ്മ” എന്നുതുടങ്ങി “ഗുരുരേവ ജഗത് സര്‍വം” എന്നീപ്രകാരം അറിയുന്നതിനുള്ള ആത്മബോധം ഗുരുത്വം കൊണ്ടുമാത്രമേ സാധിക്കുന്നുള്ളൂ. നിരാകാരവും സാകാരവുമായ സങ്കല്‌പങ്ങളെ കൂട്ടിയിണക്കുന്ന ഏകതന്തു ഗുരുമാത്രമാണ്. ശരീരം കൊണ്ട് അഭിവ്യക്തമാകുന്ന വ്യക്തിത്വം സാകാരഭാവത്തേയും എന്നാല്‍ അതില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മബോധം നിരാകാരവും നിഷ്‌കളവുമായ ആത്മസമത്തേയും വ്യഞ്‌ജിപ്പിക്കുന്നു. അതുമൂലം നിരാകാരബ്രഹ്മത്തെ സാകാരമായ പ്രകൃതിയിലൂടെ അനുഭൂത്യാത്മകമാക്കുന്നതിന് ഗുരുവിലൂടെയാണ് കഴിയുന്നതെന്ന് സ്‌പഷ്‌ടമാകുന്നു. സമൂഹത്തിന് അധ്യാത്മവിദ്യ നല്‍കുന്ന സാകാരസ്വരൂപമായ ഗുരുതന്നെയാണ് ചോതകഗുരു. ബോധകഗുരു, മോക്ഷദഗുരു എന്നീ വ്യത്യസ്‌തതലങ്ങളിലൂടെ സ്ഥാനം വഹിക്കുന്നത്. സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയും ധര്‍മോന്മുഖമായ സമീപനവും മഹാഗുരുക്കന്മാരുടെ സംഭാവനയാണെന്നുള്ളതിന് മതിയായ തെളിവുകള്‍ മഹാഗ്രന്ഥങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട്. ചോദകഗുരുത്വം സമൂഹത്തിന്റെ ആകമാനമുള്ള ഉത്തരവാദിത്തം പങ്കിട്ടെടുത്തിരുന്നു. ഒരു വ്യക്തി മറ്റൊരു വ്യക്തിക്കോ അനന്തരതലമുറയ്‌ക്കോ നല്‍കുന്ന ഉപദേശം വൈരുദ്ധ്യാത്മകമോ സ്വാര്‍ത്ഥപരമോ ആയി തീരുന്നില്ല. ചോദകഗുരുത്വംകൊണ്ട്, സമൂഹത്തില്‍ ധാര്‍മികമായി സമതുലിതമായ ഒരവസ്ഥ സൂക്ഷിക്കുന്നതിന് കഴിഞ്ഞിരുന്നു. ബോധനംകൊണ്ട് സംശയനിവാരണം വരുത്തിയും വിരുദ്ധചിന്തകളും വിദ്വേഷങ്ങളും ദൂരികരിച്ച് വ്യക്തികളെ പക്വമതികളാക്കി സമൂഹത്തിന്റെ ഘടനയില്‍ ഇണക്കി ച്ചേര്‍ത്തിരുന്നു. ബോധകഗുരുവിന്റെ ചുമതല പക്വമതികളെ സൃഷ്‌ടിക്കുമ്പോള്‍ മോക്ഷദഗുരു പരമമായ ആത്മതത്ത്വം പകര്‍ന്നുകൊടുക്കുന്നു. ചോദകന്‍ മാര്‍ഗംചൂണ്ടികാണിക്കുകയും ബോധകന്‍ സ്ഥാനനിര്‍ദ്ദേശം ചെയ്യുകുയും മോക്ഷദന്‍ ജ്ഞാനതത്ത്വം പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
ഭാരതത്തിലെ കുടുംബങ്ങളില്‍ പഞ്ചഗുരുക്കന്മാരെന്ന സമ്പ്രദായവും പണ്ടു നിലനിന്നിരുന്നു. അച്ഛനമ്മമാര്‍, ജ്യേഷ്‌ഠസഹോദരന്‍, അമ്മാവന്‍, കുലഗുരു എന്നിപ്രകാരം സമൂഹത്തെ നിയന്ത്രിക്കുന്നതിനാവശ്യമായ വ്യവസ്ഥ കുടുംബത്തില്‍ വളര്‍ത്തിയെടുത്തിരുന്നു. ചരിത്രപരവും രാഷ്‌ട്രീയവുമായ അധഃപതനം സംഭവിച്ചുവെങ്കിലും ഗുരുസങ്കല്‌പവും ഗുരുത്വവും അക്ഷയഭാസ്സോടെ ഇന്നും ഭാരതത്തില്‍ പ്രസരിക്കുന്നുണ്ട്.
പ്രപഞ്ചരഹസ്യങ്ങളറിയുന്നതില്‍ ആത്മനിഷ്‌ഠമായ അന്വേഷണത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നത് ഭാരതത്തിലെ യോഗവേദാന്ത ശാസ്‌ത്രങ്ങളാണ്. പ്രപഞ്ചത്തിന്റെ വ്യാപ്‌തിയും വൈവിധ്യങ്ങളും ആത്മസ്ഥമാണെന്നറിയുവാനും തന്നില്‍നിന്നന്യമായി ഒന്നും അവശേഷിക്കുന്നില്ലെന്ന് സിദ്ധാന്തിക്കുവാനും കഴിയുന്ന അപ്രമേയപദവി വ്യവഹാരമണ്ഡലത്തെ അതിജീവിച്ച് അത്യുല്‍കൃഷ്‌ടപദവി ആര്‍ജ്ജിച്ചിരിക്കുന്നു. അവിനാശിയും സത്യവുമാണ് ബ്രഹ്മം എന്നറിയുന്ന പുരുഷനെ പ്രപഞ്ചപാശം ബന്ധിക്കുന്നില്ലെന്ന് ഉപനിഷത്തുകള്‍ ഘോഷിക്കുന്നു. പ്രപഞ്ചപാശവിച്ഛേദം ജ്ഞാനഖഡ്‌ഗം കൊണ്ടുമാത്രമേ സാധ്യമാകുകയുള്ളൂ.
“പുണ്യfപുണ്യ പശും ഹത്വാ ജ്ഞാനഖഡ്‌ഗേന യോഗവിത്” എന്ന് രുദ്രയാമളം ആധികാരികപ്രസ്‌താവന നടത്തിയിട്ടുള്ളത് തീര്‍ത്തും തത്ത്വചിന്താപരമായിത്തന്നെയാണ്. പശു അജ്ഞാനത്തെ സൂചിപ്പിക്കുന്നു. പുണ്യമെന്നും അപുണ്യമെന്നും പറയുന്ന ദൈ്വതഭാവമാണ് പശുത്വം. ജ്ഞാനഖഡ്‌ഗം കൊണ്ട് യോഗവിത്തായുള്ളവന്‍ അജ്ഞാനമെന്ന പശുവിനെ കൊലചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്. തെറ്റിദ്ധാരണ ഉളവാക്കുന്ന പശുഹത്യ ആചാര്യമതത്തിന് വിപരീതവും വേദവാക്യവിദ്ധ്വംസനവുമാണ്. ഫലം ഹീനമായ പാപവൃത്തിയില്‍ കലാശിക്കുന്നു.
ശാസ്‌ത്രനിരൂപണത്തിലൂടെ മതം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ അനിഷേധ്യമായ നിയമങ്ങളിലൂടെ ശാസ്‌ത്രവിദിതമായ അറിവ് ഗുരുക്കന്മാരുടെ ദര്‍ശനത്തില്‍നിന്നുമാത്രമേ സിദ്ധിക്കുന്നുള്ളൂ. മതത്തിനും ശാസ്‌ത്രത്തിനും വിരുദ്ധമല്ലാത്ത ദര്‍ശനസാമര്‍ത്ഥ്യം മഹാഗുരുക്കന്മാര്‍ മാത്രമാണ് കാഴ്‌ചവച്ചിട്ടുള്ളത്. ഭൗതികചിന്താമണ്ഡലത്തെ വസ്‌തുനിഷ്‌ഠമായി അപഗ്രഥിക്കുന്ന ശാസ്‌ത്രം വഴിമുട്ടിനില്‍ക്കുന്നിടത്തുനിന്നും വെളിച്ചം പകരുന്നതിന് ഭാരതത്തിലെ ആചാര്യമതത്തിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. മതവും ശാസ്‌ത്രവും മനുഷ്യത്വത്തിന് വിധേയമായിരിക്കണമെന്ന നിര്‍ദ്ദേശം, പ്രത്യയശാസ്‌ത്രങ്ങള്‍ക്കോ വിരുദ്ധചിന്താപദ്ധതികള്‍ക്കോ നിഷേധിക്കാനാവില്ല. ഗുരുത്വം, ഗുരു എന്നീ തത്ത്വങ്ങള്‍ ഗഹനമായി ചര്‍ച്ചചെയ്യപ്പെടാനും ഉത്തരം കണ്ടെത്താനുമുള്ള പരിശ്രമം ഇനിയും നടത്തേണ്ടിയിരിക്കുന്നു. അലക്ഷ്യമായ ജീവിതത്തിന്റെ ഭാഗവാഞ്ചയില്‍ അമിതാസക്തി പൂണ്ട ലോകത്തിന് ആശ്വാസം പകരുന്നതിന് മേല്‍പ്പറഞ്ഞ പരിശ്രമം രോഗിക്ക് സിദ്ധൗഷധം പോലെ ആശ്വാസകരമായിരിക്കും. (തുടരും)
Discussion about this post