കൊച്ചി: കയറും കയര്‍ ഉത്പന്നങ്ങളും ഒഴികെയുള്ള നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം 1,000 കോടി കവിഞ്ഞതായി നാളികേര വികസന ബോര്‍ഡ് അറിയിച്ചു. രാജ്യത്തെ മൊത്തം കയറ്റുമതിയില്‍ 2012-13 വര്‍ഷത്തില്‍ ഇടിവുണ്ടായെങ്കിലും നാളികേര കയറ്റുമതിമേഖല ശക്തി തെളിയിച്ച് 1,050 കോടി രൂപയുടെ കയറ്റുമതി മൂല്യം നേടി കേരോത്പന്ന കയറ്റുമതിയില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു.
കയറ്റുമതി മൂല്യത്തില്‍ 2011-12 വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധന. കയറ്റുമതി ചെയ്ത ഉത്പന്നങ്ങളുടെ തോത് 32 ശതമാനം കൂടി. ചിരട്ടക്കരിയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഉത്തേജിത കാര്‍ബണ്‍ കയറ്റുമതിയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 550 കോടിയാണ് ഇങ്ങനെ നേടിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തേജിത കാര്‍ബണ്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ചിരട്ടയുടെ ഉയര്‍ന്ന ഗുണനിലവാരവും ഉത്പാദനത്തിലെ സാങ്കേതിക മികവും ഇന്ത്യന്‍ ഉത്തേജിത കാര്‍ബണിനെ ആഗോള വിപണിക്കു പ്രിയങ്കരമാക്കുന്നു.
നാളികേര വികസന ബോര്‍ഡ് 2009-10 വര്‍ഷത്തില്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൌണ്‍സില്‍ ആയതു മുതല്‍ നാളികേര ഉല്‍പന്ന കയറ്റുമതിയില്‍ സ്ഥിരമായ വളര്‍ച്ച നേടാന്‍ കഴിയുന്നുണ്ട്. 2009-10 മുതല്‍ 2012-13 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതിയിലുണ്ടായ ശരാശരി വളര്‍ച്ച 35 ശതമാനമാണ്. 12-ാം പദ്ധതിയുടെ അവസാന വര്‍ഷത്തില്‍ (2017-18) നാളികേര ഉത്പന്ന കയറ്റുമതി 5,000 കോടി രൂപയാണു ബോര്‍ഡ് ലക്ഷ്യമിടുന്നത്.
Discussion about this post