തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഈ വര്‍ഷത്തെ ജനസമ്പര്‍ക്ക പരിപാടി ആഗസ്റ്റ് 12-ന് തിരുവനന്തപുരത്ത് ആരംഭിക്കും. ജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജനസമ്പര്‍ക്കപരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 11-ന് കോട്ടയത്താണ് പരിപാടി സമാപിക്കുക. ഓരോ ജില്ലകളിലെയും ജനസമ്പര്‍ക്കപരിപാടിയുടെ തീയതി ഇനിപ്പറയും പ്രകാരമാണ്. തിരുവനന്തപുരം – ആഗസ്റ്റ് 12, മലപ്പുറം – ആഗസ്റ്റ് – 17, ആലപ്പുഴ – ആഗസ്റ്റ് 20, വയനാട് – ആഗസ്റ്റ് – 26, കാസര്‍ഗോഡ് – ആഗസ്റ്റ് – 30, എറണാകുളം – സെപ്തംബര്‍ രണ്ട്, കോഴിക്കോട്, സെപ്തംബര്‍ ആറ്, പത്തനംതിട്ട – സെപ്തംബര്‍ ഒന്‍പത്, പാലക്കാട് – സെപ്തംബര്‍ 26, കൊല്ലം – സെപ്തംബര്‍ 30, കണ്ണൂര്‍ – ഒക്ടോബര്‍ നാല്, ഇടുക്കി- ഒക്ടോബര്‍ എട്ട്, കോട്ടയം – ഒക്ടോബര്‍ 11. പതിവില്‍നിന്ന് വ്യത്യസ്തമായി വമ്പിച്ച ജനകൂട്ടമോ, നീണ്ട ക്യൂവോ രോഗികളുടെ കാത്തുനില്‍പ്പോ ഉണ്ടാവാത്തതരത്തിലാണ് ഇക്കുറി ജനസമ്പര്‍ക്ക പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
പരാതികള്‍ ആദ്യം ജില്ലാ തലത്തില്‍ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കും. മുഖ്യമന്ത്രി നേരില്‍ക്കണ്ട് തീരുമാനമെടുക്കേണ്ട പരാതിക്കാരെ മാത്രം മുന്‍കൂട്ടി സമയം നല്‍കി ജനസമ്പര്‍ക്ക ദിനത്തില്‍ വിളിച്ചുവരുത്തും. ഓരോ സ്ഥലത്തേയും പരിപാടിയുടെ 30 ദിവസം മുമ്പ് വരെ പരാതി സമര്‍പ്പിക്കാം. അതതുദിവസം തന്നെ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥന് പരാതി കൈമാറും. ഇതിന്മേല്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. ജനസമ്പര്‍ക്ക പരിപാടിയ്ക്ക്കുറഞ്ഞത് പത്ത് ദിവസം മുമ്പ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി ചേരും. ഒപ്പം മുഖ്യമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സുമുണ്ടാകും. അവിടെയും പരിഹരിക്കാനാവാത്ത വിഷയങ്ങള്‍ മാത്രമേ മുഖ്യമന്ത്രിക്കുമുന്നിലെത്തിക്കൂ. അക്ഷയാസെന്ററുകളിലൂടെയാണ് പ്രധാനമായും പരാതികള്‍ സ്വീകരിക്കുന്നത്. താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റുകളിലും പരാതി നല്‍കാം. ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറുപയോഗിച്ചും പരാതി സമര്‍പ്പിക്കാന്‍ കഴിയും. ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് പരാതികള്‍ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഒരു വെബ്‌പോര്‍ട്ടല്‍ രൂപീകരിക്കും. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിക്കുന്ന പരാതികള്‍ ഓണ്‍ലൈനായി ഈ വെബ് പോര്‍ട്ടല്‍വഴി എത്തും. അക്ഷയാ സെന്ററുകളിലൂടെ പരാതി സമര്‍പ്പിക്കുന്നതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും. വ്യാജപരാതികള്‍ ഒഴിവാക്കാനുള്ള സംവിധാനം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമര്‍പ്പിച്ചുകഴിയുമ്പോള്‍ ലഭിക്കുന്ന ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച് പിന്നീട് പരാതിയുടെ വിവരങ്ങള്‍ മനസിലാക്കാം. എല്ലാ ജില്ലാതല ഓഫീസര്‍മാര്‍ക്കും റവന്യൂവകുപ്പിലെ തഹസില്‍ദാര്‍മാര്‍ക്കും ജനസമ്പര്‍ക്ക വെബ്‌പോര്‍ട്ടലില്‍ ഒരു യൂസര്‍ അക്കൗണ്ട് ഉണ്ടായിരിക്കും.
എല്ലാ ദിവസവും വൈകിട്ട് ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാ സെല്ലില്‍ നിന്നും ജില്ലാ ഓഫീസര്‍മാരുടെ അക്കൗണ്ടിലേക്ക് പരാതി ഓണ്‍ലൈനിലൂടെത്തന്നെ കൈമാറും. പരാതിയെപ്പറ്റി അന്വേഷിച്ച് പതിനഞ്ച് ദിവസത്തിനകം നിജസ്ഥിതി ജില്ലാ ഓഫീസര്‍ കളക്ടറേറ്റിലെ ജനസമ്പര്‍ക്ക സെല്ലില്‍ ഓണ്‍ലൈനിലൂടെ അറിയിക്കും. തുടര്‍ന്നുള്ള അഞ്ച് ദിവസത്തിനുള്ളില്‍ കളക്ടര്‍മാര്‍ പരാതികളിന്മേല്‍ അവരുടെ ശുപാര്‍ശ/റിപ്പോര്‍ട്ട് രേഖപ്പെടുത്തണം. ജനസമ്പര്‍ക്ക പരിപാടിക്ക് കുറഞ്ഞത് പത്ത് ദിവസം മുമ്പ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ കൂടുന്ന സ്‌ക്രീനിങ് കമ്മിറ്റിയിലെ വിവരങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രിയെ ധരിപ്പിക്കും. പൊതുവായിവരുന്ന വിഷയങ്ങള്‍, നയപരമായ കാര്യങ്ങള്‍, മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്നതോ, മന്ത്രിസഭയില്‍ തീരുമാനിക്കേണ്ടതോ ആയ പരാതികള്‍ എന്നിവ വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. മുഖ്യമന്ത്രി പരാതിക്കാരനെ നേരിട്ട് കാണേണ്ട പരാതികളും ഈ കമ്മിറ്റിതന്നെ തീരുമാനിക്കും. മന്ത്രിസഭയുടെ/നയപരമായ തീരുമാനങ്ങള്‍ ആവശ്യമുള്ളവ സ്‌ക്രീനിങ് കമ്മിറ്റി കഴിഞ്ഞ് അടുത്തുചേരുന്ന മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ച് തീരുമാനമെടുക്കും. സ്‌ക്രീനിങ് കമ്മിറ്റി കഴിയുമ്പോള്‍ പരാതികളിന്‍മേലുള്ള തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. എസ്.എം.എസ് വഴി ഇത് പരാതിക്കാരെ അറിയിക്കും. ഓണ്‍ലൈനിലും വിവരങ്ങള്‍ ലഭിക്കും. ജനസമ്പര്‍ക്ക പരിപാടിയുടെ ദിവസം മുഖ്യമന്ത്രിയെ കണേണ്ടവരെ യഥാക്രമം എസ്.എം.എസിലൂടെയും വെബ്‌സൈറ്റിലൂടെയും അറിയിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി/ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍/സൗകര്യമുള്ള മറ്റുമന്ത്രിമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
രാവിലെ ഒന്‍പതു മണിക്കാരാംഭിക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് ഉദ്ഘാടന സമ്മേളനം ഉണ്ടായിരിക്കില്ല. സമയക്രമം അനുസരിച്ച് പരാതിക്കാരെ വിളിക്കുകയും തീര്‍പ്പാക്കുന്ന വിഷയങ്ങള്‍ അപ്പോള്‍തന്നെ അറിയിക്കുകയും ഓണ്‍ലൈനില്‍ രേഖപ്പെടുത്തുകയും ചെയ്യും. മുന്‍കൂട്ടി സമയം അനുവദിച്ച് നല്‍കപ്പെട്ടിട്ടുളളവര്‍ക്കാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതെങ്കിലും നേരിട്ട് പരാതിയുമായി വരുന്ന മറ്റുള്ളവരെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കണ്ട് പരാതി സ്വീകരിക്കും.













Discussion about this post