പത്തനംതിട്ട: സോളാര്‍ വിവാദക്കേസില്‍ അറസ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പി.എ ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജോപ്പന് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ ഇടയാകുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെയോ ജില്ലാ കോടതിയെയോ സമീപിക്കുമെന്ന് ജോപ്പന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കോന്നി മല്ലേലില്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ കോന്നി മല്ലേലില്‍ ശ്രീധരന്‍നായര്‍ കോന്നി പോലീസ് സ്റേഷനില്‍ നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു ജോപ്പനെ അറസ്റ്റു ചെയ്തത്. പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍ പ്ളാന്‍റ് സ്ഥാപിക്കാനായി 2012 മേയ് മാസത്തില്‍ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്നു ശ്രീധരന്‍ നായരില്‍നിന്നു 40 ലക്ഷം രൂപ വാങ്ങിയിരുന്നു. കൂടുതല്‍ വിശ്വാസ്യത ലഭിക്കാന്‍ സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശ്രീധരന്‍ നായരെ കൊണ്ടുപോയി ടെന്നി ജോപ്പനെ കണ്ടു സംസാരിച്ചിരുന്നു. ജോപ്പനുമായുള്ള ഇടപെടലുകള്‍ക്ക് ഒടുവിലാണ് 40 ലക്ഷം രൂപ മൂന്നു ബാങ്ക് ചെക്കുകളായി സരിതയ്ക്കു നല്കിയത്.
Discussion about this post