കോഴിക്കോട്: കേരളത്തിലാദ്യമായി സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ചരിത്രത്തിലേക്ക്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ആറു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ ഇരട്ടകളിലൊന്നിനെ ജീവനോടെ വേര്‍പെടുത്തിയെടുത്തത്. കഴിഞ്ഞ 21 ന് ആയിരുന്നു മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പാണ്ടിക്കാട് വള്ളുവങ്ങാട് വടക്കാങ്ങര സുകുമരന്റെ ഭാര്യ സുചിത്ര സയാമീസ് ഇരട്ടകളെ പ്രസവിച്ചത്. അരക്കെട്ടും ഇടുപ്പെല്ലുകളും ചേര്‍ന്ന് നാലുകാലുകള്‍ ഉണടെന്ന് തോന്നിപ്പിക്കും വിധം രണ്ട് പെണ്‍കുട്ടികളായിരുന്നു അത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ ഇത്തരത്തിലുള്ള ജനനങ്ങള്‍ ഉണ്ടാകാറുള്ളുവെന്നു ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ പീഡിയാട്രിക് വിഭാഗം ഡോക്ടര്‍മാരായ ഡോ. പ്രതാപ് സോമനാഥ്, ഡോ. മാത്തന്‍ പി. ജോര്‍ജ് എന്നിവര്‍ അറിയിച്ചു. സാധാരണ സയാമീസ് ഇരട്ടകള്‍ കാണുന്നത് നെഞ്ചും വയറും ചേര്‍ന്നു നില്‍ക്കുന്ന രൂപത്തിലായിരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം വേര്‍പെടുത്തിയ ഈ കുട്ടികള്‍ ‘ഇസ്ക്യു ബട്ടെക്സ്’ എന്ന പ്രത്യക വിഭാഗത്തിലാണ് ഉള്‍പ്പടുന്നത്. പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്തരത്തിലുള്ള ജനനം കാണാറുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സയാമീസ് ഇരട്ടകളില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. രണ്ടു കുട്ടികള്‍ക്കും കൂടി അവയവങ്ങള്‍ ഒന്നു മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയുടെ ഹൃദയത്തിന് ഒരറയും, ശ്വാസ കോശത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയുമായിരുന്നു.രണ്ടുകുട്ടികളുടെയും ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും അത് കൂടുതല്‍ അപകടമാകുമായിരുന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ഒരു കുട്ടിയുടെ ജീവന്‍ മാത്രം മുന്നില്‍ കണ്ട് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു തുടക്കമിട്ടത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. വൈകിട്ടോടെ കുഞ്ഞ് കൈകാലിട്ടനക്കുകയും കണ്ണുതുറക്കുകയും കരയുകയും ചെയ്തു. മുമ്പ് 2003 ല്‍ ആയിരുന്നു ഇതിനു മുമ്പ് ഇത്തരത്തിലൊരു ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നത്. എന്നാല്‍ അന്ന് രണ്ടു പേരെയും രക്ഷിക്കാനായില്ല. പീഡിയാട്രിക്, അനസ്തേഷ്യ, ന്യൂറോ സര്‍ജറി എന്നീ വിഭാഗങ്ങളിലെ 15 ഓളം ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു അതി സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. വീടു പണിയുന്നതിനായി നീക്കിവച്ചിരുന്ന പണമാണ് സുകുമാരനും സുചിത്രയും ശസ്ത്രക്രിയക്കായി ചെലവഴിച്ചത്. തുടര്‍ ചികിത്സകള്‍ക്കായി ഇനി സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണീ ദമ്പതികള്‍.













Discussion about this post