കൊച്ചി: പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ മൂത്ത സഹോദരിയും ഫ്രാ ന്‍സിസ്കന്‍ ക്ളാരിസ്റ് സഭാംഗവുമായ സിസ്റര്‍ ഇന്‍ഫന്റ് ട്രീസ (80) നിര്യാതയായി. ഇന്നലെ രാത്രി 9.20ന് എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് കഴിഞ്ഞ 25നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സിസ്ററിന്റെ ആരോഗ്യനില ഇന്നലെ ഉച്ചയോടെ മോശമായി.
എഫ്സിസി പ്രൊവന്‍ഷ്യല്‍ സിസ്റര്‍ ആനീസ് വള്ളിപ്പാലം, സിസ്റര്‍ സുപ്പീരിയര്‍ ലിയ തുടങ്ങിയവര്‍ മരണസമയത്ത് അടുത്തുണ്ടായിരുന്നു. എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത്, മന്ത്രി കെ. ബാബു എന്നിവര്‍ ആശുപത്രിയിലെത്തി. മൃതദേഹം ലിസി ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച ഉച്ചയ്ക്ക് മൃതദേഹം പട്ടണക്കാട് സെന്റ് ജോസഫ് കോണ്‍വന്റിലേക്കു കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച മൂന്നിനു കുന്നുപുറം പള്ളിയില്‍ നട ത്തും. ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ് സഭയുടെ എറണാകുളം പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും കൌണ്‍സിലറുമായി ദീര്‍ഘകാലം സേവനം ചെയ്ത സിസ്റര്‍ ഇന്‍ഫന്റ് ട്രീസ അങ്കമാലി ഹോളി ഫാമിലി ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപികയുമായിരുന്നു. ചങ്ങനാശേരി എസ്ബി കോളജില്‍ നിന്ന് ഇംഗ്ളീഷില്‍ ബിഎ ബിരുദം നേടി അങ്കമാലി സ്കൂളില്‍ ഇംഗ്ളീഷും സോഷ്യല്‍ സയന്‍സും പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് അര്‍പ്പിത ജീവിതം സ്വീകരിക്കാന്‍ തീരുമാനി ച്ചത്.
അറയ്ക്കപ്പറമ്പില്‍ പരേതരായ കുര്യന്റെയും ഏലിക്കുട്ടിയുടെയും മകളാണു സിസ്റര്‍ ഇന്‍ഫന്റ് ട്രീസ. മറ്റുസഹോദരങ്ങള്‍: റോസമ്മ കുര്യന്‍ കോളുതറ, കൊച്ചുറാണി തോമസ് (തിരുവനന്തപുരം), എ.കെ. തോമസ് (പാലാ), മേരിക്കുട്ടി ദേവസ്യ (പറവൂര്‍), അഡ്വ. എ.കെ. ജോണ്‍, എ. കെ. ജോസ്.
ചൈനയില്‍ സന്ദര്‍ശനം നടത്തുകയാണ് എ.കെ. ആന്റണി. ഞായറാഴ്ച അദ്ദേഹം നാട്ടിലെത്തും.













Discussion about this post